2024 ഒക്ടോബർ 27 ഞായർ 1199 തുലാം 11
വാർത്തകൾ
- മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം
മുട്ടുചിറ: പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂൾ ഗ്രാൻറ് ഓവറോൾ കിരീടം കരസ്ഥമാക്കി. ജേതാക്കളായ കുട്ടികളെ അധ്യാപക രക്ഷാകർത്തൃ സംഘടന അഭിനന്ദിച്ചു പി.റ്റി.എ പ്രസിഡൻ്റ് ബാബുക്കുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.റോസ്ജോ സി.എം.സി ഉദ്ഘാടനം ചെയ്തു.അജി ജോസഫ്, സോൻജ എലിസബത്ത് ബേബി, സിന്ധു സ്കറിയ, സീന പി.സി., ആൻസി ഐസക്ക്, മൻജു ഡൊമിനിക്, അരുൺ ജി. പുലിക്കാട്ട്, റ്റിൽജി അലോഷ്യസ്, സി.അലോണ മരിയ, ജോസ്ന ജോസഫ്, ടെസിൻ മാത്യു, ഗീതു ട്രീസാ ബോണി എന്നിവർ പ്രസംഗിച്ചു.
- കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയത് സ്വകാര്യ കമ്പനിക്ക്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്കും സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍ ഇടപാടുകളില്‍ ദുരൂഹത. ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയത് സ്വകാര്യ കമ്പനിക്കാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിന് ശേഷമായിരുന്നു ഇടപാടുകള്‍.
- വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു പുതിയ ആര്‍ച്ച് പ്രീസ്റ്റ്
ഫ്രാന്‍സിസ് പാപ്പ അധ്യക്ഷനായ റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്കു പുതിയ ആര്‍ച്ച് പ്രീസ്റ്റ്. റോം രൂപതയുടെ വികാരി ജനറല്‍ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേയാണ് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ പുതിയ ആര്‍ച്ച് പ്രീസ്റ്റായി ഫ്രാൻസിസ് പാപ്പ നിയമിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പുതുതായി പ്രഖ്യാപിച്ച 21 അംഗ കര്‍ദ്ദിനാള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഇറ്റാലിയന്‍ സ്വദേശിയായ മോൺസിഞ്ഞോർ റെയ്‌ന. റോമ നഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നു വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക അറിയപ്പെടുന്നുണ്ട്. ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമ രൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പയാണ്.
- റൺമല കയറി കിവീസ്; ഇന്ത്യയ്ക്ക് ലക്ഷ്യം 359
രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 359 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ കിവീസ് 255 റൺസിന് ഓൾഔട്ടായി. ലഥാം (86), ഫിലിപ്സ് (48) എന്നിവർ കിവീസിനായി തിളങ്ങി. ഇന്ത്യയ്ക്കായി വാഷിങ്‌ടൺ സുന്ദർ 4 വിക്കറ്റ് വീഴ്ത്തി. 2 ദിവസം ബാക്കിനിൽക്കെ ശ്രദ്ധയോടെ കളിച്ചാൽ ഇന്ത്യയ്ക്ക് ജയിക്കാം. ആദ്യ ഇന്നിങ്സിൽ 156ന് പുറത്തായ പോലെ കളിച്ചാൽ പണി പാളും.
- പാലക്കാട്ട് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി
സരിനോടൊപ്പം മാധ്യമങ്ങളെ കാണവേ വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചത്. കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷം വരുമെന്ന് തന്നെ വിശ്വസിക്കുന്നു. ഡോ പി സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
- ‘പിപി ദിവ്യ ഹാജരാകില്ല’, കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്ത വൃത്തങ്ങൾ
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങൾ. മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
- മൃതദേഹം പുതപ്പിക്കാനുള്ള വെള്ളത്തുണി പോലുമില്ല: നിസ്സഹായരായി ജനത
വടക്കൻ ഗാസയെ ഇസ്രയേൽ സൈന്യം ബന്ദിയാക്കിയിട്ട് മൂന്നാഴ്ച പിന്നിടുമ്പോൾ മൃതദേഹങ്ങൾ റോഡിലും കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആശുപത്രികളിൽ മരുന്നുകളടക്കം അവശ്യവസ്തുക്കളുമില്ല. മൃതദേഹം പുതപ്പിക്കാനുള്ള വെള്ളത്തുണി പോലും കിട്ടാനില്ല. മനുഷ്യദുരന്തത്തിന്റെ അങ്ങേയറ്റമാണു ഗാസയിലെന്ന് UNRWA മേധാവി ഫിലിപ്പി ലാസറിനി പറഞ്ഞു. എന്നവസാനിക്കും ഗാസയുടെ ഈ ദുരിതം.
- ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് എ കെ ശശീന്ദ്രന് എന്‍സിപിയുടെ അന്ത്യശാസനം
സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ രാജി വെയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും രാജി വെക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
- മലബാറുകാർ കാത്തിരുന്ന പ്രഖ്യാപനം വന്നു
മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ഇന്ന് എല്ലാ ദിവസവും ഓടും.
- ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
10 കിലോയിലധികം ഭാരമുള്ള മരത്തടി റെയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും അട്ടിമറി ശ്രമം നടന്നത്.
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം 25 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തതു
ഭൂരിഭാഗം കേസുകളും ആരെയും പ്രതിചേര്‍ക്കാതെയാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ച ശേഷമാകും തുടര്‍നടപടികള്‍. രണ്ടു ദിവസം കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
- അംഗീകാരമില്ലാത്ത ടാക്സി ആപ്പുകൾ ഉപയോഗിക്കരുത്
ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി ഉബർ, കർവ ടെക്നോളജി, ക്യൂ ഡ്രൈവ്, ബദർ ഗോ, ആബിർ, സൂം, കാബ് റൈഡ് എന്നീ കമ്പനികൾക്ക് മാത്രമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
- എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്തു
പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്പെൻഷൻ. സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ ബിസിനസ്സ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
- ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട ; സിപിഎം
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ, മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്ന മുറയ്ക്ക് മാത്രം തുടർനടപടി മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമപരമായി തന്നെ കാര്യങ്ങൾ മുന്നോട്ട് പോകട്ടെ എന്നാണ് വിലയിരുത്തൽ. എഡിഎമ്മിന്റെ മരണം സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം ഗൗരവമായി ചർച്ച ചെയ്തതുമില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- നോര്‍ക്ക റൂട്ട്സിന്റെ ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരുന്നു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സ് തസ്തികയിലേയ്ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേയ്ക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ അപേക്ഷനല്‍കാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) 2024 നവംബര്‍ 01 നോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബര്‍ 04 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 മുതല്‍ ആരംഭിക്കും. നഴ്സിംങില്‍ Bsc/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോർട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനോടൊപ്പം നടക്കും.
- രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരനെക്കുറിച്ച് അറിയില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരനെക്കുറിച്ച് അറിയില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ. താനോ പാർട്ടിയോ അറിഞ്ഞുകൊണ്ട് അപരൻമാരെ നിർത്തിയിട്ടില്ല. ഇനി പാർട്ടി സ്നേഹം ഉള്ള ആരെങ്കിലും നിർത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും സരിൻ പറഞ്ഞു.
- സമരം ചെയ്ത സിപിഎം, സിപിഐഎം നേതാക്കളെ മർദിച്ചെന്ന് ആരോപണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം
ആലപ്പുഴ നോർത്ത് സിഐ എസ്. സജികുമാറിനെ ആണ് എറണാകുളം രാമമംഗലത്തേക്ക് മാറ്റിയത്. സമരത്തിനിടെ സിപിഐ -സിപിഐഎം നേതാക്കളെ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പോലീസിന്റെ ബലപ്രയോഗം.
- റേഷൻ കാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി
പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ മസ്റ്ററിംഗ് സമയപരിധി വീണ്ടും നീട്ടി. നവംബർ 5 വരെ മസ്റ്ററിംഗ് നടത്താമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒക്ടോബർ 16 ന് സമയം അവസാനിച്ചിരുന്നു.
- ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത
ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ പ്രഖ്യാപനം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ജർമൻ ബിസിനസ് 2024 ന്റെ പതിനെട്ടാമത് ഏഷ്യ- പസഫിക് കോൺഫറൻസിൽ വെച്ചാണ് തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ പ്രൊഫഷണൽസിനും വിദഗ്ധർക്കും ജർമ്മനിയിൽ ഇനി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം.