2025 ഒക്‌ടോബർ 25 ശനി 1199 തുലാം 08
വാർത്തകൾ
🗞️👉 രാഷ്ട്രപതിയുടെ സന്ദർശനം: പാലായിൽ ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
പാലാ:ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച പാലാ സെൻറ് തോമസ് കോളേജ് പരിസരത്ത് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കടന്നു കയറുകയും പോലീസിനെ വെട്ടിച്ച് പാഞ്ഞു പോവുകയും ചെയ്ത മൂവർ സംഘത്തെ പാലാ പോലീസ് പിടികൂടി. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് ഗതാഗത നിയന്ത്രണം ലംഘിച്ചതിന് പൊലീസിന്റെ പിടിയിലായത്.
🗞️👉 ദേശീയ വിദ്യാഭ്യാസ നയം കുട്ടികൾക്ക് പ്രയോജനകരം; പി.എം. ശ്രീ വൈകിച്ചത് സിപിഐഎം: രാജീവ് ചന്ദ്രശേഖർ
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിന് വേണ്ടി മാത്രമല്ല കേരളം പദ്ധതി നടപ്പാക്കുന്നത്. പിഎം ശ്രീയില്‍ എന്താണ് കുഴപ്പമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തന്നെ അതിന് തെളിവാണ്. രണ്ടുലക്ഷം കോടി രൂപ ചിലവിടുന്ന സംസ്ഥാനസര്‍ക്കാര്‍ 1,500 കോടി രൂപയ്ക്ക് വേണ്ടിയല്ല പദ്ധതിയുടെ ഭാഗമായത്. ദേശീയ വിദ്യാഭ്യാസ നയം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രയോജനകരമാണ്. പുതുതലമുറയുടെ ഭാവിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ പദ്ധതിയാണിത്. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് നേട്ടമുണ്ടാകാതിരിക്കാന്‍ ലക്ഷ്യമിട്ട് സിപിഐഎമ്മും സര്‍ക്കാരും മനപ്പൂര്‍വ്വം പദ്ധതി കേരളത്തില്‍ വൈകിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും തെറ്റു തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറായത് നന്നായെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
🗞️👉 തദ്ദേശ തെരഞ്ഞെടുപ്പ്: ‘പി.വി. അൻവറുമായി സഹകരണം ആലോചിക്കാം, വെൽഫെയർ പിന്തുണ പരസ്യമാക്കും’ – പി.എം.എ. സലാം
തദ്ദേശ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ യുഡിഎഫിന് വിരോധമില്ലെന്നും പിഎംഎ സലാം പറഞ്ഞു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. യുഡിഎഫിനുള്ള വെൽഫെയർ പാർട്ടി പിന്തുണ പരസ്യമാക്കി കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫിന്റെ നീക്കം.
🗞️👉 തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് ഞാറ് നട്ടുകൊണ്ട് നെൽകൃഷി ആരംഭിച്ചത് . രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാർഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തിരഞ്ഞെടുത്തത് കന്നും കുളമ്പൻ എന്ന നാടൻ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ ശ്രീ. മധു ചൂരവേലിൽ ആണ് നെൽകൃഷിക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത്.
നെൽകൃഷിയുടെ ഉദ്ഘാടനം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം വിദ്യർത്ഥികളോടൊപ്പം പാടത്ത് ഞാറു നട്ടുകൊണ്ടു നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, പഞ്ചായത് അംഗം മനോജ് സി ജോർജ്, അഡ്മിനിസ്ട്രേറ്റർ പ്രകാശ് ജോസഫ് , പ്രോഗ്രാം ഓഫീസർമാരായ നിർമൽ കുര്യാക്കോസ്, ഷീന ജോൺ, സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ്, ഫാ. ബോബി ജോൺ, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി.ജെ. വോളണ്ടിയർ സെക്രട്ടറി അഭിനവ് ബാബു എന്നിവർ പ്രസംഗിച്ചു.
🗞️👉 ഇടുക്കിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ചു
മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആർബി ഗ്രേഡ് എസ് ഐ ബിജുമോൻ ആണ് മദ്യപിച്ച് അപകടം ഉണ്ടാക്കിയത്. വൈകീട്ട് ഏഴ് മണിയ്ക്കാണ് ഇയാൾ കാറുമായി കാഞ്ചിയാർ ടൗണിലേക്ക് എത്തിയത്. അവിടെവെച്ച് രണ്ടു ബൈക്കുകൾക്കും ഒരു കാറിനും നേരെ ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.














