പാലാ : പാലാ രൂപത പ്രസ്ബിറ്ററൽ കൗൺസിൽ കാലം ചെയ്ത മെത്രാപ്പോലീത്താ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ വിയോഗത്തിൽ അനുസ്മരണ യോഗം നടത്തി. സീറോ മലബാർ സഭയുടെ മാർത്തോമ്മ നസ്രാണി പാരമ്പര്യത്തിന്റെ കാവൽക്കാരനായിരുന്ന മാർ ജോസഫ് പവ്വത്തിൽ സഭയിലെ രക്തം ചിന്താത്ത രക്തസാക്ഷിയാണെന്ന് പ്രസ്ബിറ്ററൽ കൗൺസിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന രൂപതയുടെ പതിമൂന്നാമത്തെ പ്രസ്ബിറ്ററൽ കൗൺസിലിന്റെ രണ്ടാമത്തെ സമ്മേളനത്തിൽ ചേർന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തത് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ്.
വ്യക്തിസഭയുടെ സ്വത്വബോധം വീണ്ടെടുക്കാൻ കഠിന അധ്വാനം ചെയ്ത തപശ്ചര്യൻ എന്ന നിലയിലും അപ്പസ്‌തോലിക സിംഹാസനത്തോടുള്ള നിർവ്യാജമായ
വിധേയത്വം വഴിയും തിരുസ്സഭയുടെ നിയോഗം കാത്ത വിനീത വിശുദ്ധനായിരുന്നു പവ്വത്തില്‍ പിതാവ് എന്ന് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് അനുസ്മരിച്ചു.
ദൈവശാസ്ത്രം കേവലം അക്കാദമിക് ആകരുതെന്നും സമഗ്രമായ രീതിയില്‍ സഭാത്മകമാകണമെന്നും തിരിച്ചറിഞ്ഞ് ശക്തമായ നിലപാടു സ്വീകരിച്ച സഭയുടെ കാവല്‍ക്കാരനായിരുന്നു മാർ ജോസഫ് പവ്വത്തിൽ പിതാവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച ഒരു പൗരനായിരുന്നുവെന്നും ഈ രാജ്യത്തിന്റെ സമ്പത്തും വൈവിധ്യവും എല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നുവെന്നും ഒരു നല്ല സെക്യുലര്‍ കാഴ്ചപ്പാട് പിതാവിനു സഹജമായിരുന്നുവെങ്കിലും വഴിതെറ്റിപ്പോകുന്ന സെക്യുലറിസത്തെ ഒരിക്കലും ഉള്‍ക്കൊണ്ടിരുന്നില്ലായെന്നും അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസ-സാംസ്‌കാരികമേഖലകളില്‍ ഒരു പുതിയ ചിട്ടക്രമം നല്‍കിയ പവ്വത്തിൽ പിതാവ് സിവില്‍ സര്‍വീസ് മേഖലയിലെ നിര്‍ണായകമായ ഇടപെടലിലൂടെ രാഷ്ട്രനിര്‍മ്മാണത്തില്‍ സജീവപങ്കാളിത്തം വഹിച്ചു കൊണ്ട് ഭൗതികതയ്ക്കുമാത്രം ഊന്നല്‍ കൊടുക്കുന്ന വിദ്യാഭ്യാസത്തെ എതിർത്തിരുന്നുവെന്നും കൗൺസിൽ അനുസ്മരിച്ചു.
പാലാ രൂപത പ്രെസ്സ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയായ റവ. ഫാദർ ജോസഫ് കടുപ്പിലാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. ബിഷപ്പ് എമിരത്തൂസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, രൂപത പ്രോട്ടോസിഞ്ചെല്ലുസ് വെരി റവ ഫാ. ജോസഫ് തടത്തിൽ എന്നിവർ പ്രസ്തുതയോഗത്തിൽ പിതാവിന്റെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.