കൊച്ചി: ജനങ്ങൾക്കുമേൽ അമിതഭാരം ഏൽപ്പിച്ചുകൊണ്ടു രാജ്യത്ത് ഇന്ധന വിലവർധന തുടരുന്നു. ബുധനാഴ്ച ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഈ മാസം 23 മുതൽ ഒരാഴ്ചക്കിടെ ഒരു ലിറ്റർ പെട്രോളിന് ആറു രൂപ 10 പൈസയാണ് കൂടിയത്. ഡീസലിന് ഒരാഴ്ചക്കിടെ അഞ്ച് രൂപ 86 പൈസയും കൂടി.
കോഴിക്കോട് ഡീസലിന് 97 രൂപ 61 പൈസയും പെട്രോളിന് 110 രൂപ 58 പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില 109 രൂപ 52 പൈസയും ഡീസൽ 96 രൂപ 69 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 10 പൈസയായി. 99 രൂപ 2 പൈസയായാണ് ഡീസൽ വില.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതാണ് വില വർധനയ്ക്ക് കാരണമെന്നാണ് സർക്കാർ പറയുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിച്ചാലും അസംസ്കൃത എണ്ണവില താഴാൻ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയിൽ വിലവർധന തുടർന്നേക്കുമെന്നുമാണു റിപ്പോർട്ടുകൾ.