ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.
കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിര്‍ദ്ദേശവുമായാണ് വില്‍ സ്മിത്ത് ഓസ്‌കറില്‍ ഇത്തവണയെത്തിയത്. അദ്ദേഹം പുരസ്‌കാരം നേടുകയും ചെയ്തു. ടെന്നീസ് താരവും പരിശീലകനും സെറീന വില്ല്യംസിന്റെയും വീനസ് വില്ല്യസിന്റ പിതാവുമായ വില്ല്യം റിച്ചാര്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കിങ് റിച്ചാര്‍ഡ്. സെറീനയും വീനസും പുരസ്‌കാരചടങ്ങിലെത്തിയിരുന്നു.
സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്.
മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. 1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. അനിഷ്ട സംഭവത്തില്‍ വില്‍ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും വില്ല്യം റിച്ചാര്‍ഡിന്റെ കുടുംബത്തോടും മാപ്പ് പറഞ്ഞു