ഏറ്റുമാനൂർ കടപ്ലാമറ്റത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പാലാ ഡിവൈഎസ്പിക്ക് കൈമാറി. ബന്ധുക്കൾ ഉന്നയിച്ച ആരോപണങ്ങൾ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുള്ളത്.
വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ. ജയൻ (43) കഴിഞ്ഞ മാസം 10-ന് രാത്രിയിലാണ് വാഹനാപകടത്തിൽ മരിച്ചത്. ഏതോ വാഹനം ഇടിച്ച് വഴിയിൽ കിടന്ന ജയനെ ആശുപത്രിയിൽ എത്തിച്ചു എന്നാണ് സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചത്. എന്നാൽ, സുഹൃത്തുക്കളുടെ വാഹനം ഇടിച്ചാണ് ജയൻ മരിച്ചതെന്ന് പിന്നീട് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
ഇതേത്തുടർന്ന് മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. സംഭവ ദിവസം സുഹൃത്തുക്കൾ ജയനെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു എന്നും, അപകടം നടക്കുമ്പോൾ ജയൻ ഉൾപ്പെടെ എട്ടുപേർ സ്ഥലത്തുണ്ടായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തിട്ടില്ലെന്നും, എഫ്‌ഐആറിൽ അപകട മരണമെന്നായിരുന്നു സൂചിപ്പിച്ചിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയ സാഹചര്യത്തിൽ, മരങ്ങാട്ടുപള്ളി പോലീസ് സംഭവസ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവി പാലാ ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ വിശദമായ മൊഴി മരങ്ങാട്ടുപള്ളി പോലീസ് ഇന്ന് രേഖപ്പെടുത്തും.













