2025 നവംബർ 10 തിങ്കൾ 1199 തുലാം 24
വാർത്തകൾ
🗞️👉 ഇന്ന് മുതൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കും: യാത്രക്കാർ വലയും
അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ ഇന്ന് മുതൽ പണിമുടക്കും. തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ഇന്ന് വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം. സാമ്പത്തിക നഷ്ടം സഹിക്കാൻ കഴിയുന്നില്ലെന്ന് വാഹന ഉടമകൾ വ്യക്തമാക്കി. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാർ വലയും.
🗞️👉 കോതമംഗലത്ത് ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം നെല്ലിക്കുഴിയില്‍ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ല എന്ന് പൊലീസ് പറഞ്ഞെങ്കിലും സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് & സയന്‍സ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഇടുക്കി മാങ്കുളം സ്വദേശിയുമായ നന്ദന ഹരിയാണ് മരിച്ചത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയെ ആദ്യം കാണുന്നത്. കോളജ് അധികൃതര്‍ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്നും ഇനി ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും എന്നും നന്ദനയുടെ പിതാവ് ഹരി പറഞ്ഞു.
🗞️👉 ഔദ്യോഗിക ചടങ്ങിൽ ഗണഗീതം: മതേതരത്വത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി വി. ശിവൻകുട്ടി
ഇന്നലെ വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവം മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക ചടങ്ങ് നടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ ഉണ്ട്. ഒരു സാമാന്യ മര്യാദ പോലും കാണിച്ചില്ല. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ഉണ്ടായത് മന്ത്രി പറഞ്ഞു. ഞങ്ങൾ എന്തും ചെയ്യുമെന്ന ധാർഷ്ട്യത്തിന്റെ സ്വരമാണിത്. വിദ്യാർഥികളെ പെട്ടെന്ന് വിളിച്ചു കൊണ്ടുവന്ന് ചെയ്തതല്ല ഇന്നലെ നടന്ന സംഭവം. ഏത് മാനേജ്മെന്റിന്റെ സ്കൂൾ ആയാലും മതേതരത്വത്തിന് വെല്ലുവിളിക്കുന്ന നടപടികൾ അനുവദിക്കില്ല. കുട്ടികളെക്കൊണ്ട് ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നു. എന്നാൽ ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പ്രിൻസിപ്പലിന്റെ അഭിപ്രായം.
🗞️👉 വള്ളിച്ചിറയിൽ താമരകുളം ഗ്രീൻ പാർക്ക് തുറന്നു
പാലാ: കരൂർ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലും എം.ജി.ആർ.ഇ ജി.എസിലും ഉൾപ്പെടുത്തി വള്ളിച്ചിറയിലെ താമരക്കുളം ഗ്രീൻ പാർക്ക് നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. വില്ലേജ് ഹട്ട്, നടപ്പാത, റെയ്ലിംഗ്സ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പ്രഭാത നടത്തത്തിനുള്ള സൗകര്യത്തോടെ ഇവിടെ പുതിയതായി നിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പ്രേമകൃഷ്ണസ്വാമിയുടെ നിർദേശപ്രകാരം പന്ത്രണ്ട് ലക്ഷത്തിൽപരം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
🗞️👉 എസ്എംവൈഎം പാലാ രൂപത നിയമാവലി പ്രകാശനം ചെയ്തു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ നിയമാവലി പാലാ രൂപത മുഖ്യ വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് തടത്തിൽ പ്രകാശനം ചെയ്തു. സഭാ കാര്യാലയം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നിന്ന് പ്രസിദ്ധീകരിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ നിയമാവലിയുടെ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. രൂപതയിലെ യുവജന സംഘടന പ്രവർത്തനങ്ങളുടെ സമഗ്രമായ മാർഗ്ഗരേഖയാണ് നിയമാവലിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.












