കുറുമണ്ണ്: കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ഓണാഘോഷവും പൂർവ്വാധ്യാപക സംഗമവും വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 8:45-ന് കുട്ടികളുടെ അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മലയാളി മങ്ക, കേരള ശ്രീമാൻ, ഓണപ്പാട്ട്, വടംവലി, മിഠായി പെറുക്കൽ, തിരികത്തിച്ചോട്ടം, ബോൾ പാസിംഗ്, ബോംബിംഗ് ദ സിറ്റി തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.
വിദ്യാലയത്തിലെ എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികളുടെ മത്സരങ്ങൾക്ക് ശേഷം പൂർവ്വാധ്യാപക സംഗമം നടന്നു.
സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മണിയഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. രാജേഷ് വാളിപ്ലാക്കൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജിജി തമ്പി ഓണസന്ദേശം നൽകി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. വി.ജി. സോമൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ബിന്ദു ജേക്കബ്, ശ്രീമതി. ബിന്ദുവിനു, പി.ടി.എ. പ്രസിഡൻ്റ് ശ്രീ. സുബി ഓടയ്ക്കൽ, പൂർവ്വാധ്യാപകർ എന്നിവർ ആശംസകൾ നേർന്നു.
പി.ടി.എ. കമ്മിറ്റിയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും സംയുക്തമായി സ്പോൺസർ ചെയ്ത വിഭവസമൃദ്ധമായ ഓണസദ്യയും പായസവും പരിപാടിയുടെ പ്രധാന ആകർഷണമായി. പി.ടി.എ. കമ്മിറ്റി അംഗങ്ങളും എം.പി.ടി.എ. അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് 600-ൽ പരം ആളുകൾക്ക് വേണ്ടിയുള്ള സദ്യ തയ്യാറാക്കിയത്.














