തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരുടെ ആശ്രയമായ സാമൂഹിക ക്ഷേമ പെൻഷനായി അടുത്ത സാമ്പത്തിക വർഷത്തേക്ക് 14,500 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ന്യൂ നോർമൽ കേരളം എന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ക്ഷേമ പെൻഷൻ: റെക്കോർഡ് വിതരണം
എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റത് മുതൽ ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 48,383.83 കോടി രൂപ ക്ഷേമ പെൻഷനായി നൽകി. ഏകദേശം 62 ലക്ഷം ജനങ്ങൾക്ക് എല്ലാ മാസവും രണ്ടായിരം രൂപ വീതം മുടക്കമില്ലാതെ നൽകാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും മൊത്തം 54,000 കോടി രൂപ ക്ഷേമ പെൻഷനായി നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
- വേതന വർധന: ആശാ വർക്കർമാർക്കും അങ്കണവാടി വർക്കർമാർക്കും ഓണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചു. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും കൂട്ടി.
- സ്ത്രീ സുരക്ഷ: സ്ത്രീ സുരക്ഷാ പെൻഷനായി 3,820 കോടി രൂപ നീക്കിവെച്ചു.
- ഗുണഭോക്താക്കൾ: സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനത്തോളം പേർക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.
വികസനവും ക്ഷേമവും സമന്വയിപ്പിച്ചുകൊണ്ട്, കഴിഞ്ഞ പത്ത് വർഷത്തിനിടെ 90,000 കോടി രൂപ ക്ഷേമ പെൻഷനായി നൽകാൻ സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു.












