പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  13

Date:

വാർത്തകൾ

  • കത്തോലിക്കാ സഭാധ്യക്ഷൻ കത്തോലിക്കാഭൂരിപക്ഷരാജ്യമായ കിഴക്കൻ തിമോറിൽ

ഫ്രാൻസിസ് പാപ്പാ നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും സുദീർഘമായ ഒരു യാത്രയിലൂടെയാണ് നാം പാപ്പായെ പിന്തുടരുന്നത്. ഇസ്ലാം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയും, കത്തോലിക്കാഭൂരിപക്ഷമുള്ള കിഴക്കൻ തിമോറും, ഓഷ്യാനയിലെ പാപുവ ന്യൂ ഗിനിയയും, ഏഷ്യയിലെ സിംഗപ്പൂരും അടക്കമുള്ള, മത, സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞ നാലു രാജ്യങ്ങളാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയിൽ പാപ്പാ സന്ദർശിക്കുന്നത്. സെപ്റ്റംബർ രണ്ടിന് ആരംഭിച്ച് സെപ്റ്റംബർ പതിമൂന്നിന് വൈകുന്നേരം അവസാനിക്കുന്ന ഈ യാത്രയുടെ ഭാഗമായി കത്തോലിക്കാസഭയുടെ വലിയ ഇടയൻ, ഇതിനോടകം ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നീ രണ്ടു രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രയിൽ നേരിട്ടും, വാർത്താമാധ്യമങ്ങളിലൂടെയും പാപ്പായുടെ പരിപാടികളിൽ പങ്കെടുത്തതും, ക്രൈസ്തവവിശ്വാസത്തിന്റെയും,  സാക്ഷ്യത്തിന്റെയും ഈ മനോഹരനിമിഷങ്ങളിലൂടെ വിശ്വാസത്തിലും സഹോദരസ്നേഹത്തിലും, സഹകരണമനോഭാവത്തിലും ആഴപ്പെടേണ്ടതിന്റെയും, വിവിധ മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതും.

  • നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി   സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് മാതാ ഹോസ്പിറ്റല്‍ വേളാങ്കണ്ണിമാത കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്് എന്നിവര്‍ പ്രസംഗിച്ചു.

  • സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

  • മുതിർന്നവർക്ക് സൗജന്യ ചികിത്സയുമായി കേന്ദ്രം

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി ലഭിക്കും.

  • ഓണത്തിന് പണിമുടക്ക് പ്രഖ്യാപിച്ചു; സംസ്ഥാനം സ്‌തംഭിക്കും

തിരുവോണ ദിവസത്തിൽ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ. ഐഎൻടിയുസിയിൽ ഉൾപ്പെട്ടവരാണ് നിലവിൽ പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സംഘടനകളുമായി ചർച്ച ചെയ്ത് സംയുക്ത പണിമുടക്ക് നടത്താനുള്ള നീക്കവും സംഘടന നടത്തുന്നുണ്ട്. ശമ്പളവും ഓണം ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. പത്താം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും കൊടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല.

  • ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെ ഉദ്ഘാടനവും ജീവകാരുണ്യ ചികിത്സനിധിയുടെ വിതരണവും

ഏറ്റുമാനൂർ:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെ ഉദ്ഘാടനവും  ജീവകാരുണ്യ ചികിത്സ നിധിയുടെ വിതരണവും വെള്ളിയാഴ്ച 3 30-ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം അസിസ്റ്റൻറ് രജിസ്റ്റാർ കെ .പി .ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും.  67- വർഷം പൂർത്തിയാകുന്ന ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായി പ്രവർത്തിച്ചുവരികയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിലെ ഇടപാടുകാർക്ക് ബാങ്കിൽ വരാതെ തന്നെ മൊബൈൽ ബാങ്കിങ് സംവിധാനത്തിലൂടെ വിരൽത്തുമ്പിലൂടെ ഇടപാടുകളുടെ വിവരം അറിയാൻ സാധിക്കും.

  • സ്നേഹ കുടുക്കൾ കൈമാറി ജൂണിയർ റെഡ് ക്രോസ്സ് അംഗങ്ങൾ

ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്‌നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കുളിലെ റെഡ്ക്രോസ്സ് അംഗങ്ങൾ ഓണത്തോട് അനുബന്ധിച്ച് -ഒരുക്കിയ സ്നേഹ കുടുക്കകൾ – ശ്രദ്ധയമായി -വിദ്യാർത്ഥികൾ സമ്പാദിച്ച ചെറിയ നിക്ഷേപങ്ങൾ കുട്ടിയാണ് വിദ്യാർത്ഥികൾ സ്നേഹകുടുക്കകൾ തയ്യാറാക്കി വിവിധ അഗതിമന്ദിരങ്ങൾക്ക് കൈമാറുന്നത് സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളത്തിൽ ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസിന് വിദ്യാർത്ഥികൾ സ്നേഹ കുടുക്കകൾ കൈമാറ്റി റെഡ്ക്രോസ്സ് അധ്യാപകൻ ജോബി തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി.

  • ഓണത്തിരക്കിൽ കൈത്തറി ഗ്രാമം

ഓണക്കാലം കൈത്തറി ഗ്രാമങ്ങൾക്ക് ഉത്സവകാലമാണ്. നൂറ്റാണ്ടുകളുടെ പഴമയുള്ള തൃശൂർ കൂത്താമ്പുള്ളി കൈത്തറി ഗ്രാമം ഇത്തവണയും പുതിയ ഡിസൈനുകളും കളക്ഷനുമായി തയാറാണ്. റൂറൽആർട്ട് ഹബ് പദ്ധതിയുടെ ഭാഗമായ 20 പൈതൃക ഗ്രാമങ്ങളിൽ ഒന്നാണ് കൂത്താമ്പുള്ളി. തൃശൂർ ജില്ലാ അതിർത്തിയിൽ തിരുവില്വാമലയോട് ചേർന്നാണ് കൂത്താമ്പുള്ളി ഗ്രാമം. 400ലേറെ വർഷം മുമ്പ് മൈസൂരിൽ നിന്ന് കുടിയേറിയവരാണ് കൂത്താമ്പുള്ളിയിലെ മുൻതലമുറ.

  • യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കൽ പഠനത്തിന് നൽകും

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിന് വിട്ടു നൽകും. 14ന് ദില്ലി എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കുമെന്ന് സിപിഎം കേന്ദ്രങ്ങൾ അറിയിച്ചു. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നൽകുക. ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും.

  • യെച്ചൂരിയുടെ വിയോഗത്തിൽ മോദി

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ  വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്ന്

മോദി ഓർമ്മിച്ചു. പാർലമെന്റേറിയനായി   വ്യക്തിമുദ്ര പതിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും  പ്രധാനമന്ത്രി അറിയിച്ചു. യെച്ചൂരിയുടെ വിയോഗത്തിൽ BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനുശോചനം രേഖപ്പെടുത്തി.

  • സര്‍ക്കാരിന്റേത് അപ്രഖ്യാപിത മദ്യനയം; പൊതുസമൂഹം ചെറുത്തുതോല്പ്പിക്കണം – പ്രസാദ് കുരുവിള

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.  ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖല ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

  • ഓഹരി വിപണി നേട്ടത്തിൽ

ഓഹരി വിപണി വൻ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 407 പോയിന്റ് നേട്ടത്തോടെ 81,930ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും 140 പോയിന്റ് ഉയർന്ന് 25,060 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 30 സെൻസെക്സ് ഓഹരികളിൽ 28 എണ്ണം ഉയർന്നപ്പോൾ 2 എണ്ണം മാത്രമാണ് നഷ്ട‌ം നേരിട്ടത്. നിഫ്റ്റിയിലെ 50 ഓഹരികളിൽ 49 എണ്ണം ഉയർന്നപ്പോൾ എണ്ണം 1 മാത്രമാണ് നഷ്ടം നേരിട്ടത്.

  • തൊടിയൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് UDF

കാൽനൂറ്റാണ്ടായി CPM ഭരിച്ച തൊടിയൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് UDF. കോൺഗ്രസിലെ ബിന്ദു വിജയകുമാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒന്നാം വാർഡ് അംഗമായിരുന്ന CPM പ്രതിനിധി സലീം മണ്ണേലിൻ്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം നജീബ് വിജയിച്ചതോടെയാണ് UDF ഭരണം പിടിച്ചെടുത്തത്. UDF സ്ഥാനാർത്ഥി ബിന്ദുവിന് 12 വോട്ടും LDF സ്ഥാനാർഥി നിലവിലെ പ്രസിഡൻ്റിന് 11 വോട്ടും ലഭിച്ചു.

  • കോഴിക്കോട് സ്ക്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു!

കോഴിക്കോട് ഒരു സ്കൂ‌ളിലെ 65 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്‌കൂൾ ഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്. പ്രദേശത്തെ കൂൾ ബാറിൽ നിന്നാകാം അസുഖ ബാധയെന്നാണ് സംശയം. സ്കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. പ്രതിരോധപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

  • പീഡിപ്പിക്കപ്പെട്ടത് 4663 കുട്ടികൾ; കേരളത്തിലെ ഞെട്ടിക്കുന്ന റിപ്പോർട്ട്

കുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന കേസുകളിൽ 10 വർഷത്തിനിടെ സംസ്ഥാനത്ത് 4 മടങ്ങിലേറെ വർധന. 2013ൽ 1,002 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ആയപ്പോൾ 4,663ലെത്തി. പ്രതികളിൽ 76% പേരും കുട്ടികൾ അറിയുന്നവരോ അവരുമായി ബന്ധമുള്ളവരോ ആണ്. ബന്ധുക്കളും സുഹൃത്തുക്കളും കമിതാക്കളും അയൽക്കാരുമെല്ലാം ഉൾപ്പെടും. 15% പ്രതികളുടെ വീടുകളിലും 20% പൊതുസ്ഥലങ്ങളിലും വെച്ചായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഓണം 2024

പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ...

എല്ലാ റെക്കോർഡുകളും തകർത്ത് ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഓഹരി വിപണി ഇന്ന് എല്ലാ റെക്കോർഡുകളും തകർത്ത് വ്യാപാരം ആരംഭിച്ചു. സെൻസെക്സ്...

ഈ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴ സാധ്യത മുന്നറിയിപ്പ്....

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

കടമെടുപ്പിന് വഴിയടഞ്ഞതും ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും മറികടക്കുന്നതിന് സംസ്ഥാനത്ത് വീണ്ടും ട്രഷറി...