ജനതകൾക്കും ഭൂമിക്കും പുതിയ തുടക്കമാണ് ജൂബിലി. ദൈവികസ്വപ്‌നങ്ങൾ എല്ലാം പുനർവിചിന്തനം ചെയ്യാനുള്ള സമയം. “പരിവർത്തനം” എന്ന വാക്ക് ദിശ മാറ്റത്തെ സൂചിപ്പിക്കുന്നുവെന്ന് നമുക്കറിയാം. എല്ലാം, ഒടുവിൽ മറ്റൊരു കാഴ്‌ചപ്പാടിലൂടെ കാണാനാവുകയും നമ്മുടെ ചുവടുകൾ പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇങ്ങനെയാണ്, ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശ ഉയർന്നുവരുന്നത്. വിശുദ്ധഗ്രന്ഥം ഇതേക്കുറിച്ച് പലവിധത്തിൽ പറയുന്നുണ്ട്.
നമ്മുടെ കാര്യത്തിലും, ജീവിതത്തിൽ മാറ്റം വരുത്തുകയും ദൈവത്തിൻ്റെ സ്വപ്‌നത്തിലേക്ക് പ്രവേശിക്കുകയും ചെയ്‌തവരുമായുള്ള കണ്ടുമുട്ടലാണ് നമ്മുടെ വിശ്വാസാനുഭവത്തേയും പ്രചോദിപ്പിക്കുന്നത്. ലോകത്ത് ഒരുപാട് തിന്മയുണ്ടെങ്കിൽ തന്നെയും വ്യത്യസ്‌തരായവരെ വേർതിരിച്ചുകാണാൻ നമുക്ക് കഴിയും: അവരുടെ മഹത്വം മിക്കപ്പോഴും നമ്മുടെ ഒന്നുമില്ലായ്‌മയോട് ചേർന്നുപോകുമെങ്കിലും, അത് നമ്മെ കീഴടക്കുന്നു.