2024 സെപ്റ്റംബർ 27 വെള്ളി 1199 കന്നി 11
വാർത്തകൾ
- പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണോപാധി, പാപ്പാ!
“നിനക്കു വേണ്ടത് നീ, പ്രാർത്ഥനയിലൂടെ, ദൈവത്തോട് ചോദിക്കുകയും, നിൻറെയുള്ളിൽ മറ്റ് ചോദ്യങ്ങൾ ഉയരാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ചോദ്യങ്ങൾ ദൈവത്തിൻറെതാണ്. അവ നന്മ ചെയ്യാൻ പ്രചോദിപ്പിക്കുകയും ഉപരിയഗാധ സ്നേഹത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവം നമ്മോട് സംഭാഷണത്തിൽ ഏർപ്പെടുകയും യഥാർത്ഥത്തിൽ പ്രാധാനമായ കാര്യത്തിൽ, അതായത്, ജീവൻ ദാനമായി നല്കുക എന്നതിൽ, പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.”
- മുംബൈയിൽ കനത്തമഴ; അവധി
കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറി. മോശം കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പുണെ നഗരത്തിലെയും പിംപ്രി ചിഞ്ച്വാഡിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇന്നലെ ഉച്ച മുതലാണ് മഴ തുടങ്ങിയത്.
- തീരാനോവായി അർജുൻ
അർജുന്റെ ട്രക്ക് രാവിലെ കരയ്ക്ക് കയറ്റും. 72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
- യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ
സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണയായി. താത്ക്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാധ്യതയുണ്ട്. തത്ക്കാലം ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കം വേണ്ടെന്നും നേതാക്കൾ പറയുന്നു. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പിബി സിസി യോഗങ്ങൾ നാളെ മുതൽ ദില്ലിയിൽ ആരംഭിക്കും.
- കുടുംബത്തെയും ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് തണലൊരുങ്ങുന്നു
ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയിൽ വീട് ഒരുങ്ങുന്നു. തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും.
- ‘AMMAയും WCCയും തമ്മിലുള്ള തർക്കത്തിന്റെ ഇര’
മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി നടൻ സിദ്ദീഖ്. തിങ്കളാഴ്‌ചയെങ്കിലും ഹർജി പരിഗണിക്കണം എന്നാണ് ആവശ്യം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കില്ല. കോടതി മുന്നോട്ടുവെക്കുന്ന ഉപാധികൾ അനുസരിക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും AMMAയും WCCയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നും സിദ്ദീഖ് കത്തിൽ പറയുന്നു.
- കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവും സ്പീക്കറും ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയിൽ നിയമിതനായത്. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി.സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലായെങ്കിൽ ജസ്റ്റിസ് നിതിൻ ജാംദർ 2026 ജനുവരി ഒമ്പതിന് വിരമിക്കും.
- മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍
മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപെട്ടത് കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് സതീദേവി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെ ഇടപെടല്‍ നടക്കുന്നുവെന്ന് സതീദേവി പറഞ്ഞു.
- തൃശൂരിൽ 2 കോടിയുടെ സ്വർണം കവർന്ന സംഭവത്തിൽ നിർണായക തെളിവ്
സ്വർണ വ്യാപാരിയുടെ കാറിനെ തടഞ്ഞത് മൂന്നു കാറുകളിൽ എത്തിയവർ വ്യാപാരിയേയും സുഹൃത്തിനേയും മറ്റു രണ്ടു കാറുകളിൽ കയറ്റുന്ന ദൃശ്യങ്ങളാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ട്. വ്യാപാരിയുടെ കാർ കവർച്ച സംഘം തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. കവർച്ചക്കാരെ തിരിച്ചറിയാൻ തെളിവായി നിർണായക ദൃശ്യങ്ങൾ. പത്തംഗ കവർച്ച സംഘത്തെ പൊലീസ് തിരയുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ.
- തൃശൂർ പൂരം കലക്കൽ; എഡിജിപിയുടെ റിപ്പോർട്ട് തള്ളി
തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ ആണ് അന്വേഷണ ശുപാർശ. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നാണ്.
- 18കാരൻ ഓടിച്ച ബുള്ളറ്റ് ലോറിയുമായി കൂട്ടിയിടിച്ചു; 15കാരന് ദാരുണാന്ത്യം
തൃശൂർ പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ചാലിശേരി ആലിക്കൽ സ്വദേശി അതുൽ കൃഷ്ണ ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് ഷാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച അതുൽ. ഷാൻ ആണ് വണ്ടി ഓടിച്ചിരുന്നത്. രാവിലെ 7.15നായിരുന്നു അപകടം.
- IPL മെഗാലേലം; 5 താരങ്ങളെ നിലനിർത്താം
ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ടീമുകൾക്ക് അഞ്ചുപേരെ നിലനിർത്താൻ ബിസിസിഐ അനുമതി നൽകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ടീമുകൾ തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അഞ്ച് താരങ്ങളെ നിലനിർത്താനുള്ള അനുമതിയെന്നാണ് സൂചനകൾ. കഴിഞ്ഞതവണ മെഗാലേലത്തിൽ 4 പേരെയാണ് ടീമുകൾക്ക് നിലനിർത്താൻ അനുമതിയുണ്ടായിരുന്നത്. നവംബറിലോ ഡിസംബർ ആദ്യത്തിലോ ആയിരിക്കും ലേലം നടക്കുക.
- വിചിത്ര നിയമവുമായി റഷ്യ
ലിംഗമാറ്റത്തിന് അനുമതി നൽകുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി റഷ്യയിൽ നിന്ന് കുട്ടികളെ ദത്തെടുക്കാനാകില്ലെന്ന വിചിത്ര നിയമം പാസാക്കി റഷ്യൻ പാർലമെന്റ്. നിയമനിർമാണത്തിന് റഷ്യൻ പാർലമെന്റിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു. പാർലമെന്റിന്റെ അധോസഭയിൽ നിയമത്തെ ഭൂരിഭാഗം പേരും പിന്തുണച്ചു. കുട്ടികളുടെ അവകാശവും പരമ്പരാഗത മൂല്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമനിർമാണമെന്നാണ് വിശദീകരണം.
- മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ഇന്നലെ 92-ാം പിറന്നാൾ
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും. ആരോഗ്യത്തോടെ ദീർഘായുസ് ഉണ്ടാവട്ടെ എന്ന് മോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു. ജന്മദിനാശംസകൾ മൻമോഹൻ ജി, രാജ്യഭാവി രൂപപ്പെടുത്താൻ ഈ വിനയവും വിവേകവും നിസ്വാർഥ സേവനവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നു. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു! രാഹുലും Xൽ കുറിച്ചു.
- വയനാട് – തമിഴ്‌നാട് അതിർത്തിയിൽ കാട്ടാന ആക്രമണം; കർഷകൻ മരിച്ചു
വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ശബ്‌ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്ീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.
- ആത്മഹത്യാ യന്ത്രത്തിൽ ആദ്യ മരണം
സ്വിറ്റ്സർലൻഡിൽ കണ്ടെത്തിയ ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന സാർക്കോ എന്ന പോർട്ടബ്ൾ പോഡ് വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ യന്ത്രം ഉപയോഗിച്ച് ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുകയാണ്. 64കാരിയായ ഒരു അമേരിക്കക്കാരിയാണ് സ്വിറ്റ്സർലൻഡിൽ വെച്ച് ഈ യന്ത്രം ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വയം സ്വിച്ച് അമർത്തിയാണ് സ്ത്രീ മരിച്ചതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision