പാലാ: വൺ ഇന്ത്യ വൺ പെൻഷൻ (OIOP) പ്രസ്ഥാനത്തിന്റെ ‘ദില്ലി ചലോ’ വിളംബര ജാഥയും പൊതുസമ്മേളനവും പാലായിൽ വൻ ജനപങ്കാളിത്തത്തോടെ ശക്തിപ്രകടനമായി മാറി. ഉച്ചകഴിഞ്ഞ് 3.30ന് കൊട്ടാരമറ്റത്ത് നിന്ന് ആരംഭിച്ച ജാഥയിൽ 1000-ത്തിലധികം പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. “ഒരു രാഷ്ട്രം, ഒരു പെൻഷൻ” എന്ന മഹത്തായ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട്, സാമൂഹിക നീതിയുടെയും തുല്യതയുടെയും ആവശ്യങ്ങൾ ഉച്ചരിച്ച പരിപാടി പ്രൗഢഗംഭീരമായി നടന്നു.
സംസ്ഥാന കൺവീനർ അഡ്വ. ജോസുകുട്ടി മാത്യു അധ്യക്ഷത വഹിച്ചു. പ്രശസ്ത വ്ലോഗറും സാമൂഹിക ഇൻഫ്ലുവൻസറുമായ സജി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. “ഒരു ശരാശരി പൗരൻ തന്റെ ജീവിതകാലത്ത് നികുതിയായും ഉത്പാദനമായും 6 കോടിയിലധികം രൂപ രാജ്യത്തിനു നൽകുന്നു. അതിനുശേഷം പ്രതിമാസം പതിനായിരം രൂപ പെൻഷൻ ആവശ്യപ്പെടുന്നത് ആരുടേയും ദയയല്ല, അവകാശമാണ്,” എന്ന് സജി തോമസ് പ്രസംഗത്തിൽ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി തോമസ് മാത്യു സ്വാഗതം നിർവഹിച്ചു. ആശംസ പ്രസംഗങ്ങളിൽ റോജർ സെബാസ്‌റ്റ്യൻ (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), എസ്. എ. റഹീം (സംസ്ഥാന ജോയിന്റ് കൺവീനർ), മാത്യു കാവുങ്കൽ, സദാനന്ദനൻ എ.ജി. (സംസ്ഥാന രക്ഷാധികാരികൾ), അപ്പച്ചൻ തെള്ളിയിൽ (കർഷക വെൽഫെയർ പെൻഷനേഴ്‌സ് പ്രസിഡന്റ്), ലീല തോമസ് (ജില്ലാ കമ്മിറ്റി അംഗം), വിജയൻ വെള്ളോടൻ (മുൻ സംസ്ഥാന കൺവീനർ), എബ്രഹാം എബ്രഹാം (ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്), ഷാജി ജോസഫ് (ജില്ലാ ജോയിന്റ് സെക്രട്ടറി), അലക്സ‌് കൊല്ലം, അലക്‌സ് പീറ്റർ (സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ), ജോൺ അമ്പാട്ട് (സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു.
പെൻഷൻ സമത്വത്തിനായി OIOP മുന്നോട്ട് വെക്കുന്ന പോരാട്ടം രാജ്യവ്യാപക പ്രസ്ഥാനമായി വളർന്നു വരുന്നുണ്ടെന്നും, ജനങ്ങളുടെ ഈ വലിയ പങ്കാളിത്തം പ്രസ്ഥാനത്തിന് പുതിയ ഊർജ്ജം നൽകുന്നുവെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള പിന്തുണയാണ് ഈ ആശയത്തെ രാജ്യവ്യാപകമായ പ്രസ്ഥാനമായി വളർത്തുന്നതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
ബെന്നി മാത്യു (ജില്ലാ വൈസ് പ്രസിഡന്റ്, പാലാ സമ്മേളന രക്ഷാധികാരി) കൃതജ്ഞത രേഖപ്പെടുത്തി.