2025 നവംബർ 30 ഞായർ 1199 വൃശ്ചികം 14
വാർത്തകൾ
🗞️👉 ‘നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി വേണം’; ശശി തരൂർ
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി വേണമെന്ന് ഡോ. ശശി തരൂർ എംപി. മറ്റു മുന്നണികൾക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ കാണിക്കാൻ ആളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ് പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ശശി തരൂർ പറഞ്ഞു. കോൺഗ്രസിന്റെ മുഖം ആകുമോയെന്ന ചോദ്യത്തിന്, രാഷ്ട്രീയക്കാരനായി തുടരും എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.
🗞️👉 ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയ്ക്ക് അടിയന്തര സഹായം; ഓപ്പറേഷൻ സാഗർ ബന്ധുവുമായി ഇന്ത്യ
ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഇന്ത്യയുടെ എയർഫോഴ്സ് വിമാനങ്ങളും നാവിക സേന കപ്പലുകളും ശ്രീലങ്കയിൽ എത്തി. ഓപ്പറേഷൻ സാഗർ ബന്ധു എന്ന് പേരിട്ട ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി 27 ടൺ സാധനങ്ങളാണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചത്. അവശ്യസാധനങ്ങൾ കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 80 എൻഡിആർഎഫ് സേനാംഗങ്ങളെയും ഇന്ത്യ വിട്ടു നൽകി. അപകട വാർത്ത പുറത്തു വന്നപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. സഹായം നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്തും രംഗത്തെത്തി.
🗞️👉 പുതിയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ
യുവതിക്കെതിരെ കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ളതാണ് രേഖ. പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ സമർപ്പിച്ചു. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്.
🗞️👉 കൊയിലാണ്ടി MLA കാനത്തിൽ ജമീല അന്തരിച്ചു
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അർബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്.
🗞️👉 പ്ലാശനാല്‍ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ്
പ്ലാശനാല്‍ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് – അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് – 2025 ൽ ഒന്നാം സമ്മാനം ഇ. എം. ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും 5001 രൂപയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി. രണ്ടാം സമ്മാനം കെ. എം തോമസ് ചേറ്റുകുളം മെമ്മോറിയൽ ട്രോഫിയും 3001 രൂപയും അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂൾ കരസ്ഥമാക്കി. പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മേള, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാദർ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ് .ഐ . ബിനോയ് തോമസ് വിതരണം ചെയ്തു. ബെസ്റ്റ് പ്ലെയറായി പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ അഗസ്റ്റിൻ സാജൻ തെരഞ്ഞെടുക്കപ്പെട്ടു. പരിപാടികൾക്ക് സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുല്ലുകാലായിൽ , പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി കുര്യൻ, പി.റ്റി.എ. പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
🗞️👉 നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍
നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ച ‘സേ നോട്ട് ടു ഡ്രഗ്‌സ്’ കാമ്പയിന്‍ പരിപാടിയുടെ രൂപതാതല ഉദ്ഘാടനം മൂലമറ്റം ബിഷപ് വയലില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഫാ. വെള്ളമരുതുങ്കല്‍.
സ്ത്രീകളും പെണ്‍കുട്ടികളും പോലും ലഹരിമാഫിയയുടെ കെണിയില്‍ പെട്ടുപോകുകയാണെന്നും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഗുരുതര പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആതുരശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഹരിക്കെതിരെ വന്‍മതിലുകള്‍ സൃഷ്ടിക്കാനാവുമെന്നും ഫാ. വെള്ളമരുതുങ്കല്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയും റിസോഴ്‌സ് പേഴ്‌സണുമായ പ്രസാദ് കുരുവിള ക്ലാസ് നയിച്ചു.
🗞️👉 കാനത്തില്‍ ജമീലയുടെ ഖബറടക്കം ഡിസംബര്‍ രണ്ടിന്; ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും പൊതുദര്‍ശനം
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഡിസംബര്‍ രണ്ടിന് (ചൊവ്വാഴ്ച )നടക്കും. വിദേശത്തുള്ള മകന്‍ എത്തിയശേഷമാകും സംസ്‌കാരം. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.അര്‍ബുദ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജമീല. 59 വയസ്സായിരുന്നു. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. മലബാറിലെ ആദ്യ മുസ്ലിം വനിതാ എംഎല്‍എയാണ്.














