2025 സെപ്റ്റംബർ 23 ചൊവ്വ 1199 കന്നി 07
വാർത്തകൾ
🗞️👉 എസ്എംവൈഎം പാലാ രൂപതയുടെ ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു.
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു. രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു. അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, തീക്കോയി, തുടങ്ങനാട് ഫൊറോന കേന്ദ്രങ്ങളിൽ നടത്തപ്പെട്ട സന്ദർശനങ്ങൾ ആറുമാസമെടുത്താണ് പൂർത്തീകരിച്ചത്. കൂത്താട്ടുകുളം തിരുക്കുടുംബ ഫൊറോന പള്ളിയിൽ നടന്ന സമാപനത്തിന് രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോസഫ് മരോട്ടിക്കൽ, രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ഫൊറോന പ്രസിഡൻ്റ് ഷിൽന ഷൈജു, റോബിൻ റ്റി. ജോസ് താന്നിമല, എബിൻ കല്ലറയ്ക്കൽ, അഡോൺ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
🗞️👉 സംസ്ഥാനത്തെ SIR നടപടികൾ നീട്ടിവെക്കണം; സാവകാശം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ (SIR ) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി. സർവ്വകക്ഷി യോഗത്തിൽ ഈ ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് നിർദേശം. കേരളത്തിൽ അടുത്ത മൂന്ന് മാസങ്ങൾക്ക് ശേഷം തദ്ദേശതിരഞ്ഞെടുപ്പും എട്ട് മാസങ്ങൾക്ക് ശേഷം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെ നാല് മാസം സമയം വേണ്ടി വരുന്ന വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സാവകാശം തേടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർപട്ടിക പരിഷ്കരണം നിലവിൽ പ്രായോഗികമല്ലെന്ന് നിർദേശങ്ങൾ വന്നിരുന്നു.
🗞️👉 ഇറാനിയന്‍ അച്ചുതണ്ടിനെ ഇല്ലാതാക്കും, ഹമാസിനെ തകര്‍ക്കും: നെതന്യാഹു
ഇറാനിയന്‍ അച്ചുതണ്ടിനെ ഇല്ലാതാക്കുകയും ഹമാസിനെ തകര്‍ക്കുകയുമാണ് ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുമെന്ന സൂചനയും നെതന്യാഹു നല്കി. ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിലാണ് നമ്മളെന്നും ജൂണ്‍ മുതല്‍ ആരംഭിച്ച ഓപ്പറേഷന് റൈസിങ് ലയണോടെ ഇസ്രയേല്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും നെതന്യാഹു പറഞ്ഞു. വരുന്ന വര്‍ഷം ഇസ്രയേല്‍ സുരക്ഷയ്ക്ക് നിര്‍ണായകമായ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പ്രതിരോധ സേനയുടെ ജനറല്‍ സ്റ്റാഫ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍.
🗞️👉 വയലിൽ വോളി: ആതിഥേയർക്ക് ജയം.
നാല്പത്തിനാലാമത് ബിഷപ്പ് വയലിൽ വോളീബോൾ ടൂർണമെന്റിന് പാലാ സെന്റ് തോമസ് കോളേജിൽ തുടക്കമായി. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ സാൽവിൻ കാപ്പിലിപ്പറമ്പിൽ, പാലാ മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ ‘സ്മാഷോ’ ബോൾ മാണി സി കാപ്പൻ എം.എൽ.എയ്ക് കൈമാറി. ഉദ്ഘാടന മത്സരത്തിൽ പാലാ സെന്റ് തോമസ് കോളേജും കോട്ടയം സി.എം.എസ് കോളേജും ഏറ്റുമുട്ടിയപ്പോൾ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് നേരിട്ടുള്ള 3 സെറ്റുകൾക്ക് സിഎംഎസ് കോളേജിനെ കീഴടക്കി ആദ്യ ജയം സ്വന്തമാക്കി. സ്കോർ 25-23, 25-20, 25-23. ചൊവ്വാഴ്ച രാവിലെ നടക്കുന്ന മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലിയെ നേരിടും. ചൊവ്വാഴ്ച വൈകുന്നേരം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഫൈനൽ മത്സരങ്ങളും സമാപന സമ്മേളനവും 26’നു കോളേജിൽ വെച്ച് നടക്കും.
🗞️👉 ‘158 കോടി കുടിശ്ശികയുണ്ട്, മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാര്‍
ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്.
🗞️👉 എസ്.എം. വൈ. എം തീക്കോയി ഫൊറോന കലോത്സവം വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .
വെള്ളികുളം:എസ്. എം വൈ .എം .തീക്കോയി ഫൊറോന സംഘടിപ്പിച്ച ജ്വാല 2025 കലോത്സവത്തിൽ വെള്ളികുളം ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലളിതഗാനം ഫാൻസി ഡ്രസ്സ് ,പ്രസംഗം, ഫോട്ടോഗ്രാഫി എന്നീ വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കി. ലളിതഗാനം മത്സരത്തിൽ ആഗ്നസ് മരിയ അനീഷ് കൊള്ളികൊളവിൽ ഒന്നാം സ്ഥാനവും സേറാ ആൻ ജോസഫ് താന്നിക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാൻസി ഡ്രസ്സ് മത്സരത്തിൽ ജീവൻ ജോർജ് ഇഞ്ചയിൽ,അലൻ റോബിൻ വിത്തു കളത്തിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫോട്ടോഗ്രാഫി മത്സരത്തിൽ സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ രണ്ടാം സ്ഥാനവും അലൻ ജേക്കബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റമ്പാൻ പാട്ട്, സുറിയാനി പാട്ട്, മൈം , സംഘഗാനം എന്നീ ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ.സ്കറിയ വേകത്താനം,മദർ സുപ്പീരിയർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി.,ജോമോൻ കടപ്ളാക്കൽ,സിസ്റ്റർ ഷാൽബി മുകളേൽ സി.എം.സി , സ്റ്റെഫി മരിയ മൈലാടൂർ എന്നിവർ അഭിനന്ദിച്ചു.













