2025 ഒക്‌ടോബർ 29 ബുധൻ 1199 തുലാം 12
വാർത്തകൾ
🗞️👉 കാഞ്ഞിരപ്പള്ളി ഉപജില്ല ശാസ്ത്രോത്സവം:-മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ യു പി സ്‌കൂളിന് ആഘോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം
കാഞ്ഞിരപ്പള്ളി ഉപജില്ലാ യു പി വിഭാഗം ഗണിതശാസ്ത്രമേളയിൽ 2nd ഓവറോളും, പ്രവൃത്തിപരിചയമേളയിലും സാമൂഹ്യശാസ്ത്രമേളയിലും, ശാസ്ത്രമേളയിലും മികച്ച പ്രകടനം.ഗണിത മാഗസിൻ എൽ പി വിഭാഗം ഒന്നാം സ്ഥാനവും യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി. വിവിധ മേളകളിലായി പങ്കെടുത്ത 30 വിദ്യാർത്ഥികളും എ ഗ്രേഡ് കരസ്ഥമാക്കി.എല്ലാ കുട്ടികൾക്കും സ്‌കൂൾ മാനേജർ ഫാ.അബ്രാഹം വഞ്ചിപുരയ്‌ക്കൽ ട്രോഫികൾ വിതരണം ചെയ്തു മലികശ്ശേരി സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ഹെഡ്മിസ്ട്രസ്സ് സി.റീന
സെബാസ്റ്റ്യൻ സിഎംസിയും,കൂടാതെ നിസ്വാർത്ഥ സേവനങ്ങൾ നൽകുന്ന ഒരുകൂട്ടം അധ്യാപകരും ചേർന്നാണ് ഈ വിജയം കരസ്ഥമാക്കിയത്.
🗞️👉 റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
🗞️👉 ‘മോൻത’ കരതൊട്ടു; ആന്ധ്രയിലും തമിഴ്നാട്ടിലും അതീവ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടിണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. മോൻത ഏറെ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ ഏകദേശം 110 കിലോമീറ്റർ വരെ വേഗത്തിലാവും ആദ്യ മണിക്കൂറിൽ മോൻത വീശിയടിക്കുക എന്നാണ് മുന്നറിയിപ്പ്.
🗞️👉 ചാറ്റ് ജി പി ടി ഗോ ഇന്ത്യയിൽ ഇനി സൗജന്യമായി ലഭിക്കും ; പുത്തൻ പ്രഖ്യാപനവുമായി ഓപ്പൺ എ ഐ
ഇന്ത്യയിൽ ചാറ്റ് ജി പി ടി ഗോ ഒരു വർഷത്തേക്ക് സൗജന്യമായി നൽകാനൊരുങ്ങി ഓപ്പൺ എ ഐ. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള കമ്പനിയുടെ ചുവട് വായ്പ്പാണിത്. നവംബർ 4 മുതലാകും ഇത് ലഭ്യമായി തുടങ്ങുക. ഗൂഗിൾ തങ്ങളുടെ എഐ പ്രോ മെമ്പര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായും , പെര്‍പ്ലെക്‌സിറ്റി എയര്‍ടെലുമായി സഹകരിച്ച് തങ്ങളുടെ പ്രീമിയം പ്ലാനിലേക്ക് ഫ്രീ ആക്സസ് നൽകുകയും ചെയ്തിരുന്നു. ഇങ്ങനെ എഐ വിപണി വിഹിതത്തിനായുള്ള മത്സരം ശക്തമായതോടെ ഓപ്പണ്‍എഐയും കളം പിടിക്കാനായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
🗞️👉 ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ; ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് സൂര്യകുമാര്‍ യാദവ്
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടയില്‍ ക്യാച്ച് എടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതായും താരം സുഖം പ്രാപിച്ചുവരുന്നതായും റിപ്പോര്‍ട്ട്. സഹതാരങ്ങളും ടീം അധികൃതരും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വരികയാണ്. ചെറിയ ശസ്ത്രക്രിയ മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിനെ ഐസിയുവിലാക്കിയിരുന്നെങ്കിലും പിന്നീട് മാറ്റി. ക്യാച്ച് എടുക്കുന്നതിനിടെ പ്ലീഹക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഡൈവ് ചെയ്യുന്നതിനിടെ ശരീരം അടിച്ചു വീണപ്പോഴാണ് ശ്രേയസിന് പരിക്കേറ്റത്.














