പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം 26 ന്
പാലാ: വർധിത ചൈതന്യവും വിശ്വാസ തീവ്രതയും രൂപതാ തനയർക്കാകെ സമ്മാനിച്ച് പാലാ രൂപത പ്ലാറ്റിനം ജൂബിലി നിറവിൽ. വേറിട്ട കർമ്മപരിപാടികൾ ആത്മീയ സമ്പന്നത സമ്മാനിച്ച ജൂബിലി ആഘോഷങ്ങൾക്ക് 26ന് തിരശീല വീഴും. കഴിഞ്ഞ വർഷം ജൂലൈ 26ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദൈവാലയത്തിൽ തുടക്കമിട്ട ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് ആതിഥ്യമരുളുന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ ദൈവാലയമാണ്. വ്യക്തി, കുടുംബം, ഇടവക, സമുദായം എന്നിങ്ങനെ നാല് മേഖലകളിൽ ലക്ഷ്യമിട്ട ശാക്തീകരണപ്രവർത്തനങ്ങൾക്ക് ഫൊറോനാ, റീജിയണൽ തലങ്ങളിൽകൂടി ആരംഭമിട്ട് ആവേശത്തിലാക്കിയാണ് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിലേക്ക് രൂപത പ്രവേശിക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് തുടക്കമിടുന്നത് 26ന് രാവിലെ ഒൻപതിന് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയോടെയാണ്. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകും.
10:45 ന് പൊതുസമ്മേളനത്തിൽ സീറോ മലബാർ മുൻ സഭാതലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സമ്മേളനം സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണവും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണവും നടത്തും.
കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതലിക്കാ ബാവ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കോൺഗ്രസ് നേതാവ് ശശി തരൂർ എംപി, സിബിസിഐ പ്രസിഡന്റ് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, മന്ത്രി റോഷി അഗസ്റ്റിൻ, പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, സണ്ണി ജോസഫ് എംഎൽഎ, അസീറിയൻ സഭ മെത്രാപ്പോലീത്ത മാർ ഔഗേൻ കുര്യാക്കോസ്, ജോസ് കെ. മാണി എം പി, കുര്യാക്കോസ് മാർ സെവേറിയോസ്, ഫ്രാൻസിസ് ജോർജ് എം പി, മലബാർ സ്വതന്ത്രസുറിയാനി സഭ മെത്രാപ്പോലീത്ത സിറിൾ മാർ ബസേലിയോസ്, മാണി സി. കാപ്പൻ എംഎൽഎ, കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, പി.സി ജോർജ്, ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, നിലയ്ക്കൽ മെത്രാപ്പോലീത്ത ജോഷ്വ മാർ നിക്കാദേമോസ്, ദക്ഷിണേന്ത്യൻ സഭയുടെ കിഴക്കൻ കേരള രൂപതയുടെ ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ്, മാർ ജോസ് പുളിക്കൽ, ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് കൊല്ലംപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ ജോസ്, സിസ്റ്റർ മരീന ഞാറക്കാട്ടിൽ, ഷീബ ബിനോയി പള്ളിപറമ്പിൽ, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിക്കും.