2025 ഒക്‌ടോബർ 12 ഞായർ 1199 കന്നി 26
വാർത്തകൾ
🗞️👉 രൂപതാ കലോത്സവം 2025-26: രാമപുരം ഓവറോൾ ചാമ്പ്യന്മാർ; വർണ്ണാഭമായ സമാപനം
2025-26 പ്രവർത്തന വർഷത്തെ രൂപതാ കലോത്സവം വർണ്ണശബളമായ ചടങ്ങുകളോടെ ഇവിടെ സമാപിച്ചു. യുവജനങ്ങളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കിയ കലോത്സവത്തിൽ രാമപുരം ഓവറോൾ കിരീടം കരസ്ഥമാക്കി. വിവിധ മത്സരങ്ങളിൽ മാറ്റുരച്ച യുവ പ്രതിഭകളുടെ പ്രകടനങ്ങൾ കലോത്സവത്തെ ശ്രദ്ധേയമാക്കി. വിജയികളായവർക്കും പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും രൂപത അഭിനന്ദനങ്ങൾ അറിയിച്ചു. കൂടാതെ, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
🗞️👉 ശബരിമല സ്വർണ മോഷണത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ 10 പേർ കേസിൽ പ്രതികളാണ്.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് കുമാർ, വി എസ് രാജേന്ദ്രപ്രസാദ്, അസി. എൻജിനിയർ കെ സുനിൽകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
🗞️👉 ശബരിമല റോപ് വേ പദ്ധതി; കേന്ദ്ര സംഘം സ്ഥല പരിശോധന നടത്തി
ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നീ സ്ഥലങ്ങളിൽ സ്ഥല പരിശോധന നടത്തി. പദ്ധതിയുടെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സംഘം ഇന്നലെയും ഇന്നുമായി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയത്. റോപ് വേ പദ്ധതിയുടെ ടവറുകൾ സ്ഥാപിക്കുന്ന ഇടങ്ങളിലും കടന്നു പോകുന്ന വനമേഖലയിലും രണ്ടുദിവസങ്ങളിലായി വിശദമായ പരിശോധനയാണ് സംഘം നടത്തിയത് .
🗞️👉 ഹൃദയം നിറഞ്ഞു ,മനം നിറഞ്ഞു , ജോസ് കെ മാണി എം പി SHLP സ്‌കൂളിലെ കുട്ടികളോടൊപ്പം
രാമപുരം SHLP സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ശ്രീ ജോസ് കെ മാണി എം പി സ്കൂൾ സന്ദർശിച്ചു .കൃഷി തോട്ടവും കാർഷിക പ്രവർത്തനങ്ങളും നേരിട്ട് കണ്ടു മനസിലാക്കിയ എം പി കുട്ടികളോട് സുദീർഘമായ സംവാദത്തിൽ ഏർപ്പെടുകയും ,കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ ഉള്ള സ്കൂൾ കൃഷിയെ പ്രശംസിക്കുകയും ചെയ്തു .കാർഷിക പ്രവർത്തനങ്ങൾക്കും പാഠ്യ പഠ്യേതര പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിക്കുന്ന മാനേജ്മെന്റിനെയും സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിസ്സ മാത്യൂസ് ,പി ടി എ ,അധ്യാപകർ എന്നിവരെ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു .പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ ,പി ടി എ അംഗങ്ങളായ ഡെൻസിൽ അമ്പാട്ട് ,ബിനീഷ് ജോസഫ് ,ജിൻസ് ഗോപിനാഥ് ,ഹരീഷ് ,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു ജോൺ ,സ്മിത അലക്സ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട് ,എം പി ടി എ പ്രസിഡന്റ് ഡോണ ,നാദിയ ,അധ്യാപകരായ ജിബിൻ ,ജോബി ,ജോയൽ ,സാനിയ ,മാഗി ,ജീന ,ജിനു ,സിസ്റ്റർ ടെസ്സ എന്നിവർ സന്നിഹിതരായിരുന്നു.
🗞️👉 സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു.കൊല്ലം സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പതിനൊന്ന് ദിവസത്തിനിടെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരിച്ചത്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ആശങ്ക തുടരുകയാണ്. മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയാണുണ്ടാക്കുന്നത്.
🗞️👉 ഗാസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുത്തേക്കില്ല
ഗാസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന.
ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു.വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഗാസയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഹമാസ് നീക്കം. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും ഹമാസ് നിയമിച്ചു. ഗാസയിലെ പുതിയ ഹമാസ് ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധം അവസാനിച്ചാൽ ഗാസ ആരാണ് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.












