2024 സെപ്റ്റംബർ 29 ഞായർ 1199 കന്നി 13
വാർത്തകൾ
- സുവിശേഷമൂല്യങ്ങളും സാഹോദര്യവും ഐക്യവും ജീവിക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം
ലക്സംബർഗിലെ രാജാവും പ്രധാനമന്ത്രിയും സാമൂഹ്യ, രാഷ്ട്രീയ, നയതന്ത്ര വിഭാഗങ്ങളിലുള്ള വ്യക്തികളും ഉൾപ്പെട്ട സദസ്സിൽ, തനിക്ക് നൽകപ്പെട്ട സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ വിവിധ ഭാഷാ, സംസ്കാരങ്ങളുടെ അതിർവരമ്പായി നിൽക്കുന്ന ലക്സംബർഗ്, യൂറോപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ പല സംഭവങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ടെന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, രണ്ടു വട്ടം കൈയേറ്റത്തിന്റെയും, പിടിച്ചടക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങളിലൂടെയും ഈ രാജ്യം കടന്നുപോയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.
- മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു.
പാലാ . ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി വിഭാഗത്തെയും കാർഡിയാക് സർജറി വിഭാഗത്തെയും യോജിപ്പിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംപി. ഹൃദയപൂർവ്വം രോഗികളോട് സംസാരിക്കുന്ന ഡോക്ടർമാരും ഉന്നത നിലവാരത്തിൽ ചികിത്സ നൽകുന്നതുമാണ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെ മികവുറ്റതാക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സീനിയർ കൺസൾട്ടന്റും കാർഡിയാക് സയൻസസ് വിഭാഗം ഹെഡുമായ ഡോ.രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, കൺസൾട്ടന്റ് ഡോ.രാജീവ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
- 75-ാം നാള്‍ അര്‍ജുന്‍ വീട്ടില്‍ തിരികെയെത്തി
ജനസാഗരത്തിനിടയിലൂടെ അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചു. ഏറെ വികാര നിര്‍ഭരമായാണ് നാട് അര്‍ജുനെ ഏറ്റുവാങ്ങിയത്. അര്‍ജുന്റെ വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഓടിയപ്പോള്‍ പാതയുടെ വശങ്ങളില്‍ കണ്ണാടിക്കല്‍ ഗ്രാമം ഒന്നാകെ തടിച്ചുകൂടി. വിലാപങ്ങളും നിശ്വാസങ്ങളും കണ്ണീരും കൊണ്ട് തീര്‍ത്ത ആ പദയാത്രയ്ക്ക് മുന്നില്‍ മന്ത്രി എ കെ ശശീന്ദ്രനും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎല്‍എയും തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും നീങ്ങി. സാധാരണക്കാരന് കേരളം നല്‍കിയ ആ അനിതരസാധാരണ യാത്രയയപ്പിനെ കേരളക്കരയാകെ ഹൃദയം കൊണ്ട് അനുഗമിച്ചു.
- മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നലെ രണ്ട് മാസം
ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ല. അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാത്ത നിസ്സാഹയതയിലാണ് പ്രദേശം പരിചയമുള്ള റിപ്പണ്‍ ചാമ്പ്യൻസ് ക്ലബും.
- ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ
പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.
- തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടുത്തം
രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. പട്ടാമ്പി ഫയർഫോഴ്സ്എ ത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
- അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്
അമേരിക്കയുടെ തെക്ക് കിഴക്കൻ മേഖലയെ താറുമാറാക്കിയ ചുഴലിക്കാറ്റിന് പിന്നാലെ മിക്കയിടങ്ങളും വൈദ്യുതി നിലച്ച നിലയിലാണുള്ളത്. പ്രളയ ജലത്തിൽ നിരവധിപ്പേർ പലയിടങ്ങളിലായി കുടുങ്ങിയതിന് പിന്നാലെ അൻപതിലേറെ രക്ഷാ പ്രവർത്തകർ ഹെലികോപ്ടറുകളിലും ബോട്ടുകളുടെ സഹായത്തോടെ മേഖലയിൽ രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേർ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന കണക്ക്. നൂറ് കണക്കിന് വിമാന സർവീസുകൾ ചുഴലിക്കാറ്റിന് പിന്നാലെ റദ്ദാക്കി. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
- ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് നാണംകെട്ട് ന്യൂസിലൻഡ്
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 602 റണ്‍സിന് മറുപടിയായി മൂന്നാം ദിനം വെറും 88 റണ്‍സിന് ഓള്‍ ഔട്ടായ ന്യൂസിലന്‍ഡ് ഫോളോ ഓണ്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയും 15 റണ്‍സുമായി കെയ്ന്‍ വില്യംസണും ക്രീസില്‍. ഓപ്പണര്‍ ടോം ലാഥമിനെ സ്കോര്‍ ബോര്‍ഡിര്‍ റണ്ണെത്തും മുമ്പെ കിവീസിന് നഷ്ടമായി.
- സൊമാറ്റോയുടെ സഹസ്ഥാപക ആകൃതി ചോപ്ര രാജിവെച്ചു
2011 മുതൽ ആകൃതി കമ്പനിയിൽ ജോലി ചെയ്തിരുന്നു. കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വന്നിരുന്ന ഇവരെ 2021 ൽ ഐപിഒയ്ക്ക് തൊട്ടുമുൻപാണ് സഹസ്ഥാപക എന്ന നിലയിലേക്ക് ഉയർത്തിയത്. ആകൃതിയുടെ രാജിവിവരം കമ്പനി സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചു.
- ഹാരി പോട്ടർ സിനിമകളിലെ കർക്കശക്കാരിയും വാത്സല്യ നിധിയും ആയ പ്രൊഫസർ അന്തരിച്ചു
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടിയുടെ മരണം വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു. മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് വിവരം ലോകത്തെ അറിയിച്ചത്. ഹോഗ്വാർട്സ് മാജിക്ക് സ്‌കൂളിലെ പ്രൊഫസറുടെ റോൾ അവിസ്മരണീയമാക്കിയ ഡെയിം മാഗ്ഗി സ്മിത്ത് തന്റെ 67 ആം വയസ്സിലാണ് ഹാരി പോട്ടർ സീരീസിൽ അഭിനയിച്ച് തുടങ്ങുന്നത്.
- പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയായണെന്ന് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ അധികൃതര്‍ അറിയിച്ചു. വൈവിധ്യങ്ങളായ കാഴ്ചകളാണ് 13-ാം പതിപ്പിലുമുള്ളത്.
- രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന ബംഗ്ലാദേശ് ആരാധകൻ ടൈഗര്‍ റോബിയുടെ ആരോപണം തള്ളി പൊലീസ്
സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തന്നെ സ്റ്റേഡിയത്തില്‍വെച്ച് ഒരു സംഘം ആരാധകര്‍ മര്‍ദ്ദിച്ചുവെന്നും പുറത്തും അടിവയറ്റിലും ചവിട്ടേറ്റെന്നുമായിരുന്നു റോബിയുടെ പരാതി. എന്നാൽ അസുഖം ബാധിച്ചതിനെ തുടർന്നാണ് സ്റ്റേഡിയത്തിൽ വീണതെന്നും, ഇപ്പോൾ ആരോഗ്യ നിലയിൽ മാറ്റമുണ്ടെന്നും ബംഗ്ലദേശ് ആരാധകൻ പ്രതികരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision