ഒരാൾ കേരളീയനാണെന്ന് ആധികാരികമായി സാക്ഷ്യപ്പെടുത്തുന്നതിനുള്ള തിരിച്ചറിയൽ രേഖയായ നേറ്റിവിറ്റി കാർഡ് നൽകുക ലക്ഷ്യമിട്ടുള്ള നിയമനിർമാണത്തിനായി ‘കേരള നേറ്റിവിറ്റി കാർഡ് ബിൽ’ നിയമസഭയിൽ അവതരിപ്പിച്ച് റവന്യൂ മന്ത്രി കെ. രാജൻ. നിലവിൽ സംസ്ഥാനത്ത് നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി,
ഒരാൾ കേരളീയനാണെന്ന് ആധികാരികമായി സാക്ഷ്യപ്പെടുത്തുന്ന സ്ഥിരമായ ഒരു തിരിച്ചറിയൽ രേഖ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിൽ ജനിക്കുകയും വിദേശ പൗരത്വം സ്വീകരിക്കാതിരിക്കുകയും ചെയ്തവർ, മാതാപിതാക്കളോ പൂർവികരോ കേരളത്തിൽ ജനിച്ചവരും എന്നാൽ വിദേശ പൗരത്വം ഇല്ലാത്തവരും, തൊഴിൽ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരും വിദേശ പൗരത്വം ഇല്ലാത്തവരുമായ ആളുകൾ എന്നിവർക്കാണ് തിരിച്ചറിയൽ രേഖയായ നേറ്റിവിറ്റി കാർഡിന്റെ പ്രയോജനം ലഭിക്കുക.












