പുളിങ്കുന്ന്: ഈശോയുടെ മനുഷ്യാവതാര ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടനത്തിന്റെ ഭാഗമായി മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ റീത്താ പുണ്യവതിയുടെ സവിധത്തിലേക്ക് അനേകം വർഷങ്ങളായി തിരുന്നാളിനോട് അനുബന്ധിച്ച് നടത്തിവരുന്ന പതിനാറാമത് കണ്ണാടി തീർത്ഥാടനം പുളിങ്കുന്ന് ഫൊറോനായുടെ 16 ഇടവക പള്ളികളിൽ നിന്നും കൊച്ചുകുട്ടികൾ, യുവതി – യുവാക്കൾ, മാതാക്കൾ, പിതാക്കൾ, ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഈ മഹാജൂബിലി വർഷത്തിൽ ഏറ്റവും ഭക്തിയോടെ തീർത്ഥാടന റാലിയിൽ പങ്കെടുക്കും.
പുളിങ്കുന്ന് ഫൊറോനാ പ്പള്ളിയുടെ അങ്കണത്തിൽ മെയ് 16 വെള്ളിയാഴ്ച രാവിലെ 8.30 ന് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയെ തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫൊറോനാ ഡയറക്ടർ റവ. ഫാ. ടോം ആര്യങ്കാലാ ആമുഖ
സന്ദേശം നൽകും.
തുടർന്ന് പുളിങ്കുന്ന് ഫൊറോന വികാരി വെരി.റവ.ഡോ. ടോം പുത്തൻകളം തീർത്ഥാടന റാലി ഫ്ലാഗ് ഓഫ് ചെയ്ത് പിതൃവേദി ഫൊറോന പ്രസിഡന്റ് സണ്ണി അഞ്ചിലിനും മാതൃവേദി ഫൊറോനാ പ്രസിഡന്റ് ബീന ജോസഫിനും പതാക കൈമാറുന്നതോടുകൂടി റാലി ആരംഭിക്കും.
തീർത്ഥാടന റാലിക്ക് മുന്നോടിയായി 16 ഇടവക പള്ളികളിലൂടെ കടന്നുപോകുന്ന വിശുദ്ധ റീത്ത പുണ്യവതിയുടെ ഛായചിത്രവും വഹിച്ചുകൊണ്ടുള്ള ആത്മീയയാത്ര ഏപ്രിൽ 30ന് കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു .
മെയ് ഒന്നിന് വ്യാഴാഴ്ച ലിസ്യു പള്ളി ഇടവകയിൽ മാതൃവേദി – പിതൃവേദി ഭാരവാഹികൾക്ക് കണ്ണാടി പള്ളി വികാരി റവ.ഫാ.കുര്യൻ ചക്കുപുരക്കൽ വിശുദ്ധ റീത്തപുണ്യവതിയുടെ ഛായചിത്രം കൈമാറുന്നതോടുകൂടി ആത്മീയ യാത്ര പ്രയാണം ആരംഭിച്ചു.
തുടർന്ന് ഓരോ ദിവസങ്ങളിലായി
കാവാലം, കേസറിയ, കായൽപുറം, മങ്കൊമ്പ്, വെളിയനാട്, പഴയകാട്ട് , മാമ്പുഴക്കരി, മിത്രക്കരി, രാമങ്കരി, മണലാടി, പള്ളിക്കൂട്ടുമ്മ, വേഴപ്ര, പുന്നക്കുന്നത്തുശ്ശേരി എന്നിവിടങ്ങളിൽ പ്രയാണത്തിനുശേഷം പുളിങ്കുന്ന് ഫൊറോന പള്ളിയിൽ മെയ് 15ന് വ്യാഴാഴ്ച ആത്മീയ യാത്ര സമാപിക്കും.
പതിനാറാം തീയതി നടക്കുന്ന കണ്ണാടി തീർത്ഥാടന റാലിയോടൊപ്പം അതിരൂപത ഭാരവാഹികളായ ജോർജ് തോമസ്, ഗ്രേസി സഖ റിയാസ് നെല്ലിവേലി എന്നിവർ ഛായചിത്രവും വഹിച്ചു കൊണ്ട് കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ എത്തിച്ചേരുമ്പോൾ റവ.ഫാ.കുര്യൻ ചക്കുപുരയ്ക്കൽ, കൈക്കാരന്മാർ, വിവിധ സംഘടനാ ഭാരവാഹികൾ, സ്വാഗതസംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി തീർത്ഥാടന റാലിയെയും ആത്മീയ യാത്രയെയും സ്വീകരിക്കും.
തുടർന്ന് ഫൊറോനാ വികാരിയുടെ മുഖ്യ കാർമികത്വത്തിൽ ഫൊറോനായിലെ 19 വൈദികർ ചേർന്ന് പരിശുദ്ധ കുർബാന അർപ്പിക്കും. ചങ്ങനാശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് സന്ദേശം നൽകുകയും തുടർന്ന് നേർച്ച ഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിക്കും.
പുളിങ്കുന്ന് ഫൊറോന മാതൃവേദി – പിതൃവേദി ആനിമേഷൻ ടീം അംഗങ്ങളു ടെ നേതൃത്വത്തിൽ101 അംഗസ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടക്കുന്നു.