2025 സെപ്റ്റംബർ 13 ശനി 1199 ചിങ്ങം 28
വാർത്തകൾ
🗞️👉 രാമപുരം കോളേജിന് ഐ .എസ്. ആർ. ഒ. അംഗീകാരം
രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ഐ എസ് ആർ ഒ അംഗീകാരം ലഭിച്ചു. ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) സംഘടിപ്പിച്ച മത്സര പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഇതിനായി പ്രയത്‌നിച്ച സ്റ്റാഫ് അംഗങ്ങളായ അഭിലാഷ് വി ,ലിജിൻ ജോയി, ജാസ്മിൻ ആന്റണി, ജോമി ജോസഫ് എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
🗞️👉 എസ്എംവൈഎം പാലാ രൂപതയുടെ കരുതൽ പദ്ധതിക്ക് തുടക്കം
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ എഡ്വിൻ ജെയ്സ്, സെക്രട്ടറി ബെനിസൺ സണ്ണി, ചക്കാമ്പുഴ യൂണിറ്റ് പ്രസിഡൻറ് ജിബിൻ തോമസ്, നീതു ജോർജ്ജ് , ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.
🗞️👉 ചാർലി കിർക്കിന്റെ കൊലപാതകിയെ പിടികൂടിയതായി പ്രസിഡന്റ ഡോണൾഡ് ട്രംപ്
അമേരിക്കൻ പോഡ്കാസ്റ്റർ ചാർലി കിർക്കിന്റെ കൊലപാതകിയെ പിടികൂടിയതായി പ്രസിഡന്റ ഡോണൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അറസ്റ്റിനെ കുറിച്ചുള്ള സൂചന നൽകിയത്. അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തെന്നാണ് ട്രംപ് സ്ഥിരീകരിക്കുന്നത്. കിർക്കിനു നേരെ വെടിയുതിർത്തതിനു ശേഷം പ്രതി രക്ഷപ്പടുന്നതിന്റെ ദൃശ്യങ്ങൾ എഫ്ബിഐ പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് സ്ഥിരീകരിച്ച് ട്രംപ് രംഗത്തെത്തുന്നത്. യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ നിന്നാണ് ചാര്‍ളി കിര്‍ക്കിന് നേരെ വെടിയുതിര്‍ത്തത്. യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ പ്രതി ഓടുന്നതാണ് ദൃശ്യം പുറത്തുവന്നിരുന്നു. ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് ചാർലി കിർക്കിന്റെ കഴുത്തിന് വെടിയേറ്റത്.
🗞️👉 മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ സംഘടനയായ എം ഇ സി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (MECWA) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
കോട്ടയം: കുടുംബശ്രീയിലെ പിന്തുണാസംവിധാനമായ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ സംഘടനയായ എം ഇ സി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (MECWA) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലകളില്‍ നിന്നായി ഇരുപത്തിയൊന്ന് സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ഭാരവാഹികളായി അജീഷ് വേലനിലം,കോട്ടയം (പ്രസിഡന്റ്,)പി.സുനിത,കാസര്‍ഗോഡ് (സെക്രട്ടറി) വനിത ബി,കൊല്ലം(ട്രഷറര്‍) അജിത,എറണാകുളം (വൈസ് പ്രസിഡന്റ്)ജി.ബിന്ദു പത്തനംതിട്ട(ജോ.സെക്രട്ടറി)നൗഷാദ് മങ്കട(മലപ്പുറം )മിനി (കാസര്‍ഗോഡ് )ലിഞ്ചു എസ് (ആലപ്പുഴ ) വിനീത റ്റി പി, (വയനാട് )ജിന്‍ഷിമോള്‍ (മലപ്പുറം ) രാജലക്ഷ്മി എ (ആലപ്പുഴ ) ഒ.സുധിന(കാസര്‍ഗോഡ് ) റ്റി കെ ശ്രീജ(മലപ്പുറം) സുറുമിമോള്‍ പി എസ് (പത്തനംതിട്ട ) സ്രിവ്യ (കൊല്ലം )മുഹ്‌സിന കെ (കൊല്ലം ) രാജലക്ഷ്മി റ്റി പി (കോട്ടയം )സ്മിത കിരണ്‍ (കോട്ടയം) ജലജ (ഇടുക്കി ) എ.ഖൈറുന്നിസ(മലപ്പുറം) (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.മെന്റര്‍മാരായ ജിഷ ബെന്നി,മായാ സുരേഷ് എന്നിവര്‍ വരണാധികാരികളായി പങ്കെടുത്തു.
🗞️👉 ലിസ്സി ആശുപത്രിയിൽ വീണ്ടുമൊരു ഹൃദയ ശസ്ത്രക്രിയ
എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടുമൊരു ഹൃദയ ശസ്ത്രക്രിയ. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നത്. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനെട്ടുകാരനായ അങ്കമാലി സ്വദേശിയുടെ ഹൃദയമാണ് മാറ്റിവയ്ക്കുക. വന്ദേഭാരത് എക്സ്പ്രസിൽ കൊച്ചിയിലെത്തിയ പതിമൂന്നുകാരിയെ ലിസ്സി ആശുപത്രിയിലേക്ക് കൊണ്ടുപോയി.