2024 സെപ്റ്റംബർ 12 വ്യാഴം 1199 ചിങ്ങം 27
വാർത്തകൾ
- “യുവജനങ്ങളെ നിങ്ങൾ ഭാവിയുടെ പ്രതീക്ഷയാണ്”: ഫ്രാൻസിസ് പാപ്പാ
നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ: കടലും, കുന്നുകളും, ഉഷ്ണമേഖലാ വനങ്ങളുമെല്ലാം ഇടതിങ്ങി നിൽക്കുന്ന ഈ നാട്ടിൽ ഈ ദിവസങ്ങളിൽ തങ്ങുവാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ എല്ലാറ്റിനുമുപരി ധാരാളം യുവജനത അധിവസിക്കുന്ന ഒരു യുവരാജ്യമാണിത്. ഇവിടെ അവതരിപ്പിച്ച മനോഹരമായ പ്രതിനിധാനത്തിലൂടെയും, രാജ്യത്തിൻ്റെ യുവമുഖത്തെക്കുറിച്ച് വിചിന്തനം ചെയ്യാൻ നമുക്ക് സാധിച്ചു. നിങ്ങളുടെ ഈ അതിയായ സന്തോഷത്തിനു വളരെ നന്ദി. “സമുദ്രം ആകാശത്തെ കണ്ടുമുട്ടുന്നിടത്ത്, സ്വപ്നങ്ങൾ ജനിക്കുകയും വെല്ലുവിളികൾ ഉയരുകയും ചെയ്യുന്ന” പാപ്പുവയുടെ സൗന്ദര്യം വിവരിച്ചതിനും നിങ്ങൾക്ക് നന്ദി. “പ്രതീക്ഷയുടെയും, സന്തോഷത്തിന്റെയും പുഞ്ചിരിയോടെ ഭാവിയെ അഭിമുഖീകരിക്കുക,!” എന്ന ആശയം നിങ്ങൾ മുൻപോട്ടു വച്ചതിനും ഒത്തിരി നന്ദി.
- കാലാവസ്ഥ പ്രതികൂലം; അർജുനായുള്ള തിരച്ചിൽ വൈകും
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ വൈകിയേക്കും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തിരച്ചിൽ രണ്ട് ദിവസം കൂടി വൈകിക്കാനാണ് തീരുമാനം. സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഗോവൻ തീരത്ത് കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ഡ്രഡ്‌ജർ എത്തിക്കാൻ സാധിക്കില്ല.
- കാപ്പാ കേസ് പ്രതിക്ക് DYFI ഭാരവാഹിത്വം
BJP വിട്ട് CPMൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ മലയാലപ്പുഴ DYFI മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കൺവെൻഷനിലാണ് തെരഞ്ഞെടുത്തത്. ഈയടുത്ത് DYFI പ്രവർത്തകന്റെ തല അടിച്ചു തകർത്ത സംഭവത്തിൽ പ്രതിയാണ് ഇയാൾ. DYFI കോന്നി ബ്ലോക്ക് കമ്മിറ്റിയിൽ ശരണിനെ ഉൾപ്പെടുത്താനായിരുന്നു പാർട്ടി നേതൃത്വം ആദ്യം ആലോചിച്ചത് എന്നാൽ എതിർപ്പ് ശക്തമായതിനെ തുടർന്നാണ് മേഖല ഭാരവാഹിത്വം നൽകിയത്.
- ഇന്നലെ 5 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ്
5 സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഇന്നലെ തിരുവനന്തപുരത്ത് നടന്നു. 16-ാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകൾ തീരുമാനിക്കുകയാണ് ലക്ഷ്യം. ഹോട്ടൽ ഹയാത്ത് റിജൻസിയിൽ ഏകദിന കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന, കർണാടക, തമിഴ്നാട്, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കും.
- ബ്രസീലിനെതിരെ അട്ടിമറി ജയവുമായി പരാഗ്വെ
ലോകകപ്പ് യോഗ്യതയിൽ ബ്രസീലിനെ തോൽപിച്ച് പരാഗ്വെ. എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. ഡിയേഗോ ഗോമാസാണ് പരാഗ്വെയുടെ ഗോൾ നേടിയത്. അർജന്റീനയും കൊളംബിയക്കെതിരെ തോറ്റിരുന്നു. ലോകകപ്പ് യോഗ്യതയിൽ നിലവിൽ 5-ാം സ്ഥാനത്താണ് ബ്രസീൽ. 8 മത്സങ്ങളിൽ നിന്ന് 10 പോയിന്റാണ് ഉള്ളത്. അർജന്റീന തന്നെയാണ് തെക്കേ അമേരിക്കൻ മേഖലയിൽ ഒന്നാമത്. 8 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്ാണ് ഉള്ളത്.
- തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം
അട്ടക്കുളങ്ങര-തിരുവല്ലം റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് രാവിലെ 6 മുതൽ രാത്രി 10 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത്. ഗതാഗതത്തിനായി അട്ടക്കുളങ്ങര പടിഞ്ഞാറേക്കോട്ട – ഈഞ്ചക്കൽ – ബൈപ്പാസ് റോഡുകൾ ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. –
- അമേരിക്ക വിറച്ച ദിനത്തിന് 23 വയസ്
അമേരിക്കയെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് ഇന്നലെ 23 വയസ്. പേൾ ഹാർബർ ബോംബാക്രമണത്തിന് ശേഷം അമേരിക്ക ഇതുപോലെ നടുങ്ങിയ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. വേൾഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചു കയറിയ രണ്ട് വിമാനങ്ങൾ മൂവായിരത്തോളം പേരുടെ ജീവനാണ് കവർന്നത്. അൽഖ്വയിദ ഭീകരർ നടത്തിയ ഈ അക്രമണങ്ങൾക്കുള്ള മറുപടിയായി ഗ്ലോബൽ വാർ ഓൺ ടെറർ എന്ന പേരിൽ അമേരിക്ക ആരംഭിച്ച പ്രത്യാക്രമണങ്ങൾ ഇന്നും തുടരുകയാണ്.
- ഹരിത ഗ്രഹം സൃഷ്ടിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം’
വൃത്തിയുള്ളതും ഹരിതവുമായ ഒരു ഗ്രഹം സൃഷ്ടിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി. ഗ്രീൻ ഹൈഡ്രജനെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ഊർജ്ജം ലക്ഷ്യമാക്കിക്കൊണ്ട് ജി20 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയാണ് മുമ്പിലെന്നും, പാരിസ് ഉടമ്പടിപ്രകാരം 2030ൽ കൈവരിക്കേണ്ട ലക്ഷ്യം ഒമ്പത് വർഷം മുമ്പ് തന്നെ ഇന്ത്യ നിറവേറ്റിയെന്നും മോദി പറഞ്ഞു.
- സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കർ
ADGP-RSS കൂടിക്കാഴ്‌ച വിവാദത്തിൽ സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ആർഎസ്എസിനെ ന്യായീകരിച്ചത് ശരിയായില്ലെന്നും സ്പീക്കറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നും ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. ഉയരുന്ന ആരോപണങ്ങളിൽ എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. എഡിജിപിയെ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
- KSRTC ഡ്രൈവറുടെ ജീവൻ രക്ഷിച്ച് യുവതി
സമയോചിത ഇടപെടലിലൂടെ KSRTC ഡ്രൈവറുടെ ജീവൻ രക്ഷിച്ച് യുവതി. KSRTC ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീഴുകയും, ഇതിന് പിന്നാലെ പുറത്തേക്ക് വീഴാനാഞ്ഞ ഡ്രൈവറെ യാത്രക്കാരിയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെകെ ഷമീന വലിച്ചുപിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരുമായി തൊട്ടിൽപ്പാലത്തേക്ക് പോകാൻ സ്റ്റാൻഡിൽ നിന്ന് തിരിക്കെവെയാണ് സംഭവം.
- 2 ലക്ഷം വരെ ശമ്പളത്തിൽ ജോലി, ഇന്ത്യക്കാരെ ഇസ്രായേൽ വിളിക്കുന്നു
അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലേക്ക് ജോലിക്കായി ഇന്ത്യക്കാരെ ക്ഷണിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികകളെയും 5,000ത്തോളം പേരെ കെയർഗിവർമാരായും നിയമിക്കും. 10-ാം ക്ലാസും, ബന്ധപ്പെട്ട മേഖലയിൽ സർട്ടിഫിക്കറ്റും വേണം. 2 ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളം ലഭിക്കും. റിക്രൂട്ട്മെന്റിനായി ഇസ്രായേൽ നിന്നും ഒരു സംഘം അടുത്തയാഴ്‌ച ഇന്ത്യയിലെത്തും. മഹാരാഷ്ട്രയിൽ വച്ചായിരിക്കും റിക്രൂട്ട്മെന്റ് നടത്തുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision