2025 നവംബർ 23 ഞായർ 1199 വൃശ്ചികം 07
വാർത്തകൾ
🗞️👉 ഡി സി എൽ പാലാ മേഖല ടാലന്റ് ഫെസ്റ്റ്: ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ ചേർപ്പുങ്കൽ, മേരി മാതാ പബ്ലിക് സ്കൂൾ പാലാ എന്നിവർ ഓവറോൾ ചാമ്പ്യന്മാർ.
പാലാ :മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ഡിസിഎൽ പാലാ മേഖല ടാലന്റ് ഫെസ്റ്റിൽ എൽപി, യുപി വിഭാഗങ്ങളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പാലാ മേരി മാതാ പബ്ലിക് സ്കൂളും ജേതാക്കളായി. എൽ പി വിഭാഗത്തിൽ സേ ക്രട്ട് ഹാർട്ട് എൽ പി സ്കൂൾ രാമപുരം, മേരി മാതാ പബ്ലിക് സ്കൂൾ പാലായും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ മേരി മാതാ പബ്ലിക് സ്കൂൾ പാലായും സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാടും രണ്ടും മൂന്നു സ്ഥാനങ്ങൾക്ക് അർഹരായി ഹൈസ്കൂൾ വിഭാഗത്തിൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ചേർപ്പുങ്കൽ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാട് എന്നിവർ രണ്ടും മൂന്ന് സ്ഥാനം നേടി . പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ടാലന്റ് ഫെസ്റ്റ് പാലാ രൂപത ഡി എഫ് സി ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ഉദ്ഘാടനം ചെയ്തു.
🗞️👉 കോഴിക്കോട് അമീബ് മസ്തിഷ്കജ്വരം ബാധിച്ച് മരണം സ്ത്രീ മരിച്ചു
കോഴിക്കോട് വീണ്ടും അമീബ് മസ്തിഷ്കജ്വരം ബാധിച്ച് മരണം. പയ്യോളി സ്വദേശിനിയായ 58കാരിയാണ് മരിച്ചത്. പയ്യോളി തോലേരി ചൂരക്കാട് വയല്‍ നിടുംകുനി സരസു ആണ് മരിച്ചത്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് അസുഖം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വാര്‍ധക്യസഹജമായിട്ടുള്ള മറ്റ് അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
🗞️👉 സൗദിയിലെ ബസ് അപകടം; മരിച്ച 45 ഇന്ത്യന്‍ തീര്‍ഥാടകരുടെയും മൃതദേഹങ്ങള്‍ മദീനയില്‍ സംസ്കരിച്ചു
സൗദിയിലെ ബസ് അപകടത്തില്‍ മരിച്ച 45 ഇന്ത്യന്‍ തീര്‍ഥാടകരുടെയും മൃതദേഹങ്ങള്‍ പരിശുദ്ധ നഗരമായ മദീനയില്‍ തന്നെ സംസ്കരിച്ചു. മദീനയിലെ ഹറം പള്ളിയോട് ചേര്‍ന്നുള്ള ജന്നത്തുല്‍ ബഖീ ഖബര്‍സ്ഥാനിലാണ് മൃതദേഹങ്ങള്‍ ഖബറടക്കിയത്. ഇന്ന് ഉച്ചയ്ക്ക് നടന്ന ളുഹര്‍ നമസ്കാരത്തിന് ശേഷമായിരുന്നു ചടങ്ങ്. മരിച്ചവരുടെ നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളും, ഇന്ത്യന്‍ എംബസി പ്രതിനിധികളും ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
🗞️👉 ഏറ്റുമാനൂർ പിടി കോളേജ് പൂർവ വിദ്യാർത്ഥി സമ്മേളനം 25-ന്
ഏറ്റുമാനൂർ:ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ പിടി കോളേജ് പൂർവ വിദ്യാർത്ഥി സമ്മേളനവും,കോളേജ് സ്ഥാപകനായിരുന്ന ,പി.വി. തോമസ് പുല്ലാടിന്റെ 16-ാം ചരമ വാർഷിക ആചരണവും നവംബർ 25-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലോട്ടസ് തിയേറ്ററിന് സമീപമുള്ള വികസന സമിതി ഹാളിൽ വൈകുന്നേരം 4. 30 – ന്
കെ .ഫ്രാൻസിസ് ജോർജ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
🗞️👉 യുവതലമുറയിലെ മാനസിക സംഘർഷം : കുറുക്കുവഴികളില്ല – ഋഷിരാജ് സിംഗ്
രാമപുരം: യുവതലമുറയിൽ വർധിച്ചുവരുന്ന മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി ലഹരി വസ്തുക്കൾ കുറുക്കു വഴികൾ ആകരുതെന്ന് മുൻ കേരളാ ഡിജിപി ഋഷിരാജ് സിംഗ്. മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിംഗ് വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിക്കണമെന്നും, കുട്ടികൾ കലാ കായിക രംഗങ്ങളിൽ വ്യാപൃതരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത്,പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ യിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
🗞️👉 അലന്റെ കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി, പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം നഗരമധ്യത്തിൽ നടന്ന 18 വയസുകാരന്റെ കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. മുഖ്യപ്രതി അജിനെയും മൂന്നാം പ്രതി കിരണിനെയും തൈക്കാട്ടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. മോഡൽ സ്കൂളിനെ സമീപത്ത് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചായിരുന്നു പ്രതികളുടെ തെളിവെടുപ്പ്. നിലവിൽ ഏഴ് പ്രതികളാണ് ഉള്ളത്. അലനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ഒന്നാംപ്രതി അജിനിയും മൂന്നാം പ്രതി കിരണിനേയുമാണ് ആണ് തെളിവെടുപ്പിനായി എത്തിച്ചത്.
അലനെ കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് പൂർത്തിയാക്കി.കൊലപാതകത്തിന് ശേഷം മുഖ്യപ്രതി അടക്കം ഒളിവിൽക്കഴിഞ്ഞിരുന്ന കാട്ടാക്കട അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് രാവിലെ തെളിവ് ശേഖരിച്ചിരുന്നു.
🗞️👉 ഓസ്ട്രേലിയ- കാനഡ- ഇന്ത്യ സാങ്കേതിക സഹകരണ സഖ്യം; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ജി20 ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്നെയുമായും കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഓസ്ട്രേലിയ- കാനഡ- ഇന്ത്യ സാങ്കേതിക സഹകരണം ( എസിഐടിഐ) വിപുലമാക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജൊഹാനാസ് ബെര്‍ഗില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മൂന്ന് വ്യത്യസ്ത ഭൂഘണ്ഡങ്ങളില്‍ നിന്നുള്ള മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാവുകയാണെന്നാണ് നരേന്ദ്രമോദി എക്സില്‍ കുറിച്ചത്. വിതരണ ശൃംഖലകള്‍ ശക്തമാക്കുക, ഊര്‍ജ സഹകരണം വിപുലമാക്കുക, എഐ സാങ്കേതിക വിദ്യയുടെ വികാസത്തില്‍ സഹകരിക്കുക എന്നീ തീരുമാനങ്ങളാണ് യോഗത്തിന്റെ ഭാഗമായി കൈക്കൊണ്ടിരിക്കുന്നത്.












