2025 സെപ്റ്റംബർ 10 ബുധൻ 1199 ചിങ്ങം 25
വാർത്തകൾ
🗞️👉 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി
പാലാ: വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കടനാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ശില്പശാല സെപ്റ്റംബർ 10 (നാളെ) വൈകുന്നേരം 5.30 ന് കെ കെ രാജു നഗറിൽ (മാളിയേക്കൽ മെഡോസ് നീലൂർ) വെച്ച് സംഘടിപ്പിക്കുന്നതായി ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോഷി അഗസ്റ്റിൻ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേനത്തിൽ അറിയിച്ചു.കാലങ്ങളായി സാധാരണക്കാരെയും കർഷകരെയും വഞ്ചിച്ചും വെല്ലുവിളിച്ചും കടനാട് പഞ്ചായത്തിൽ ഇടത് വലത് മുന്നണികൾ നടത്തുന്ന ജനദ്രോഹ നടപടികൾക്കെതിരെ ഇത്തവണ ജനങ്ങൾ വിധിയെഴുതുമെന്ന് ജോഷി അഗസ്റ്റിൻ പറഞ്ഞു.
🗞️👉 കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് കലാപം
കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ വരുമ്പോഴും നേതാക്കള്‍ തമ്മിലുള്ള പോര് വീണ്ടും കനക്കുകയാണ്. വിടി ബല്‍റാമിനെ ചൊല്ലിയാണ് പുതിയ പ്രശ്നം. പ്രതിപക്ഷനേതാവ് വിഡി സതീശനെ പരസ്യമായി തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിപ്രായഭിന്നതകള്‍ പരസ്യമാവുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ വിഭാഗം ചെയര്മാന് ഇല്ലെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. എന്നാല്‍, ഡിജിറ്റല്‍ മീഡിയ വിഭാഗം ഉണ്ടെന്നും അതിന്റെ ചെയര്മാന് സ്ഥാനത്തിപ്പോഴും വിടി ബല്‍റാം തുടരുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഡിജിറ്റല്‍ മീഡിയാ സെല്‍ ഉണ്ടെന്ന് പ്രതികരിച്ചു.
🗞️👉 ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം
ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു.
🗞️👉 ദോഹയിലെ സ്ഫോടന പരമ്പര; ‘പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നു’; നെതന്യാഹുവിന്റെ ഓഫീസ്
ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂർണ ത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഹമാസിലെ ഉന്നത നേതാക്കൾക്കെതിരായ ഇന്നത്തെ നടപടി പൂർണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി നടപടിയായിരുന്നു. ഇസ്രയേൽ അത് ആരംഭിച്ചു, ഇസ്രയേൽ അത് നടത്തി, ഇസ്രയേൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു എക്സിൽ വ്യക്തമാക്കി.
🗞️👉 ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഗാസ സമാധാന ചര്‍ച്ചക്കെത്തിയവരെ എന്ന് ഹമാസ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന ആരോപണവുമായി ഹമാസ്. ഹമാസ് നേതാക്കളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉന്നത ഹമാസ് നേതാക്കള്‍ ഉള്‍പ്പെടെ ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാല്‍ തങ്ങളുടെ നേതാക്കള്‍ സുരക്ഷിതരെന്നാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്.
🗞️👉 സിപി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി
എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി. 452 വോട്ടുകളാണ് സിപി രാധാകൃഷ്ണൻ നേടിയത്. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി സുദർശൻ റെഡ്ഢി 300 വോട്ടുകളാണ് ലഭിച്ചത്. 752 സാധുവായ വോട്ടുകൾ. 767 വോട്ടുകൾ പോൾ ചെയ്യപ്പെട്ടത്. 427 വോട്ടുകൾ നേടുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ എൻഡിഎ സ്ഥാനാർഥിയ്ക്ക് ലഭിച്ചു. 19 പേർ NDA സ്ഥാനാർഥിക്കു അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.
🗞️👉 മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു
മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു. 69 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 8.30 യോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്ന് അനന്തപുരി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. തിരുവനന്തപുരം കളക്ടര്‍, പി ആര് ഡി ഡയറക്ടര്‍ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തവനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എം നന്ദകുമാര്‍. നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 3 മണി വരെ ജവഹര്‍ നഗര്‍ യൂണിവേഴ്സിറ്റി വിമന്‍സ് അസോസിയേഷന് ഹാളില്‍ പൊതുദര്‍ശനം നടക്കും. പിന്നാലെ പിടിപി നഗറിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്കാരം നാളെ ശാന്തികവാടത്തില്‍ നടക്കും.













