2025 നവംബർ 27 വ്യാഴം 1199 വൃശ്ചികം 11
വാർത്തകൾ
🗞️👉 ഹോങ്കോങ് തീപിടിത്തം; മരണം 36 ആയി, 279 പേരെ കാണാനില്ല
ഹോങ്കോങ് തീപിടിത്തത്തിൽ മരണം 36 ആയി. 279 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. ഹോങ്കോങിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചത് ഇന്ന് വൈകിട്ടോടെ. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടുക്കുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നതായി അധികൃതർ. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. ഉച്ചയ്ക്ക് 02: 50ന് ആരംഭിച്ച അഗ്നിബാധ ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസിക്കാരായി ഉള്ളത്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇത് മറ്റ് കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
🗞️👉 ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക്
തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായിരിക്കുന്ന
സഹദേക്കുന്ന് ദയറായിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. ‘സെബാസ്ത്യാനോസ് ദ് സ്ലീവാ’ എന്ന പേരിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ് കല്ലറങ്ങാട്ട് വേർതിരിച്ചു വിശുദ്ധീകരിച്ചു. നല്ലതണ്ണി മുറിഞ്ഞപുഴ മാർത്തോമാ ശ്ലീഹാ ദയറയിലെ സന്ന്യാസധിപൻ ഡോ. സേവ്യർ കൂടപ്പുഴ അച്ചന്റെ കീഴിൽ ഒരു വർഷത്തെ കാനോനിക നോവിഷ്യേറ്റ് പൂർത്തിയാക്കിയ വൈദികനാണ് ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയിൽ. സന്ന്യാസ ജീവിതത്തിന്റെ പൊതുജീവിതശൈലികൾ പിന്തുടർന്നു കൊണ്ടായിരിക്കും അച്ചൻ ഇവിടെ ആശ്രമജീവിതം ആരംഭിക്കുന്നത്. രൂപതാധ്യക്ഷന്റെ മുൻപിൽ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ പാലിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ ജീവിതശൈലിയാൽ ആകർഷിക്കപ്പെടുന്നവർക്ക് അതിലേക്ക് പ്രവേശനം നൽകുവാനും നോവിഷ്യേറ്റ് നൽകാനുമുള്ള അവകാശം അച്ചന് ഉണ്ട്.
🗞️👉 പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം
പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരൻ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎൽഎ കെയു ജനീഷ് കുമാർ സ്ഥിരീകരിച്ചു.
🗞️👉 CPIM മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴുക്കിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
പാലക്കാട് അട്ടപ്പാടി അഗളിയിൽ സിപിഐഎം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴുക്കിയ ലോക്കൽ സെക്രട്ടറി ജംഷീറിനെതിരെ കേസെടുത്തു. അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാമകൃഷ്ണനെയാണ് ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.
🗞️👉 കാവശ്ശേരി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പാമ്പ് കടിച്ചു; സംഭവം പ്രചാരണത്തിനിടെ
പാലക്കാട് കാവശ്ശേരിയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയെ പാമ്പ് കടിച്ചു.
കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. രാവിലെ പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് അനില അജീഷ്.
🗞️👉 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന് ജയം; ലിവര്‍പൂള്‍, ടോട്ടന്‍ഹാം സംഘത്തിന് തോല്‍വി
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ അപ്രതീക്ഷിത പരാജയവും വിജയവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരുപോലെ വിജയക്കുതിപ്പ് തുടരുന്ന ആര്‍സനല്‍ ബയേണ്‍ മ്യൂണിക്കുമായി നടന്ന മത്സരത്തില്‍ 3-1 സ്‌കോറില്‍ ആധികാരിക വിജയമായിരുന്നു ഗണ്ണേഴ്‌സിന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ലിവര്‍പൂള്‍ പക്ഷേ ഡച്ച് ക്ലബ്ബ് ആയ പി.എസ്.വിയോട് തോറ്റു. 4-1 സ്‌കോറിലായിരുന്നു ലിവര്‍പൂളിന്റെ പരാജയം. വമ്പന്‍ ടീമുകള്‍ക്കെല്ലാം വെല്ലുവിളിയായ മത്സരങ്ങളാണ് ലീഗിലെ പ്രാഥമിക റൗണ്ടില്‍ നടക്കുന്നത്. സ്പാനിഷ് ലീഗില്‍ നിന്നുള്ള ശക്തരായ റയല്‍ മാഡ്രിഡ് ഒളിമ്പിയകോസിനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 3-4 സ്‌കോറിലായിരുന്നു റയലിന്റെ വിജയം. ടോട്ടന്‍ഹാം ആകട്ടെ പി.എസ്.ജിയോട് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ അഞ്ചു ഗോളുകള്‍ കണ്ടെത്തിയ പി.എസ്.ജി മൂന്ന് ഗോളുകള്‍ വഴങ്ങി. അത് ലറ്റികോ മഡ്രിഡും ഇന്റര്‍ മിലാനും തമ്മില്‍ നടന്ന മറ്റൊരു മത്സരത്തില്‍ 2-1 ന് അത്ലറ്റികോ വിജയിച്ചു.














