പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  24

Date:

വാർത്തകൾ

  • കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

അധിക ചെലവുകൾ ഒഴിവാക്കുവാന്‍ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ സംഘത്തിന് നല്കിയ ഒരു കത്തിലാണ് ഫ്രാൻസിസ് പാപ്പ പത്തുവർഷം മുമ്പാരംഭിച്ച റോമൻ കൂരിയ പരിഷ്ക്കാരങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ധനക്കമ്മി ഇല്ലാതാക്കുന്നതിന് സാമ്പത്തിക മിതത്വം പാലിക്കേണ്ടതിൻറെ അനിവാര്യത പാപ്പ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ധനകമ്മി ഇല്ലാതാക്കുകയെന്നത് സൈദ്ധാന്തികമല്ല യഥാർത്ഥത്തിൽ കൈവരിക്കാവുന്ന ലക്ഷ്യമായിരിക്കുന്നതിന് സകലരുടെയും ഉപരിയായ തുടർശ്രമം ആവശ്യമാണെന്ന് മാർപാപ്പ ഓര്‍മ്മപ്പെടുത്തുന്നു.

  • മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്നലെ തൊണ്ണൂറ്റിയൊന്നാം പിറന്നാൾ

വിശേഷണങ്ങൾക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയിൽ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്. താരപരിവേഷത്തിൽ മിന്നിത്തിളങ്ങുമ്പോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ വേഷം ചെയ്താണ് മധു മലയാള സിനിമയെ ഞെട്ടിച്ചത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപന ജോലിയുടെ ചുമതലകളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലെത്തിച്ചത്. തുടർന്ന് അമിതാഭ് ബച്ചനൊപ്പം സാഥ് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറ്റം.

  • മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീം വീണ്ടും ഒന്നിക്കുന്നു!

മലയാളത്തിന്റെറെ മഹാനടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും വീണ്ടും കൈകോർക്കുന്നതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. ഇത്തവണ ഒരു പക്കാ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നുമാണ് സൂചന. ചിത്രത്തിന്റെ കഥാ രൂപീകരണം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

  • പാല സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് നടന്നു.

പാലാ നഗരസഭാ ചെയർമാൻ ശ്രീ. ഷാജു തുരുത്തേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. വി.എം. തോമസ്, പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. വ്യക്തിത്വ വികസന ക്ലാസ്സുകൾ, കമ്മ്യൂണിറ്റി വർക്ക്, മെഗാ പച്ചക്കറിത്തൈ നടീൽ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ വളർച്ചയ്ക്ക് വേണ്ടി നൂറിലധികം ഗ്രോ ബാഗുകൾ നിറച്ച് അതിൽ നേരത്തെ മുളപ്പിച്ച വിവിധ ഇനം പച്ചക്കറിത്തൈകൾ ഒരേ സമയം നട്ടത് കൗതുകമായി. പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു; റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്ക്; റേഞ്ചർ അനീറ്റ അലക്സ്: വിവിധ ക്ലാസ്സുകൾ എടുക്കാൻ എത്തിച്ചേർന്ന ടോജോ മോൻ എൻ ജോർജ്; അഭിനവ് ആർ; അധ്യാപകരായ ശ്രീ ബിജു കുര്യൻ; ഷീബ അഗസ്റ്റിൻ; റോവേഴ്സ് & റേഞ്ചേഴ്സ് സന്നദ്ധ പ്രവർത്തകർ എന്നിവർ മെഗാ പച്ചക്കറിത്തൈ നടീലിൻ്റെ ഭാഗമായി. അടിയന്തിര ഘട്ടത്തിൽ അതിവേഗം ഭക്ഷണം പാകം ചെയ്ത് അതിജീവിക്കാനുള്ള പാഠങ്ങൾ പകർന്ന സെൽഫ് കുക്കിംഗ് സെഷൻ ക്യാമ്പിൻ്റെ വ്യത്യസ്തതയായി. റോവർ ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

  • കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവം കാവുംകണ്ടം സൺഡേ സ്കൂളിന് മൂന്നാം സ്ഥാനം

കാവുംകണ്ടം: കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവത്തിൽ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേസ്കൂൾ 349 പോയിന്റുകളോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കടനാട് സെന്റ് ആഗസ്റ്റിൻ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ നിന്ന് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേ സ്കൂളിലെ മത്സര വിജയികളായ വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങി. റമ്പാൻ പാട്ട്, സുറിയാനി പാട്ട് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും രക്ഷാകര വേദ കീർത്തന മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിലായി നടന്ന ലളിതഗാനം, പ്രസംഗം, മിഷൻ ക്വിസ്, ബൈബിൾ വായന മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി. മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ. സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ, ഡേവീസ്‌ കല്ലറക്കൽ തുടങ്ങിയവർ അഭിനന്ദിച്ചു. സൗമ്യാ സെനീഷ് മനപ്പുറത്ത്‌, ഡെന്നി ജോർജ് കൂനാനിക്കൽ, അന്നു സണ്ണി വാഴയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, അജിമോൾ സേവ്യർ പള്ളിക്കുന്നേൽ, ആൽഫി മാത്യു മുല്ലപ്പള്ളിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  • സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ: പ്രതിഭ

അൻവറിനെ തള്ളി സിപിഎം പ്രസ്താവന ഇറക്കിയതിനു പിന്നാലെ, അൻവറിന് നൽകിയ പിന്തുണയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കായംകുളം എംഎൽഎ യു.പ്രതിഭ. അൻവർ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കപ്പെടേണ്ടത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പ്രധാനപ്പെട്ടതാണ്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണെന്നും പ്രതിഭ  അഭിമുഖത്തിൽ പറഞ്ഞു.

  • അനുര ദിസനായകെയ്ക്ക് ആദ്യ അഭിനന്ദനം ഇന്ത്യയിൽ നിന്ന്

ശ്രീലങ്കയെ ചുവപ്പണിയിച്ച പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് ആദ്യം അഭിനന്ദനം അറിയിച്ചത് ഇന്ത്യ. നിയുക്ത ശ്രീലങ്കൻ പ്രസിഡന്റിനെ നേരട്ടെത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ജായാണ് ഇന്ത്യയുടെ അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടികാഴ്‌ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിൻ്റെ അനുമോദന സന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ് ജാ വ്യക്തമാക്കി.

  • അനുര ദിസനായകക്ക് അഭിനന്ദനവും സന്ദേശവുമായി നരേന്ദ്ര മോദി

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്റ് അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനിടെ എക്‌സിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി. ദിസനായകക്ക് ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു.

  • ഷിരൂരിൽ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ

കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.

  • വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ

ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും ട്രയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും അധിക കോച്ച് അനുവദിക്കുകയെന്നും ഇക്കാര്യം പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി.കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് റെയിൽവേ ഇത് സംബന്ധിച്ച ഉറപ്പുനൽകിയത്.

  • ESA കരട് വിജ്ഞാപനം: സംയുക്ത അവലോകന യോഗം ചേർന്നു

കേന്ദ്ര സർക്കാർ ജൂലൈ 31 പുറപ്പെടുവിച്ച ESA കരട് പുനർവിജ്ഞാപനത്തിന്മേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള അവസാന തിയ്യതി സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ  കർഷക – സാമൂഹിക പ്രസ്ഥാനങ്ങളുടെയും സഭാ  സംഘടനകളുടെയും സംയുക്ത അവലോകന യോഗം കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ഇൻഫാം, കത്തോലിക്കാ കോൺഗ്രസ്, കർഷക അതിജീവന സംയുക്ത സമിതി, കേരളകത്തോലിക്കാ മെത്രാൻസമിതിയുടെ വിവിധ കമ്മീഷനുകൾ, രൂപതകൾ തുടങ്ങിയവയുടെ പ്രതിനിധികളും മെത്രാന്മാരും പങ്കെടുത്തു. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് തറയിൽ, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഡോ. ചാക്കോ കാളാംപറമ്പിൽ, ഫാ. മൈക്കിൾ പുളിക്കൽ, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര, ഫാ. ജോർജ്ജ് കുടിലിൽ, ഫാ. തോമസ് മറ്റമുണ്ടയിൽ, ഫാ. ജേക്കബ് മാവുങ്കൽ, ഫാ. ജോസ് കരിവേലിക്കൽ, അഡ്വ. രാജീവ് കൊച്ചുപറമ്പിൽ, അഡ്വ. മനു വരാപ്പള്ളി, ജോർജ്ജ് കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു. 131 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റാനും ജനവാസമേഖലകൾ മുഴുവൻ ESA പരിധിയിൽനിന്നും ഒഴിവാക്കാനും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒരു ഏകോപന സമിതിയുടെ നേതൃത്വത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.

  • ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ

ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇത് അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ തെരച്ചിലിൽ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു.ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്. ഇതേ പോയിന്റിൽ നടത്തിയ തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

  • വികസനം ജനകീയമാക്കിയ മാണി സി കാപ്പൻ മലവെള്ള പാച്ചിലിൽ  തകർന്ന മൂന്നിലവ് പഞ്ചായത്തിലെ  കടപുഴ പാലത്തിന്റെ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ചു

പാലാ :മൂന്നിലവ് :മലവെള്ള പാച്ചിലിൽ  തകർന്ന മൂന്നിലവ് പഞ്ചായത്തിലെ  കടപുഴ മേച്ചാൽ പാലത്തിന്റെ നിർമ്മാണ ജോലികൾ ഇന്ന് രാവിലെ പാലാ എം എൽ എ മാണി സി. കാപ്പൻ തുടക്കം കുറിച്ചു. കടപുഴയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ വച്ചാണ് കാപ്പൻ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ചത്. വർഷങ്ങളായി കടപുഴ പാലം തകർന്നു  കിടക്കുകയായിരുന്നു. ഈ പാലം പണി പൂർത്തിയാക്കാൻ താൻ കഠിന പ്രയത്നം നടത്തിയെന്നും ചില ശക്തികൾ അതിനു എതിര് നിന്നുവെന്നും എന്നിരുന്നാലും സോയിൽ ടെസ്റ്റിന് 3.56 ലക്ഷം നീക്കി വച്ച് ഈ പാലത്തിന്റെ നിർമ്മാണജോലികൾ നടത്തുവാൻ കഴിഞ്ഞതിൽ തനിക്ക് ചാരിതാർഥ്യമുണ്ടെന്നും മാണി സി.  കാപ്പൻ കടപുഴ പാലത്തിന്റെ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ച്  സംസാരിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക്, പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ ,ബിന്ദു സെബാസ്റ്റ്യൻ, പി.എൽ സെബാസ്റ്റ്യൻ ,ഇ കെ കൃഷ്ണൻ ,റീനാ റെനോൾഡ്, ലിൻസി ജെയിംസ് ,ഷാൻ്റി മോൾ സാം ,ജോഷി ജോഷ്വാ, പീറ്റർ പന്തലാനി ( താലൂക്ക് വികസന സമിതിയംഗം) റോയി ജോൺ ,സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ ,ഷൈൻ പാറയിൽ ,ബിനോയി ക പ്ളാങ്കൽ ,സെബാസ്ത്യൻ പൈകട, ജിജി നിരപ്പേൽ (കെ. ഡി.പി മണ്ഡലം പ്രസിഡണ്ട്) ജോയി കുളത്തുങ്കൽ ,പി.ജെ ജോർജ് ,ബാബു കൊടിപ്ളാക്കൽ, ജോൺസൻ പി.ജെ ,തങ്കച്ചൻ മുളങ്കുന്നം ,സന്തോഷ് കാവുകാട്ട് ,എം .പി കൃ ഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

  • കൊച്ചി മുനമ്പത്തെ മനുഷ്യ ജനതയോട് ഐക്യദാർഢ്യം : കെ.സി.വൈ.എം സംസ്ഥാന സമിതി

വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്ന സമയത്തുതന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വ രാഹിത്യമെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തിൽ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയിൽ വിചിത്രമായ ചില നിയമങ്ങളുടെ പേരിൽ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്‌തു കൊണ്ട് ഒരു ജീവിതായുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ നൽകി പൂർവികർ വില കൊടുത്തു വാങ്ങിയ സ്ഥലത്തിന് തങ്ങൾക്കു ഒരു അവകാശവും ഇല്ല എന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നെങ്കിലും നിത്യവൃത്തിക്കായി കടലിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരായ കൊച്ചി മുനമ്പം തീരദേശത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി അനുഭവിക്കുന്ന യാതനകൾ സങ്കടകരമാണ്. സ്വന്തം പേരിൽ ഉള്ള ഭൂമി കൈമാറ്റം ചെയ്യാനോ വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥ. ഭൂമിയുടെ ഉടമസ്ഥൻ എങ്കിലും ആ ഭൂമിയിൽ ഒരു അവകാശവും ഇല്ലാത്ത അവസ്ഥ. വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതിന്റെ പേരിൽ സ്വന്തം സ്ഥലത്തിന്റെ അവകാശത്തിന് വേണ്ടി അധികാരികളുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ തികച്ചും പ്രതിഷേധകരമാണ്. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേർന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉൾപ്പെടെ അന്യായമായി വഖഫ് ബോർഡ് അവകാശം ഉന്നയിക്കുമ്പോൾ പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ റവന്യൂ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്. വർഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളിൽ തങ്ങളുടേതല്ല എന്ന് പറയുന്നതിൻ്റെ വിരോധാഭാസം ഏത് ഭേദഗതികളുടെ പേരിലാണെലും അഗീകരിച്ചു കൊടുക്കാൻ സാധ്യമല്ല. ഈ വിഷയത്തിൽ സർക്കാരുകൾ പാലിക്കുന്ന മൗനം ആശാസ്യകരമല്ല എന്നും മുനമ്പത്തെ നാനാജാതി മതസ്ഥരായ ജനങ്ങളെ അവരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് കുടിയിറക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ. എം.ജെ ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷാലിൽ ജോസഫ്, വൈസ് പ്രസിഡന്റുമാരായ കുമാരി അനു ഫ്രാൻസിസ്, ശ്രീ. ഷിബിൻ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ. സുബിൻ സണ്ണി, ശ്രീ. അഗസ്റ്റിൻ ജോൺ, കുമാരി മരീറ്റ് തോമസ്, കുമാരി മെറിൻ എം.എസ്, ട്രഷറർ ശ്രീ.ഡിബിൻ ഡോമിനിക്, സംസ്ഥാന ഡയറക്ടർ റവ.ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, അസി. ഡയറക്ടർ സി.നോർബർട്ട സി.റ്റി.സി എന്നിവർ സംസാരിച്ചു.

  • ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എഎം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകൾ ആശ കോടതിയെ സമീപിക്കുകയായിരുന്നു. മകളുടെ ഭാഗം കൂടി കേട്ട് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും അനാട്ടമി ആക്ട് അനുസരിച്ച് മെഡിക്കൽ കോളജിന് അന്തിമ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

  • നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് മൊബൈലിലൂടെ ഡൗൺലോഡ് ചെയ്യാം

https://cr.Isgkerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക

►വെബ്സൈറ്റിലെ certificate search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

പിന്നീട് വരുന്ന പേജിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം സെലക്ട് ചെയ്യണം

സർട്ടിഫിക്കറ്റ് വേണ്ട വ്യക്തിയുടെ ജനന വർഷത്തിൽ ക്ലിക്ക് ചെയുക

►പിന്നീട് മാതാവിൻ്റെ പേരും രേഖപ്പെടുത്തുക

►രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ലഭ്യമാകും

  • ഛത്തീസ്ഗഡിൽ ഇടിമിന്നലേറ്റ് 8 മരണം

ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലാണ് സംഭവം. ഇടിമിന്നലേറ്റ് ആറ് കുട്ടികൾ ഉൾപ്പടെ 8 പേരാണ് മരണപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പ്ലസ് വണ്ണിലെ പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്.കനത്ത മഴയെത്തുടർന്ന് മരത്തിന് സമീപത്തെ ഷെഡ്ഡിനടിയിൽ നിൽക്കുന്ന സമയത്തായിരുന്നു അപകടം നടന്നതെന്ന് ജില്ലാ കളക്ടർ സഞ്ജയ് അഗർവാൾ സ്ഥിരീകരിക്കുന്നു.

  • സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യയാത്രക്കിടെ എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍

എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച് മകള്‍. ഫ്രീസറില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിച്ച ആശാ ലോറന്‍സിനെയും മകന്‍ മിലന്‍ ലോറന്‍സിനെയും ബന്ധുക്കള്‍ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം തത്കാലം വൈദ്യപഠനത്തിന് വിട്ടുനല്‍കരുതെന്നും മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് ആശയുടെ ഹര്‍ജി പരിശോധിച്ച ശേഷം ഹൈക്കോടതി നിര്‍ദേശം. പള്ളിയില്‍ സംസ്‌കരിക്കണമെന്നാണ് ആശാ ലോറന്‍സിന്റെ ആവശ്യം. 

  • ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം

ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിലെ 300 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് 80,000 സംശയാസ്പദമായ കോളുകള്‍ ലഭിച്ചതായി ലെബനീസ് ടെലികോം ഓപ്പറേറ്റര്‍ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. 

  • ഷിരൂരിൽ ഇന്ന് റെഡ് അലര്‍ട്ട്

ഇന്ന് റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന. ഇന്ന് റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന. 

  • മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം

മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.

  • ഷിരൂർ തെരച്ചലിൽ നിർണായക കണ്ടെത്തൽ

കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി.  ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർ സി ഉടമ മുബീൻ ലോഹഭാഗം തിരിച്ചറിഞ്ഞു. മാസങ്ങളായി നടത്തുന്ന തെരച്ലിൽ അർജുന്‍റെ  ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ഇതാദ്യമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – കാരുണ്യ മാതാവ്

മദ്ധ്യകാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയുടെ എതിരാളികള്‍ അനേകം ക്രിസ്ത്യാനികളെ തടവിലാക്കി. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി...

ഷിരൂർ തെരച്ചലിൽ നിർണായക കണ്ടെത്തൽ

കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി...

മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം

മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ...

ഷിരൂരിൽ നാളെ റെഡ് അലര്‍ട്ട്

നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും...