പാലാ : പാലാ അൽഫോൻസാ കോളേജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗം കേരളത്തിലെ പാലക്കാട് ജില്ലയിലെ ധോണി വനത്തിൽ പുതിയൊരു മില്ലിപീഡ് സ്പീഷീസ് നെ കണ്ടെത്തി. ശാസ്ത്രീയമായി ഗ്നോമോഗ്നാഥസ് ധോണി (Gnomognathus dhoni) എന്ന് പേരിട്ടിരിക്കുന്ന ഈ സ്പീഷീസ് ഗ്നോമോഗ്നാഥസ് (Gnomognathus) ജനുസ്സിൽപ്പെടുന്നതാണ്.
ധോണി വനപ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തെ ഉയർത്തി കാട്ടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പുതിയ സ്പീഷീസിന് ഗ്നോമോഗ്നാഥസ് ധോണി എന്ന പേര് നൽകിയിരിക്കുന്നത്. ഈ പ്രദേശത്ത് അധികമായി ശ്രദ്ധിക്കപ്പെടാതെ പോയ വളരെ പ്രത്യേകമായ ആവാസ വ്യവസ്ഥയിൽ നിന്നും 2024 -ൽ നടത്തിയ ഫീൽഡ് സർവേയിൽ ആണ് ബ്രൗൺ കളറിലുള്ള ഏകദേശം 3 മില്ലീമീറ്റർ വ്യാസവും 59 മില്ലീമീറ്റർ നീളവുമുള്ള ഈ ചെറിയ മില്ലിപീഡകളെ കണ്ടെത്തിയത്.
ലോകത്തിലെ hottest biodiversiy hotspots കളിൽ ഒന്നായ പശ്ചിമഘട്ടത്തിലെ ജന്തു വൈവിധ്യങ്ങളുടെ കണ്ടെത്തലും വർഗ്ഗീകരണവും ഇനിയും പഠന വിഷയമാക്കേണ്ടതുണ്ടെന്ന് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നു.
അൽഫോൻസ കോളേജ്, ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഡോ. മഞ്ജു എലിസബത്ത് കുരുവിളയുടെ മാർഗ്ഗനിർദ്ദേശത്തോടെ ഗവേഷണ വിദ്യാർത്ഥിയായ മിസ്. നിഖില സുധാകരനാണ് ഈകണ്ടെത്തൽ നടത്തിയത്.
ഈ സ്പീഷീസിന്റെ കണ്ടെത്തലും ഔദ്യോഗിക വിവരണവും അന്താരാഷ്ട്ര ജേർണലായ Zootaxa -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.














