പീറ്റർ ഫൗണ്ടേഷൻ്റെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്, പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് മുടങ്ങാതെ ലഭ്യമാക്കാൻ മരിയൻ മെഡിക്കൽ സെന്ററുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകി.
ഇതിൻ്റെ ഭാഗമായി, ഫൗണ്ടേഷൻ രണ്ട് ഡയാലിസിസ് മെഷീനുകൾ മരിയൻ ആശുപത്രിക്ക് കൈമാറി. കഴിഞ്ഞ വർഷം നാല് മെഷീനുകൾ നൽകിയിരുന്നു. കൂടാതെ, ഡയാലിസിസിന് ആവശ്യമായ കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്.
മൊബൈൽ സ്ക്രീനിംഗ് ലാബ്
വൃക്കരോഗം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കാനും തടയാനും ലക്ഷ്യമിട്ട്, പീറ്റർ ഫൗണ്ടേഷൻ ഒരു ‘മൊബൈൽ റീനൽ – കാർഡിയോ മെറ്റാബോളിക്ക് സ്ക്രീനിംഗ്’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ പരിശോധനകൾ നടത്താനായി മൊബൈൽ ലാബ് സംവിധാനമാണ് ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ‘കെയർ & ഷെയർ’ ചാരിറ്റബിൾ സംഘടന, ചെമ്പ്‌ളാവില്‍ ഫൗണ്ടേഷൻ, തൃശ്ശൂർ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി എന്നിവരുമായി സഹകരിച്ചാണ് ഈ മൊബൈൽ സ്ക്രീനിംഗ് പദ്ധതി നടപ്പിലാക്കുന്നത്.
ഉദ്ഘാടനം
പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും വെഞ്ചരിപ്പും 2025 നവംബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മരിയൻ മെഡിക്കൽ സെൻ്ററിൽ വെച്ച് നടക്കും. പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ജോസഫ് തടത്തിൽ ചടങ്ങ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ മീഡിയ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിക്ക് നേതൃത്വം നൽകിയവർ
പീറ്റർ ഫൗണ്ടേഷൻ ഭാരവാഹികളായ തോമസ് പീറ്റർ വെട്ടുകല്ലേൽ, കിഡ്നി ഫെഡറേഷൻ സംസ്ഥാന കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ദീപു പീറ്റർ തോമസ് എന്നിവരും, ആശുപത്രി അധികൃതരായ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിൻസി ഇമ്മാനുവേൽ, സിസ്റ്റർ ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു തോമസ്, ഡോ. അലക്സ് മാണി, ഡോ. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുമാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.














