2025 സെപ്റ്റംബർ 18 വ്യാഴം 1199 കന്നി 02
വാർത്തകൾ
🗞️👉 കെ.എം.മാണിക്യാൻസർ സെൻ്റെർറേഡിയേഷൻ ബ്ലോക്കിന് തറക്കല്ലിട്ടു
പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ശില പാകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം കണ്ടെത്തി കാലേകൂട്ടി പ്രതിരോധിക്കുവാനും ചിലവേറിയ ചികിത്സകളിൽ നിന്നും രോഗികളുടെ മോചനവും ലക്ഷ്യമാക്കി പ്രദേശിക തലത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സമഗ്ര പദ്ധതി തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
🗞️👉 ന്യായവില ഉറപ്പാക്കാൻ കർഷകകൂട്ടായ്മകൾക്ക് സാധിക്കും:ടോം ജേക്കബ് ആലയ്ക്കൽ
കൊഴുവനാൽ: കാർഷികവിളകൾക്കും ഉൽപ്പന്നങ്ങൾക്കും ന്യായവില ഉറപ്പാക്കാൻ കർഷക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ അഭിപ്രായപ്പെട്ടു. കർഷകർ തങ്ങളുടെ പരിമിതമായ കാർഷിക വിളകൾക്കും ഉല്പന്നങ്ങൾക്കും വിപണി തേടുമ്പോൾ നേരിടുന്ന ചൂഷണത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ കർഷകർ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപണനതന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന കർഷക ദളങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും ഫൊറോനാതല അവലോകനത്തിനും വിലയിരുത്തലിനുമായി കാഞ്ഞിരമറ്റത്ത് നടന്ന സോണൽ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിമേടയിൽ വെച്ച് നടന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം കർഷക ദള ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ നിർവ്വഹിച്ചു. ഫെഡറേഷൻ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സോൺ കോർഡിനേറ്റർ ജിജി സിൻ്റോ , സെക്രട്ടറി ജെയ്മോൻ പുത്തൻപുരയ്ക്കൽ,സിറിയക് തോമസ് വരാച്ചേരിൽ മൂഴൂർ, സണ്ണിച്ചൻ ചേർപ്പുങ്കൽ, ബിനോയി ജോസഫ് അൽഫോൻസാ ഗിരി, ലിസ്സി ചാക്കോ കരിമ്പാനി, തങ്കമ്മ ജോണി കൊഴുവനാൽ തുടങ്ങിയവർ പ്രസംഗിച്ചു. സണ്ണി കളരിക്കൽ, ജോർജ്കുട്ടി കുന്നപ്പള്ളി, ജോസ് മാത്യു തോലാനിക്കൽ, സെബാസ്റ്റ്യൻ ആരുച്ചേരിൽ, പയസ് മൂങ്ങാമാക്കൽ, ജോസഫ് ഓലിയ്ക്കത കിടിയിൽ, ബെന്നി വേങ്ങത്താനം,മാത്യു പ്ലാത്തറ, കൊച്ചുമോൾ ജോബിൻ, മിനി ജോസ്, മിനി ജോണി, മിനി ബിനു,സുനിജാ രാജു, എൽസമ്മ ജയിംസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
🗞️👉 അൽസ്ഹൈമേഴ്‌സ് ദിനം ആചരിച്ചു.
രാമപുരം മാർ ആഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി ലോക അൽസ്ഹൈമേഴ്‌സ് ദിനാചരണ ഭാഗമായി ഡിമെൻഷ്യ അവബോധന ക്‌ളാസും മെമ്മറി വോക്കും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. പാലാ ഡിമെൻഷ്യ കെയർ ജെനറൽ സെക്രട്ടറി പ്രൊഫ. രാജു ഡി കൃഷ്ണപുരം ക്‌ളാസ്സ് നയിച്ചു. തുടർന്ന് നടത്തിയ മെമ്മറി വോക്ക് റാലി പാലാ ഡി വൈ എസ് പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, റവ. ഫാ. ജോവാനി കുറുവാച്ചിറ, പഞ്ചായത്ത് അംഗം മനോജ് സി. ജോർജ്, ഡിപ്പാർട്ടമെന്റ് മേധാവി സിജു തോമസ് എന്നിവർ ആശംസ അർപ്പിച്ചു. കോർഡിനേറ്റർ മാരായ സാന്ദ്ര ആന്റണി,ഐഡ ഇമ്മാനുവൽ, സൈമൺ ബാബു, ഷെറിൻ മാത്യു, വിദ്യാർഥിപ്രതിനിധികളായ അഭിരാമി സജിത്ത്, ആൻ മരിയ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
🗞️👉 സ്കൂട്ടർ മറിഞ്ഞ് പരുക്കേറ്റ പുളിക്കൽകവല സ്വദേശിനി സുമിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ . സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പുളിക്കൽകവല സ്വദേശിനി സുമിയെ ( 33) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പാലാ -കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.














