2025 സെപ്റ്റംബർ 21 ഞായർ 1199 കന്നി 05
വാർത്തകൾ
🗞️👉 ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മലയാളത്തിന്റെ മോഹന്‍ലാലിന്
മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
🗞️👉 പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.മോഹൻലാൽ അഭിനയ മികവിന്റെ പ്രതീകമാമാണെന്നും മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹൻലാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും മോദി എക്സിൽ കുറിച്ചു.
🗞️👉 അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം
ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. പനിയും തലവേദനയുമായി ഇന്നലെ വൈകിട്ടാണ് 13 കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി രണ്ട് മാസം മുൻപ് പുഴയിൽ കുളിച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കെ.ജി സജിത്ത് കുമാർ പറഞ്ഞു. കുട്ടിക്ക് രണ്ട് ദിവസമായി തലവേദന, ഛർദി തുടങ്ങിയവ ഉണ്ടായിരുന്നു. കുട്ടി ഐസിയുവിൽ ചികിത്സയിലാണുള്ളത് ആശങ്കപ്പെടെണ്ടതില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഇന്നലെ 5 രോഗികൾ അഡൽറ്റ് വാർഡിലും കുട്ടികളുടെ വാർഡിൽ 4 പേരും ഉണ്ടായിരുന്നു. രോഗം ബാധിച്ച് മരിച്ച റഹീം ആശുപത്രിയിൽ വരുന്ന സമയത്ത് തന്നെ അബോധാവസ്ഥയിലായിരുന്നു. കൂടെ ഉണ്ടായിരുന്നവരാണ് ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
🗞️👉 ‘ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയം, ഭക്തർക്ക് അഭിനന്ദനങ്ങൾ’; രാജീവ് ചന്ദ്രശേഖർ
ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമം ഭക്തർ ബഹിഷ്കരിച്ചു. പിണറായിയുടെ കാപട്യം തിരിച്ചറിഞ്ഞ് സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങളെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിനെയും സിപിഐഎമ്മിനെയും പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരെയല്ല, ജനങ്ങളെ സേവിക്കുന്ന സത്യസന്ധരായ നേതാക്കളെയാണ് ഞങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🗞️👉 മൂന്നിലവ് സെന്റ്.പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും ദിനപ്പത്ര വിതരണോദ്ഘാടനവും നടത്തി
മൂന്നിലവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും സ്കൂൾ NSS യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ വലിയകുമാരമംഗലം സെൻ്റ്.പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും കണ്ണടവിതരണവും ദീപിക ദിനപ്പത്രത്തിന്റെ വിതരണോദ്ഘാടനവും നടത്തപ്പെട്ടു.
🗞️👉 വിശ്വാസം ജീവിതബന്ധിയാകണം : മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ : വിശ്വാസം ജീവിത ബന്ധിയാകണമെന്നും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രാപ്തരാകണമെന്നും പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, നിഖ്യാ സൂനഹദോസിന്റെ 1700 ആം വാർഷിക ആചാരണവും, പഠന ശിബിരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്ന പഠന ശിബിരം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി അധ്യാപകനും, പണ്ഡിതനുമായ റവ. ഫാ. ഡോ. ജെയിംസ് പുലിയുറുമ്പിൽ നയിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോയിന്റ് ഡയറക്ടർ സി. നവീന സിഎംസി, ജോസഫ് വടക്കേൽ, എഡ്വിൻ ജെയ്‌സ്, മിജോ ജോയി, എബിൻ കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നൂറോളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.













