2025 ഒക്ടോബർ 04 ശനി 1199 കന്നി 18
വാർത്തകൾ
👉🗞️ സ്നേഹപ്പൂക്കൾ: സ്കൂളിലെ ആദ്യവിളവ് പള്ളിയിലും അമ്പലത്തിലും കാഴ്ചവെച്ച് SHLP സ്കൂളിലെ കുട്ടികൾ
രാമപുരം : സ്കൂൾ അങ്കണത്തിൽ നട്ടുവളർത്തിയ പുഷ്പങ്ങളുടെ വിളവെടുപ്പാണ് രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ നടന്നത്. ആദ്യമായി ലഭിച്ച പുഷ്പങ്ങളെ രാമപുരം പള്ളിയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലും, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും അർപ്പിച്ച് വിളവെടുപ്പിന് തുടക്കമിട്ടിരിക്കുകയാണ് എൽപി സ്കൂൾ കുരുന്നുകൾ. സ്കൂൾ പരിസരത്തെ കൃഷിത്തോട്ടം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികൾ ബെന്തി കൃഷി നടത്തിയത്. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ബെന്തി പുഷ്പങ്ങൾ സ്കൂൾ പരിസരത്ത് വിരിഞ്ഞതോടെ കുട്ടികളും ആവേശത്തിലായി. ആദ്യമായി വിരിയുന്ന പൂക്കൾ തങ്ങളുടെ ആരാധനാലയങ്ങളിൽ സമർപ്പിക്കണം എന്ന ചിന്തയാണ് പുഷ്പങ്ങൾ പള്ളിയിലും അമ്പലത്തിലും അർപ്പിച്ചതിന് കാരണമായത് കാർഷിക സംബന്ധമായി ഒട്ടനവധി കാര്യങ്ങൾ ചെയ്തുവരുന്ന മികച്ച ഹരിത വിദ്യാലയം കൂടിയാണ് എസ് എച്ച് എൽ പി സ്കൂൾ.
🗞️👉 മിഷ്ണറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍
2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍. സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സഹകരണത്തോടെ ഒക്ടോബർ 4, 5 തീയതികളിലായാണ് മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷങ്ങൾ നടത്തുന്നത്. ഇന്ത്യയുൾപ്പെടെ നൂറോളം രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് വ്യത്യസ്ത സമൂഹങ്ങളെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും, വത്തിക്കാനിൽ പാപ്പ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, ഞായറാഴ്ച അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലി തുടങ്ങി വിവിധ ജൂബിലി ആഘോഷങ്ങൾ ഒരുമിച്ചായിരിക്കും നടക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.
🗞️👉 ജില്ലാ ആശുപത്രിയിൽ ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ. വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിലൂടെ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകും.
🗞️👉 നൈജീരിയയില്‍ 850 ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്
നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ ഇസ്ലാമിക ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ റിജാന വനത്തിൽ നൂറുകണക്കിന് ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്ന് നൈജീരിയന്‍ സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ദി റൂൾ ഓഫ് ലോയുടെ വെളിപ്പെടുത്തല്‍ (ഇന്റർ സൊസൈറ്റി). തീവ്ര ഇസ്ലാമിക നിലപാടുള്ള ഫുലാനി ഇടയന്മാരാണ് തട്ടിക്കൊണ്ടുപോകുന്നതിന് ചുക്കാന്‍ പിടിക്കുന്നതിന് സംഘടന വെളിപ്പെടുത്തി.തീവ്രവാദി ആക്രമണത്തിന് ഇരയായവരിൽ നിന്നുള്ള സാക്ഷ്യങ്ങൾ സമാഹരിച്ച് “ഇൻസൈഡ് റിജാന: നൈജീരിയാസ് ഹോസ്റ്റേജ് ഫോറസ്റ്റ്” എന്ന തലക്കെട്ടിൽ ‘ട്രൂത്ത് നൈജീരിയ’ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഇന്റർ സൊസൈറ്റിയുടെ കണക്കുകള്‍.
🗞️👉 മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ
ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ ടീം പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, റോമേറോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ 11ന് വെനിസ്വേലയെയും 14ന് പ്യുർടോ റിക്കയെയുമാണ് അർജന്റീനക്ക് നേരിടാനുള്ളത്. എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റുല്ലി, വാൾട്ടർ ബെനിറ്റസ്, ഫാകുണ്ടോ കാംബെസെസ് എന്നിവരാണ് ഗോൾകീപ്പർമാർ. ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ലിയനാർഡോ ബലേർഡി,ബെൻഫിക്ക, മാർക്കോസ് സെനെസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരാണ് ഡിഫൻഡർമാർ. ലിയാൻഡ്രോ പരേഡെസ്, അനിബൽ മൊറേനോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, നിക്കോ പാസ്, ജിയോവാനി ലോ സെൽസോ, അലക്സിസ് മാക് അലിസ്റ്റർ, തിയാഗോ അൽമാഡ, ജിയുലിയാനോ സിമിയോണി,നിക്കോളാസ് ഗോൺസാലസ്, ഫ്രാങ്കോ മസ്റ്റാൻ്റുവോനോ,ലയണൽ മെസ്സി,ജുവാൻ മാനുവൽ ലോപ്പസ്, ലൗടാരോ മാർട്ടിനെസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.












