ചെങ്ങന്നൂർ: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ “വിവരദോഷി ” എന്ന് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം അനുചിതമാണെന്ന് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മറ്റി. മുഖ്യമന്ത്രിയുടെ പരാമർശം ക്രൈസ്തവ സമൂഹത്തെ ആകമാനം വേദനിപ്പിക്കുന്നതാണ്. സർക്കാരിൻ്റെ ഭരണപരമായ പിഴവുകൾ ചൂണ്ടിക്കാണിക്കാനുള്ള ചുമതല പ്രബുദ്ധമായ പൊതുസമൂഹത്തിനുണ്ട്. ഒരു സമ്മതിദായകൻ്റെ പൗരത്വപരമായ കടമയും രാഷ്ട്രീയ ഉത്തരവാദിത്വവും നിർവ്വഹിച്ചതിൻ്റെ പേരിൽ പൊതുസമൂഹം ആദരിക്കുന്ന ബിഷപ്പിൻ്റെ നേരെ അസഭ്യം ചൊരിയുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലായെന്ന് സംഘടന ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പതിറ്റാണ്ടുകളായി ഇരകളുടെ പക്ഷത്ത് നിന്നുകൊണ്ട് സാമൂഹിക നീതിയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ബിഷപ്പുമാരെയും സാമൂദായിക നേതാക്കളെയും ജന പ്രതിനിധികളെയും മുമ്പും ഇങ്ങനെ ‘നികൃഷ്ടമായി ‘ അധിക്ഷേപിക്കുന്ന രീതി ഉണ്ടായിട്ടുണ്ട്. ഉൾപ്പാർട്ടി ജനാധിപത്യത്തിലും വിമർശനം സ്വയ വിമർശനം, തെറ്റ് തിരുത്തൽ തുടങ്ങിയ സംഘടനാ ശൈലികളിൽ വിശ്വസിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു പാർട്ടിയുടെ നേതാവിൽ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. അപക്വമായ പരാമർശം പിൻവലിക്കണമെന്ന് എൻസിഎംജെ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
എൻസിഎംജെ സംസ്ഥാന പ്രസിഡൻ്റ് ഡോ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, ഫാ. പവിത്രസിങ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാ. ജോണു കുട്ടി, ഫാ. ഗീവർഗീസ് കൊടിയാട്ട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാ. പി എ ഫിലിപ്പ്, ഷിബു കെ തമ്പി, ഷാജി ടി ഫിലിപ്പ്, വി ജി ഷാജി, കോശി ജോർജ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision