2025 സെപ്റ്റംബർ 20 ശനി 1199 കന്നി 04
വാർത്തകൾ
🗞️👉 തെള്ളകം അഹല്യ ഐ ഹോസ്പിറ്റൽ റെറ്റിന ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം 21-ന്
ഏറ്റുമാനൂർ: തെള്ളകം അഹല്യ ഐ ഹോസ്പിറ്റൽ റെറ്റിന ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം 21-ന്
രാവിലെ 10-ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലിജോർജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി വാർഡ് കൗൺസിലർ അൻസു ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
🗞️👉 പാലാ അൽഫോൻസാ കോളേജ് യൂണിയൻ “സമർത്ഥ” ഉദ്ഘാടനം ചെയ്തു
പാലാ: പാലാ അൽഫോൻസാ കോളേജ് 2025-26 അദ്ധ്യയന വർഷത്തെ കോളേജ് യൂണിയൻ “സമർത്ഥ,” ഉദ്ഘാടനം ചെയ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. മിനിമോൾ മാത്യു യൂണിയൻ ഭാരവാഹികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യൂണിയൻ ചെയർപെഴ്സൺ മിസ് റിയാ ജെയ്സൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ശ്രീ ജ്യോതിസ് മോഹൻ ഐ ആർ എസ് മുഖ്യാതിഥിയായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച അദ്ദേഹം, പഠനത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കണമെന്നും വ്യക്തമായ ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു മുന്നേറണമെന്നും വിദ്യാർത്ഥിനികളോട് ആഹ്വാനം ചെയ്തു.
🗞️👉 സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തില്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്മാന് ആണ് പരാതി നല്‍കിയത്.
ജലപീരങ്കളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് എന്ന് ഉറപ്പ് വരുത്തണം എന്നാണ് പരാതിയില്‍ ആവശ്യം.
🗞️👉 അഞ്ചാമത് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കള്‍
25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബ്, ടൗണ്‍ ബോട്ട് ക്ലബ്ബ്, തെക്കേക്കര ബോട്ട് ക്ലബ്ബ് എന്നിവയാണ് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ജേതാക്കളായിരിക്കുന്നത്. വിബിസി കൈനകരിയുടെ കരുത്തിലാണ് വീയപുരം കപ്പുയര്‍ത്തുന്നത്.
🗞️👉 എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യത എത്രയും വേഗം തീര്‍ക്കും ; സണ്ണി ജോസഫ്
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍, ധാര്‍മിക ബാധ്യതയുണ്ട്. കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്‍എം വിജയന്റെ കടബാധ്യത അടച്ചു വീട്ടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും.
🗞️👉 കാർഷിക സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം
കുറുമണ്ണ് :സെൻ്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയായ പച്ചക്കുടുക്കയുടെ ഉദ്ഘാടനം തൊടുപുഴ കാഡ്സ് ചെയർമാൻ ശ്രീ ആൻറണി കണ്ടിരിക്കൽ നിർവഹിച്ചു. സ്കൂൾ മാനേജർഫാ. തോമസ് മണിയൻചിറ അധ്യക്ഷത വഹിച്ചു. വീട്ടിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾ സ്കൂളിൽ എത്തിച്ച് തൊടുപുഴ കാഡ്സ് സൊസൈറ്റിക്ക് കൈമാറുകയും ഓരോ കുട്ടിക്കും ലഭിക്കുന്ന തുക അതാത് ദിവസം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ്, പി.റ്റി.എ പ്രസിഡൻ്റ് സുബി തോമസ്, സ്റ്റാഫ് പ്രതിനിധി ജോൺസ്മോൻ കെ.ഇ എന്നിവർ പ്രസംഗിച്ചു.













