2025 സെപ്റ്റംബർ 14 ഞായർ 1199 ചിങ്ങം 29
വാർത്തകൾ
🗞️👉 പ്രധാനമന്ത്രിക്കും മാതാവിനുമെതിരായ കോൺഗ്രസിന്റെ ഡീപ് ഫെയ്ക്ക് വീഡിയോയിൽ പൊലീസ് കേസ്
കോൺഗ്രസ് നേതാക്കളെ പ്രതിച്ചേർത്താണ് പൊലീസ് കേസെടുത്തത്. വിഡിയോ പ്രചരിപ്പിച്ചതിനാണ് നടപടി. ബിഹാർ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വ്യാജ വീഡിയോ നിർമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി. ബിജെപി പ്രവർത്തകന്റെ പരാതിയിലാണ് ഡൽഹി പൊലീസിന്റെ നടപടി. എന്നാൽ വീഡിയോയെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി.
🗞️👉 ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം
ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.
🗞️👉 ടി.സിദ്ദിഖിന്റെ ഓഫീസിന് നേരെയുള്ള സിപിഐഎം ആക്രമണം പ്രതിഷേധാര്‍ഹം: സണ്ണി ജോസഫ്
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഐഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല. ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കണം. അണികളെ നിയന്ത്രിക്കാന്‍ സിപിഐഎം തയ്യാറാകണം. അതിന് തയ്യാറല്ലെങ്കില്‍ അത് നേരിടുന്നതിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്ന് അദ്ദേഹം പറഞ്ഞു.
🗞️👉 ടി സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിൽ ക്രിമിനലുകൾ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയിൽ; വി ഡി സതീശൻ
ടി സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച സിപിഐഎം ക്രിമിനൽ സംഘത്തിൻ്റെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എന്തിന് വേണ്ടിയാണ് ക്രിമിനൽ സംഘത്തെ അയച്ച് എംഎൽഎയുടെ ഓഫീസ് തകർത്തതെന്ന് സിപിഐഎം വ്യക്തമാക്കണം. സിപിഐഎം ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തു. സിപിഐഎം പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ പാർട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുകയാണ്.
🗞️👉 തിരുവനന്തപുരം നഗരസഭയുടെ ഹരിതവിപ്ലവം ലോക റെക്കോർഡിലേക്ക്
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരം നഗരസഭ ലോകശ്രദ്ധ നേടിയിരിക്കുന്നു. സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകൾക്ക് ലഭിച്ച അംഗീകാരമായി വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നഗരസഭയെ ആദരിച്ചു. ലണ്ടനിലെ യു.കെ. പാർലമെന്റിൽ നടന്ന ചടങ്ങിൽ വെച്ച് മേയർ ആര്യ രാജേന്ദ്രൻ ഈ അന്താരാഷ്ട്ര പുരസ്കാരം ഏറ്റുവാങ്ങി. കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾക്ക് യു.എൻ. ഹാബിറ്റാറ്റ് അവാർഡും ലഭിച്ച ഇന്ത്യയിലെ ഏക നഗരസഭയാണ് തിരുവനന്തപുരം. ഈ നേട്ടങ്ങളെല്ലാം നഗരത്തിന്റെ ഹരിത ഭാവിക്കായുള്ള അവരുടെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.












