2025 സെപ്റ്റംബർ 03 ബുധൻ 1199 ചിങ്ങം 18
വാർത്തകൾ
🗞️👉 രാമപുരം കോളേജ് സ്റ്റാഫ് അംഗങ്ങൾ ഒത്തൊരുമയോടെ ഓണം ആഘോഷിച്ചു
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റാഫ് അംഗങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു. മുഖ്യാധിഥിയായി എത്തിയ മുൻ ദേശീയ വിദ്യാഭ്യാസ ന്യൂന പക്ഷ കമ്മീഷൻ അംഗവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറുമായ ഡോ. സിറിയക് തോമസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. അധ്യാപകരും അനധ്യാപകരും മലയാളത്തനിമയാർന്ന വസ്ത്രങ്ങൾ അണിഞ്ഞെത്തിയപ്പോൾ അഘോഷം ഏറെ ശ്രദ്ധേയമായി. സ്റ്റാഫ് അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകളും, തിരുവാതിരയും ആഘോഷം ആകർഷകമാക്കി. ഇലക്ടോണിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് വി. മാവേലിയായി എത്തിയപ്പോൾ അഘോഷം കൂടുതൽ അവേശകരമായി. ഓണസദ്യയോടെ ആഘോഷപരിപാടികൾ പര്യവസാനിച്ചു.
🗞️👉 കോട്ടയം മെഡിക്കൽ കോളജിലെ അപകടം; അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും. ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താൻ ആവശ്യമെങ്കിൽ ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും നിർദേശം. പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശുപത്രികളിൽ പരിശോധന തുടരുകയാണ്. എല്ലാ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തും. പൊളിക്കേണ്ടവ ഉണ്ടെങ്കിൽ കണ്ടെത്തി ഉടൻ പൊളിച്ചു മാറ്റാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
🗞️👉 സെമിയുറപ്പിച്ച് കൊച്ചി; കാലിക്കറ്റിനെ 3 വിക്കറ്റിന് തോൽപ്പിച്ചു
കെസിഎല്ലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. 45 റൺസുമായി കൊച്ചിയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയർ ഓഫ് ദി മാച്ച്. ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും കളിക്കാനിറങ്ങിയത്. കാലിക്കറ്റിന് വേണ്ടി അമീർ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനിൽ സ്ഥാനം പിടിച്ചു. രോഹൻ കുന്നുമ്മലിനൊപ്പം ഇന്നിങ്സ് തുറന്ന അമീർഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു.മറുവശത്ത് രോഹനും തകർത്തടിച്ചു. മൂന്നാം ഓവറിൽ തുടരെ മൂന്ന് ഫോറുകൾ നേടിയ രോഹൻ അടുത്ത ഓവറിൽ നാല് പന്തുകൾ അതിർത്തി കടത്തി. നാലാം ഓവറിൽ തന്നെ കാലിക്കറ്റ് സ്കോർ 50 പിന്നിട്ടു.
🗞️👉 കുവൈറ്റ് വിഷമദ്യ ദുരന്തം; 20 പേർക്ക് പുതുജീവൻ
കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ചു. 20 ലേറെ പേർക്ക് പുതു ജീവനായി. കുവൈറ്റിലെ അവയവമാറ്റ ശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ചെയർമാനും പ്രമുഖ അവയവ മാറ്റ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. മുസ്തഫ അൽ-മൗസാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിഷ മദ്യം കഴിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ അവയവ ദാനത്തിനുള്ള അനുമതിക്കായി ബന്ധപ്പെട്ടതായും അതിൽ പത്ത് പേരുടെ കുടുംബങ്ങൾ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു.
🗞️👉 ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാർത്ഥി ആദിത്യക്കാണ് കുത്തേറ്റത്. ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.













