പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ അടുത്തറിയാനും പഠിക്കാനുമായി ഉഹ്ദാന – 2025 എന്ന പേരിൽ ക്വിസ് മത്സരം ചൂണ്ടച്ചേരി സെന്റ്. ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഇടവക – ഫൊറോന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 121 പേർ പങ്കെടുത്ത ആദ്യഘട്ടത്തിൽനിന്നും ഗ്രാന്റ് ഫിനാലെ മത്സരത്തിലേക്ക് രണ്ട് വിഭാഗങ്ങളിലായി പത്ത് പേരാണ് യോഗ്യത നേടിയത്.
വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സ്വന്തമാക്കി തിടനാട് ഇടവകയിൽനിന്നുള്ള കുമാരി ആൻ റ്റോജോ ഒന്നാം സ്ഥാനത്തെത്തി. മുതിർന്നവരുടെ വിഭാഗത്തിൽ പൂഞ്ഞാർ ഇടവകയിൽനിന്നുള്ള ശ്രീ. ജോണി തോമസ് ഒന്നാം സ്ഥാനവും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സ്വന്തമാക്കിയത്. ഇരുവിഭാഗത്തിലെയും തുടർന്നുള്ള നാല് സ്ഥാനങ്ങൾ ഗ്രേസ് മരിയ ജോമി, അന്നു മാത്യൂസ്, എവിൻ ജോസ്, സി. അനിത മരിയ സി. എം. സി, ലിസ് മരിയ തോമസ്, ബിനിറ്റ ജിന്റോ , ജെമ്മാ റോയി, സി. ബെറ്റി മരിയ എസ്. എച്ച്. എന്നിവർ സ്വന്തമാക്കി.
ആരാധനക്രമ പഠനത്തിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. രൂപതാ മുഖ്യവികാരിജനറാളും ചൂണ്ടച്ചേരി എർജിനീയറിങ് കോളേജ് ചെയർമാനുമായ മോൺ. ജോസഫ് തടത്തിൽ ആമുഖപ്രസംഗം നടത്തി. രൂപത വികാരിജനറാളും ക്വിസ് സംഘടാകസമിതി ചെയർമാനുമായ മോൺ. ജോസഫ് മലേപ്പറമ്പിലിന്റെ നേതൃത്വത്തിൽ
ഫാ. ജോസഫ് അരിമറ്റത്തിൽ കൺവീനറായും ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തികുടിലിൽ, ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട്, ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. മാനുവൽ മണർകാട്ട് എന്നിവർ അംഗങ്ങളുമായുള്ള സമിതിയും രൂപതയിലെ വൈദിക വിദ്യാർത്ഥികളും ചേർന്നാണ് ക്വിസിന് നേതൃത്വം നൽകിയത്.
