2024 ഒക്ടോബർ 06 ഞായർ 1199 കന്നി 20
വാർത്തകൾ

- കിർഗിസ്ഥാൻ രാഷ്ട്രപതി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു
കിർഗിസ്ഥാൻറെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിർ ജാപറോവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച വത്തിക്കാനിൽ എത്തിയ അദ്ദേഹം പോൾ ആറാമൻ ശാലയിലെ സ്വീകരണ മുറിയിൽവെച്ചാണ് പാപ്പയെ സന്ദര്‍ശിച്ചത്. ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും ചർച്ചകൾ നടത്തി.
- കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു
തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരുക്കില്ല. വായനാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍.

- പരീക്ഷയ്ക്ക് മുൻപേ പിഎസ്സി ചോദ്യപ്പേപ്പര്‍ വെബ്സൈറ്റില്‍
ശനിയാഴ്ചയാണ് എറണാകുളം, മലപ്പുറം ജില്ലയിൽ പിഎസ്സി എല്‍ഡി ക്ളര്‍ക്ക് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടത്. അതേസമയം,പരീക്ഷയ്ക്ക് മുമ്പ് ഉത്തരക്കടലാസ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. പരീക്ഷ കഴിഞ്ഞ് അഞ്ചുമണിക്കാണ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്സിയുടെ വിശദീകരണം. സംഭവത്തില്‍ കമ്മിഷന് വിശദമായ അന്വേഷണം തുടങ്ങി.
- 48-ാം മത് വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്
കാട്ടൂർ കടവ് എന്ന കൃതിയാണ് അശോകൻ ചരുവിലിനെ വയലാർ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡൻറ് പ്രൊഫസർ ജി ബാലചന്ദ്രനാണ് തിരുവനന്തപുരത്ത് പുരസ്കാരം പ്രഖ്യാപിച്ചത്.
- 181 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടത്തിന് വിരാമമിട്ട് സിംഗപ്പൂർ
വീടുകൾ വയ്ക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഏക റേസ് കോഴ്സ് ടര്‍ഫ് ക്ലബ്ബ് അടച്ചു. ശനിയാഴ്ച നടന്ന അവസാന മത്സരമായ ഗ്രാൻഡ് സിംഗപ്പൂർ ഗോൾഡിന് ശേഷം ഈ ഭൂമി സർക്കാരിന് ക്ലബ് വിട്ടുകൊടുത്തു. ഈവർഷം രാജ്യത്തിലെ ജനസംഖ്യ ആറ് ദശലക്ഷം കടന്നിരുന്നു. വർധിച്ചുവരുന്ന ജനസംഖ്യയിലുണ്ടായ ആശങ്കയാണ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാരിനെ നയിച്ചത്. ഏകദേശം മുന്നൂറ് ഏക്കറോളം വരുന്നതാണ് ഈ സ്ഥലം. ഏകദേശം 700 പന്തയക്കുതിരകള്‍ ക്ലബ്ബിലുണ്ട്.

- വനിതകളുടെ ട്വന്റി ട്വന്റി ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ ജയം
പാകിസ്താനെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ആറ് വിക്കറ്റ് ശേഷിക്കെയായിരുന്നു ഇന്ത്യന്‍വിജയം. മലയാളി താരം സജ്ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ പര്യവസാനം. 35 ബോളില്‍ നിന്ന് 32 റണ്‍സ് അടിച്ച ഷഫാലി വര്‍മ്മയും 24 ബോളില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, 28 ബോളില്‍ നിന്ന് 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. 16 ബോള്‍ നേരിട്ട സ്മൃതി മന്ദാന വെറും ഏഴ് റണ്‍സ് മാത്രം എടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ആദ്യബോള് നേരിടുന്നതിനിടെ തന്നെ മടങ്ങേണ്ടി വന്നു. ഹര്‍മ്മന്‍ പ്രീത് കൗറിന് പരിക്കേറ്റതിനെ തുടര്‍ന്ന് ക്രീസിലെത്തിയ മലയാളിതാരം സജ്ന സജീവന് കളി വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം വന്നുചേരുകയായിരുന്നു.
- കേരളത്തിൻ്റെ ശുചിത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്
പാലാ: കേരളത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സ്ഥിതി ദയനീയമാണെന്നും ഹരിത കർമ്മ സേനാംഗങ്ങളുടെ ഉന്നമനം ലക്ഷൃമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് കേരളാ വനിതാ കോൺഗ്രസ് (ബി) മുന്നിട്ടിറങ്ങുമെന്നും കേരളാ വനിതാ കോൺഗ്രസ് (ബി) സംസ്ഥാന പ്രസിഡണ്ട് മഞ്ജു റഹീം അഭിപ്രായപ്പെട്ടു.പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളോടൊപ്പം മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു റഹീം. പാർട്ടിയുടെ സംസ്ഥാന ചെയർമാൻ ഗണേഷ് കുമാറു ഇക്കാര്യം ചർച്ച ചെയ്ത് അദ്ദേഹത്തെ കൊണ്ട് ഇക്കാര്യം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിപ്പിക്കാൻ ശ്രമിക്കുമെന്ന് കേരളാ വനിതാ കോൺസ് (ബി) നേതാക്കൾ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിൽ അറിയിച്ചു.
മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മഞ്ജു റഹിം ( സംസ്ഥാനപ്രസിഡണ്ട്) സ്മിതാ ജി നായർ (സംസ്ഥാന ട്രഷറർ) ,ജിജി ദാസ്’ (കോട്ടയം ജില്ലാ പ്രസിഡണ്ട്) ,ഷീജാ രമേശ് (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി) ,ഗിരിജാ പി നായർ (സംസ്ഥാന സമിതിയംഗം),ലിജി ജോസഫ് (കോട്ടയം ജില്ലാ ജെനറൽ സെക്രട്ടറി) ടിൻ്റു ജയപ്രകാശ് (കോട്ടയം ജില്ലാ ട്രഷറർ) ,ജോയിസി മൈക്കിൾ (ജില്ലാ സെക്രട്ടറി), രഞ്ജിലാ സുമേഷ് (വൈക്കം നിയോജക മണ്ഡലം പ്രസിഡണ്ട് ) എന്നിവർ പങ്കെടുത്തു.
- നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപതയുടെ അനുമോദനങ്ങൾ
ചങ്ങനാശേരി: പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. അദ്ദേഹത്തിന്റെ നിയമനത്തിൽ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലും മോൺ. ജോർജ് കൂവക്കാടിന് ആശസകൾ അർപ്പിച്ചു. ചങ്ങനാശേരി അതിരൂപതാ വൈദികഗണത്തിൽ നിന്നുള്ള മൂന്നാമത്തെ കർദ്ദിനാളാണ് മോൺ. ജോർജ് കൂവക്കാട്. മാർ ആൻ്റണി പടിയറ. മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടു കർദ്ദിനാൾമാർ.
- മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ എത്തി
ഇന്നുമുതൽ 10 വരെയാണ് മുയിസുവിന്റെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മുയിസുവിനെ സ്വീകരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി മുയിസു കൂടിക്കാഴ്ച നടത്തും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













