2025 നവംബർ 11 ചൊവ്വ 1199 തുലാം 25
വാർത്തകൾ
🗞️👉 ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ
ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ഐ20 കാറെന്ന് ഡൽഹി പൊലീസ്. വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ എന്നാണ് വിവരം. സ്ഫോടനം സംഭവിച്ചത് വാഹനത്തിന്റെ പുറകിൽ നിന്ന് എന്നും സൂചന. ഓൾഡ് ഡൽഹി മുതൽ ഉള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. സ്ഫോടനത്തെത്തുടർന്ന്, വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ, സർക്കാർ കെട്ടിടങ്ങൾ, മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ സിഐഎസ്എഫ് അതീവ ജാഗ്രതാ നിർദേശം നൽകി.
🗞️👉 മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട് നിലകളിലായാണ് പുതിയ സെന്ററിൽ ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 35 ബെഡ് കീമോതെറാപ്പി കെയർ യൂണിറ്റ്, 3 വി.ഐ.പി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങൾ ഓങ്കോളജി ഡേ കെയറിലുണ്ട്.
🗞️👉 സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു
2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.
🗞️👉 ഡൽഹി സ്ഫോടനം: സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; സമഗ്ര അന്വേഷണം തുടങ്ങി
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്ഫോടനത്തിൽ കാൽനട യാത്രക്കാർക്കും പരുക്കേറ്റു.
🗞️👉 ദമാമിൽ ന്യൂമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു
ദമാമിൽ ന്യൂമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവന്തപുരം സ്വദേശിയായ രാകേഷ് രമേശൻ ആണ് മരിച്ചത്. നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാകേഷ് വെള്ളിയാഴ്ചയാണ് മരിച്ചത്. ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു രാകേഷ്.
🗞️👉 കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് (എം)-ൽ; സൂസൻ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സൂസൻ തോമസ് കോൺഗ്രസിൽനിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം)-ൽ ചേർന്നു. പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് താൻ ഈ കടുത്ത തീരുമാനമെടുത്തതെന്ന് സൂസൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
🗞️👉 ഡൽഹി സ്ഫോടനം അത്യന്തം വേദനാജനകം, പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ; രാജ്നാഥ് സിങ്
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നതായും പറഞ്ഞു. അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സംഭവത്തിന്റെ എല്ലാ വശവും പരിശോധിക്കും. സംഭവ സ്ഥലത്ത് ഉടനെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
🗞️👉 ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്.
ഡല്‍ഹിയിലെ സുരക്ഷയില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി രംഗത്തെത്തി. ഇതാണോ ആഭ്യന്തരമന്ത്രാലയം ഊറ്റംകൊള്ളുന്ന സുരക്ഷിത ഡല്‍ഹിയെന്ന് അദേഹം ചോദിച്ചു. ആവർത്തിക്കുന്ന സുരക്ഷാവീഴ്ച സർക്കാരിന്റെ നിസ്സംഗതയുടെ തെളിവാണെന്ന് അഭിഷേക് സിങ്വി പറഞ്ഞു. ഡല്‍ഹി അതീവ സുരക്ഷയിലായിട്ടും ബി.ജെ.പിക്ക് അഹങ്കാരത്തിനും അവകാശവാദത്തിനും കുറവില്ലെന്നും അഭിഷേക് സിങ്വി കുറ്റപ്പെടുത്തി. ഇന്ന് വൈകുന്നേരമാണ് ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്ഫോടനം സംഭവിച്ചത്. 13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മുപ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
🗞️👉 ഡല്‍ഹി സ്ഫോടനം: ആശങ്കാജനകമെന്ന് രാഹുൽ, ഹൃദയഭേദകമെന്ന് പ്രിയങ്ക; പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍. സ്ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു.
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21നാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 12,035 സംവരണ വാർഡുകളുണ്ട്. 33,746 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2,841 പേർ പ്രവാസി വോട്ടർമാരാണ്. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50,691 കണ്ട്രോള് യൂണിറ്റുകളുമുണ്ടാകും. 1,249 റിട്ടേണിംഗ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക.സുരക്ഷയ്ക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ ആകെയുള്ള 87 നഗരസഭകളിൽ 44 എണ്ണം ഭരിക്കുന്നത് എൽഡിഎഫാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ ഏഴ് പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്.












