2024 സെപ്റ്റംബർ 22 ഞായർ 1199 കന്നി 06
വാർത്തകൾ
- മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം
ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ ആത്മീയനന്മകൾ സംബന്ധിച്ച രേഖ പുറത്തിറക്കി. മജുഗോറിയയിലെ ഇടവകയിൽ പരിശുദ്ധ അമ്മയോടുള്ള പൊതുവണക്കം അനുവദിച്ച പരിശുദ്ധ സിംഹാസനം പക്ഷെ, ഡികാസ്റ്ററി പുറത്തുവിട്ട “നുള്ള ഒസ്‌താ” എന്ന, രേഖയിൽ, മജുഗോറിയയിൽ “അമാനുഷികമായ” എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നില്ല. സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം മജുഗോറിയ മരിയൻ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസ് ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖ, പരിശുദ്ധ അമ്മ പലവുരു പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ സ്ഥലത്തെ, ആത്മീയഫലങ്ങളിലെ നന്മകളെ ഏറ്റുപറയുന്നതാണ്. ഈ ഭക്തികേന്ദ്രത്തിൽ ലഭിച്ച ഫലങ്ങൾ വിശ്വാസികളിൽ തിക്തഫലങ്ങൾ ഉളവാക്കുന്നവയല്ലെന്ന് രേഖ വിശദീകരിച്ചു. സെപ്റ്റംബർ പത്തൊൻപത്തിന് പ്രസിദ്ധീകരിച്ച ഈ രേഖ, മെജുഗോറിയയിൽ പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട പൊതുവായ വണക്കം അംഗീകരിക്കുന്നതാണ്.
- ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്നലെ തുടങ്ങി
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്നലെ തുടങ്ങി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്പോട്ടിലെ മണ്ണും, കല്ലുകളുമായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കുക.
- ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി
റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ് തദ്ദേശ സ്ഥാപനം അനുമതി നൽകിയത്. സെക്രട്ടറിയുടെ നടപടി പരിശോധിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി. ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്കാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് 2023-ൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
- കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം
കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാൻ എത്തി. വൈകിട്ട് നാലുമണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
- ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി
ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം താഴേക്കിറങ്ങി 126-ാം സ്ഥാനത്താണ് ഇപ്പോ ഇന്ത്യ. അടുത്ത കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. ഈവർഷം ഇത് അഞ്ചാമതാണ് ഇന്ത്യ റാങ്കിങ്ങിൽ താഴേക്ക് പതിക്കുന്നത്. അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാർ.
- യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തിന്റെ സ്വകാര്യതയെ ഓർത്ത് മരണപ്പെട്ടയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും ഭൗതിക ശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അന്വേഷണം നടത്തുന്നുണ്ട്.
- അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും
അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോഴാണ് പ്രിയ താരങ്ങൾ തങ്ങളുടെ അമ്മയെ അവസാനമായി കാണാൻ എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് ഇരുന്നാണ് കവിയൂർ പൊന്നമ്മയ്ക്ക് വിട നൽകുന്നത്.
- 5 ജില്ലകളിൽ മഴ വരുന്നു
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകൾക്ക് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്നലെ പച്ച അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് ജില്ലകൾക്കും വെള്ള അലർട്ടാണുള്ളത്.
- ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ
ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 3 വിദ്യാർഥികൾക്കാണ് ചിക്കൻ കറിയിൽ നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നു വിദ്യാർഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതിനിടെ, പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു.
- ഷിരൂരിലെ വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ
ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ എന്ന് കരുതുന്ന കയറിന്റെയും ടയറിന്റെയും ദൃശ്യങ്ങളിൽ പുറത്ത്. വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങളാണു് പുറത്തായത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എടുത്ത ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
- പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട
അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു. കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ആലുവയിലേക്ക് വീട്ടിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. നടൻ സുരേഷ് ഗോപിയും രഞ്ജി പണിക്കരും ചേർന്നാണ് ഭൗതിക ശരീരം തോളിലേറ്റി കൊണ്ടുവന്നത്. സിനിമ-സാമൂഹിക മേഖലയിലെ പ്രമുഖരും നിരവധി നാട്ടുകാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
- ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുളള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. ദില്ലി ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. അയോധ്യ, സീതാമർഹി, ജനക്പൂർ, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങൾ ഉൾക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്. ഇന്ത്യയുടെയും നേപ്പാളിന്റെയും സാംസ്കാരിക പൈതൃകത്തെ അറിയാൻ ഈ യാത്ര സഹായിക്കും.
- TCS ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്
ഇന്ത്യയിലെ മുൻനിര IT സ്ഥാപനമായ TCS തുടർച്ചയായ 3-ാം വർഷവും ഏറ്റവും മൂല്യമുള്ള ബ്രാൻഡെന്ന നേട്ടം നില നിർത്തി. HDFC, എയർടെൽ, Infosys, SBI എന്നിവ തൊട്ടു പിന്നിലുണ്ട്. ലോകത്തെ പ്രമുഖ മാർക്കറ്റിംഗ് ഡാറ്റ&അനലിറ്റിക്സ് കമ്പനിയായ കാന്താർ ബ്രാൻഡ് ഇസഡ് ആണ് ഈ റിപ്പോർട്ട് തയാറാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16% വർധനയാണ് TCS കൈവരിച്ചത്. 4 ലക്ഷം കോടി രൂപയാണ് TCS ബ്രാൻഡ് മൂല്യം.
- കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല
ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ ലോറിയുടെ ടയറും അക്സിലുമാണെന്ന് അർജുന്റെ ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. തന്റെ ലോറിയുടെ ആക്‌സിലിന്റെ നിറം കറുപ്പാണെന്നും പുറത്തെടുത്തത് ചുവന്ന ആക്സിലാണെന്നും മനാഫ് പറഞ്ഞു. വീണ്ടും പരിശോധന നടത്തുമെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു.
- കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം
കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട് ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങുകയാണ് മുകേഷ് അംബാനി. 2022ൽ ഏറ്റെടുത്ത കാംപ എന്ന ബ്രാന്റിലൂടെയാണ് അംബാനിയുടെ എൻട്രി. കാംപയുടെ വില 50 ശതമാനം കുറച്ച് ഈ ഉൽസവ സീസണിൽ വിപണിയിൽ തംരംഗമാകാനാണ് റിലയൻസ് പദ്ധതിയിടുന്നത്. 250 മില്ലി കുപ്പികൾ വെറും 10 രൂപയ്ക്ക് ആണ് കാംപ വിൽക്കുന്നത്.
- മോദി അമേരിക്കയിൽ എത്തി
മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യു എസിലെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളുമായി മോദി ഉഭയകക്ഷിചർച്ചകൾ നടത്തും. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. നിരവധി പേരാണ് മോദിയെ സ്വീകരിക്കാൻ ഫിലാഡൽഫിയയിൽ എത്തിയത്.
- ദില്ലി മുഖ്യമന്ത്രിയായി ആതിഷി അധികാരമേറ്റു
ആതിഷി മർലേന ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ലഫ്റ്റനന്റ് ഗവർണർ വികെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. അരവിന്ദ് കെജ്രിവാൾ അടക്കം നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ദില്ലിയിൽ മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. ഗോപാൽ, കൈലാഷ്, സൗരഭ്, ഇമ്രാൻ, മുകേഷ് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
- കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്
ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് നിതിൻ ജാംദാർ വൈകാതെ തന്നെ ചീഫ് ജസ്റ്റിസ് ആയി അധികാരമേൽക്കും. കേരള ഹൈക്കോടതിക്ക് പുറമെ 7 ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് നിയമനം.
- വ്യോമസേനയ്ക്ക് പുതിയ മേധാവി
ഇന്ത്യൻ വ്യോമസേന മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ് ചുമതലയേൽക്കും. എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി സെപ്റ്റംബർ 30ന് വിരമിക്കുന്നതിനെ തുടർന്നാണ് നിലവിൽ വ്യോമസേനാ ഉപമേധാവിയായ അമർ പ്രീത് സിങ് വ്യോമസേന മേധാവി പദവിയിലേക്കെത്തുന്നത്. ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി’ യുടെ നേതൃനിരയിൽ എയർ മാർഷൽ അമർ പ്രീത് സിങുമുണ്ടായിരുന്നു.
- സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു
മുതിർന്ന CPM നേതാവ് എംഎം ലോറൻസ് (95) അന്തരിച്ചു. 2015 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ക്ഷണിതാവായി തുടരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന CPM നേതാവാണ് എംഎം ലോറൻസ്. കേന്ദ്ര കമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, CITU സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്ഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
- NCCയുടെ ആഭിമുഖ്യത്തിൽ ശുചീകരണ യജ്ഞം
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി NCCയുടെ അഭിമുഖ്യത്തിൽ ‘വിഴിഞ്ഞം-കോവളം-ശംഖുമുഖം’ തീരപ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബീച്ചുകളിൽ ഒരേസമയത്ത് ‘ബീച്ച് കോമ്പിംഗ് ഓപ്പറേഷൻ’ എന്ന പേരിലാണ് ശുചീകരണ യജ്ഞം നടത്തിയത്. ശംഖുമുഖം ബീച്ചിൽ നടന്ന ചടങ്ങ് ബ്രിഗേഡിയർ ആനന്ദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എൻസിസി ഗ്രൂപ്പിന്റെ എല്ലാ വിഭാഗത്തിലെയും കേഡറ്റുകൾ യജ്ഞത്തിൽ പങ്കെടുത്തു.
- അയോധ്യയിലെ പള്ളി നിർമാണം; തിരിച്ചടി
സുപ്രിംകോടതി ഉത്തരവിലൂടെ അയോധ്യയിൽ പുതിയ പള്ളി നിർമിക്കാൻ രൂപീകരിച്ച സമിതികൾ പിരിച്ചുവിട്ടു. ധന്നിപൂരിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ച് നാലു വർഷമായിട്ടും ഒരു കോടി രൂപ മാത്രമാണ് സമാഹരിച്ചത്. ഇതേത്തുടർന്നാണ് സുന്നി സെൻട്രൽ വഖ്ഫ് ബോർഡ് രൂപീകരിച്ച ഇന്തോ-ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷനു കീഴിലുള്ള 4 സമിതികളും പിരിച്ചുവിട്ടത്. പണം സ്വരൂപിക്കാൻ
- വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ക്വാൽകോം
സ്മാർട്ട്ഫോണുകളിലെ ചിപ്പുകൾ നിർമിച്ചു നൽകുന്ന ക്വാൽകോം എന്ന കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ടെക്ക് ഭീമൻ നിലവിൽ 216 തൊഴിലാളികളെയാണ് പിരിച്ചുവിടാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെറിയ സംഖ്യയാണെന്ന് തോന്നാമെങ്കിലും, കഴിഞ്ഞ വർഷവും ഇതേ കമ്പനി 1250 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു എന്നതും ഓർമിക്കേണ്ടതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision