🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മെയ് 21, 2023 ഞായർ 1198 ഇടവം 7
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
🍇🍇🍇🍇🍇🍇🍇🍇🍇🍇
വാർത്തകൾ
🗞🏵 വിശ്വാസലംഘനം ആരോപിച്ച് ഗൂഗിളിനെതിരേ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രം. ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ, തങ്ങളുടെ വിപണി ദുരുപയോഗംചെയ്തതിനും മത്സരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കുറ്റക്കാരാണെന്ന് സർക്കാരിന്റെ വിദഗ്ധസമിതി കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു.
🗞🏵 ഐ.ജി. പി. വിജയന്റെ സസ്പെൻഷനിൽ ഐ.പി.എസ്. ഉദ്യോഗസ്ഥർക്കിടയിലും ഭിന്നസ്വരം. പൊതുസമ്മതനായ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സസ്പെൻഷനെതിരേ പൊതുസമൂഹത്തിലും പോലീസുകാർക്കിടയിലും എതിർപ്പുയർന്നിട്ടുണ്ടെങ്കിലും ഐ.പി.എസ്. അസോസിയേഷൻ പ്രതികരിച്ചിട്ടില്ല. ഇരുഭാഗത്തും ഉന്നത ഉദ്യോഗസ്ഥർ അണിനിരന്നതാണ് അസോസിയേഷനെ നിശബ്ദമാക്കിയത്.
🗞🏵 പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പതിനെട്ടുകാരി മരിച്ചു. കര്‍ണാടകയിലെ തുംകുർ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ ഭവ്യയാണ് മരിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
🗞🏵 പൊതുജനങ്ങൾ കൊണ്ടുവരുന്ന 2,000 രൂപയുടെ നോട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ട്രഷറി വകുപ്പ്. ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കണമെന്നു ട്രഷറി ഡയറക്ടർ ധനവകുപ്പിന്റെ ഉപദേശം തേടി. ബവ്റിജസ് കോർപറേഷൻ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നെത്തിയ 2,000 രൂപയുടെ നോട്ടുകൾ പരിധിയില്ലാതെ ഇന്നലെ ട്രഷറി ശാഖകളിൽ സ്വീകരിച്ചു. തുടർന്നും സ്വീകരിക്കും. എന്നാൽ, പൊതുജനങ്ങൾ കൈമാറിയ 2,000 രൂപയുടെ 10 നോട്ടുകൾ വരെ മാത്രമേ പല ട്രഷറി ശാഖകളും സ്വീകരിക്കാൻ തയാറായുള്ളൂ. ചില ട്രഷറികൾ 2,000 രൂപയുടെ ഒരു നോട്ടു പോലും സ്വീകരിച്ചില്ല.
🗞🏵 പാക്കിസ്ഥാൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക് അറബിക്കടലിൽ മുക്കിയ ചരക്ക് യാനം വീണ്ടെടുക്കാൻ നാവികസേനയുടെ സഹായത്തോടെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ശ്രമം തുടരുന്നു. മുക്കിയ കപ്പലിൽ 3000 കിലോഗ്രാം ലഹരിമരുന്ന് ഉണ്ടെന്ന സൂചനയെത്തുടർന്നു നടത്തിയ ആദ്യ തിരച്ചിൽ വിജയിച്ചിരുന്നില്ല. കടലിൽ ലഹരി മരുന്നു കടത്തിയ യാനം വീണ്ടെടുക്കേണ്ടതു പ്രോസിക്യൂഷൻ നടപടികൾക്കു നിർണായകമാണ്
🗞🏵 സിഖ് വിരുദ്ധ കലാപക്കേസിൽ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് 39 വർഷം പഴക്കമുള്ള കേസിൽ ടൈറ്റ്ലറുടെ പേര് കുറ്റപത്രത്തിൽ ചേർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുൽ ബംഗഷ് ഏരിയയിൽ 1984-ൽ മൂന്ന് പേർ കൊല്ലപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ടൈറ്റ്ലറുടെ ശബ്ദ സാന്പിളുകൾ കഴിഞ്ഞ മാസം സിബിഐ ശേഖരിച്ചിരുന്നു. ആൾക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാണ് ടൈറ്റ്ലറിനെതിരായ കേസ്.
🗞🏵 രാജസ്ഥാനിൽ മിഗ് -21 യുദ്ധവിമാനം തകർന്നു വീണ സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെ മിഗ് – 21 വിമാനത്തിന്റെ സേവനം നിർത്തിവച്ചതായി വ്യോമസേന. മേയ് എട്ടിന് സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്ന് പറന്ന മിഗ്-21 വിമാനം രാജസ്ഥാനിലെ ഹനുമാൻഘട്ടിൽ തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
🗞🏵 വടക്കൻ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 36,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 37 നഗരങ്ങളെയും പട്ടണങ്ങളെയും ബാധിച്ച പ്രളയത്തിനിടെ 305 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തിൽ നശിച്ചു.
🗞🏵 പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (ദേവു-15)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ
🗞🏵 എരുമേലി കണമലയില്‍ രണ്ടു പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചുമതല.
മയക്കുവെടിവച്ച ശേഷം കാട്ടുപോത്തിനെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാണ് നിര്‍ദേശം. മയക്കുവെടിവയ്ക്കാന്‍ തേക്കടിയില്‍നിന്നുള്ള പ്രത്യേക സംഘം കണമലയിലെത്തിയിട്ടുണ്ട്. അതേസമയം കാട്ടുപോത്തിനെ വെടിവച്ചു കൊല്ലില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി നാട്ടുകാര്‍. പോത്തിനെ വെടിവച്ചുകൊല്ലാന്‍ കളക്ടര്‍ ഉത്തരവിട്ടതുകൊണ്ടാണ് സമരത്തില്‍നിന്ന് പിന്മാറിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
🗞🏵 ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരുലക്ഷം പ്രതിഫലമായി നൽകാൻ ധനവകുപ്പിന്റെ നിർദേശം. വിഷയത്തിൽ മന്ത്രിസഭായോഗമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഓണറേറിയം എന്ന നിലയ്ക്കാകും തുക അനുവദിക്കുക. ശമ്പളത്തിനുപകരം ഓണറേറിയമായി പ്രതിഫലം നൽകിയാൽ മതിയെന്ന് തോമസ് സർക്കാരിനെ അറിയിച്ചിരുന്നു. ഓണറേറിയമായി പ്രതിഫലം വാങ്ങിയാൽ എംപി പെൻഷൻ തുടർന്നും വാങ്ങാൻ അദ്ദേഹത്തിന് തടസമില്ല
🗞🏵 ബംഗാളിലെ അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയെ സിബിഐ ചോദ്യം ചെയ്തത് ആറ് മണിക്കൂർ. നിസാം പാലസിലെ സിബിഐ ഓഫീസിൽ എത്തിയ അഭിഷേകിനെ ആറു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
🗞🏵 വന്യ ജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾക്കും നിയമ നിർമാണത്തിനും സർക്കാർ തയാറാകണമെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബേസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. വന്യ ജീവികളുടെ ആക്രമണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നത് സർക്കാർ അർഹമായ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. മലയോര ജനതയുടെ ആവലാതികളും ആശങ്കകളും കണക്കിലെടുത്തു ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
🗞🏵 ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി നടത്തിയ സർക്കാർ മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു. എംജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നൽകി. വി വിഗ്നേശ്വരി കോട്ടയം കളക്ടർ ആയി ചുമതയേൽക്കും. സ്നേഹിൽ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതലയും നല്‍കി. ശിഖ സുരേന്ദ്രനെ കെടിഡിസി എംഡിയായും നിയമിച്ചു.
🗞🏵 മെയ് അവസാനമായിട്ടും കേരളത്തില്‍ പൊള്ളുന്ന ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് തുടരുകയാണ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം.
🗞🏵 രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിപക്ഷം നടത്തിയ സമരത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങവെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. മൈക്കിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞ് വീണത്. മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്ത് കസേരയില്‍ ഇരുത്തി.
🗞🏵 കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ സിപിഎമ്മിനെ പരിഹസിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പിന്‍വലിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും കൈപിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ബല്‍റാം പരിഹാസ രൂപേണ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ‘ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ എന്നും ബല്‍റാം കുറിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ബല്‍റാം പോസ്റ്റ് പിന്‍വലിച്ചത്.
🗞🏵 അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേയ്ക്ക് എത്തിക്കാന്‍ കെ.സി വേണുഗോപാലിന്റെ സഹായം ആവശ്യപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. മദനിയെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാണ് പ്രധാന ആവശ്യം. ഇത് ചൂണ്ടിക്കാട്ടി കെ.സി വേണുഗോപാലിന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ കത്തയച്ചു.
🗞🏵 സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് അനധികൃത പണവും സ്വര്‍ണ്ണക്കട്ടിയും കണ്ടെത്തി. രാജസ്ഥാൻ സര്‍ക്കാരിന്‍റെ കെട്ടിടമായ യോജന ഭവനിൽ നിന്നാണ് 2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയും കണ്ടെടുത്തത്. രാത്രിയിലെ മിന്നൽ പരിശോധനയിലാണ് കോടികൾ കണ്ടെത്തിയത്. ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന 8 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
🗞🏵 പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ ജോലി നേടാം. നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. 1600 ഒഴിവുകളാണ് വിജ്ഞാപനംചെയ്തിരിക്കുന്നത്. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.
🗞🏵 കശ്മീരിലെ ഏഴ് ജില്ലകളില്‍ എന്‍ഐഎ പരിശോധന. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടന്നത്. ശ്രീനഗര്‍, പുല്‍വാമ, അവന്തിപ്പോറ, അനന്ത്നാഗ്, ഷോപ്പിയാന്‍,പൂഞ്ച്,കുപ്വാര എന്നീ ജില്ലകളിലാണ് പരിശോധന നടന്നത്. എന്‍ഐഎയുടെ ഡല്‍ഹി, ജമ്മു ബ്രാഞ്ചുകളില്‍ 2001-ലും 2022-ലും രജിസ്റ്റര്‍ ചെയ്ത്് രണ്ട് കേസുകളെ ആസ്പദമാക്കിയാണ് പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് മേഖലകളില്‍ പരിശോധന.
🗞🏵 രാജ്യത്തെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വീണ്ടും നേട്ടത്തിന്റെ പാതയിൽ. ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ വർഷം ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം 12 ശതമാനം വർദ്ധനവോടെ 1.06 ലക്ഷം കോടി രൂപയായാണ് പ്രതിരോധ ഉൽപ്പാദനം ഉയർന്നത്. അതേസമയം, ഏതാനും സ്വകാര്യ കമ്പനികളിൽ നിന്നുള്ള ഉൽപ്പാദന കണക്കുകൾ കൂടി ലഭ്യമാകാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതുകൂടിച്ചേരുമ്പോൾ ഉൽപ്പാദന മൂല്യം വീണ്ടും ഉയരുന്നതാണ്.
🗞🏵 മധ്യപ്രദേശിലെ സിയോപ്പൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ നിന്നും ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. ഇത്തവണ 3 ചീറ്റകളെയാണ് കാട്ടിലേക്ക് തുറന്നുവിട്ടത്. ഇതോടെ, കാട്ടിലേക്ക് തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറായി. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച അഗ്നി, വായു എന്നീ രണ്ട് ആൺ ചീറ്റകളെയും, ഗാമിനി എന്ന പെൺ ചീറ്റയെയുമാണ് കാട്ടിലേക്ക് തുറന്നുവിട്ടത്.
🗞🏵 ഇന്ത്യയുടെ ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഈ മാസം 29ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമായ ജിഎസ്എൽവി ഉപയോഗിച്ചാണ് എൻവിഎസ്-01 വിക്ഷേപിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പൊസിഷനിംഗ്, നാവിഗേഷൻ, ടൈമിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ‘നാവിക്’ എന്ന പേരിൽ നാവിഗേഷൻ ഉപഗ്രഹ സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തത്.
🗞🏵 സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വടക്കൻ സിക്കിമിലാണ് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ രൂക്ഷമായത്. നിലവിൽ, 54 കുട്ടികൾ ഉൾപ്പെടെ 500- ലധികം വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്.
🗞🏵 ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കത്തിനിടെ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ നടന്ന സംഭവത്തിൽ കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ (46) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുരുവള്ളിയില്‍ നിര്‍മ്മാണത്തിലുള്ള വിശ്വകര്‍മ്മ കമ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം
🗞🏵 മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ച് കോടതി. വലിയപറമ്പ് സ്വദേശി ഷാജിയെ ആണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
🗞🏵 ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 23 വരെയാണ് കസ്റ്റഡി കാലാവധി. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സന്ദീപിന് വൈദ്യസഹായം അടക്കം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
🗞🏵 കാഞ്ഞങ്ങാട് വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് യുവതികളെ കാണാതായതായി പരാതി. ആശുപത്രിയിലേക്ക് പുറപ്പെട്ട മുറിയനാവിയിലെ 20കാരിയായ ജീവനക്കാരിയാണ് കാണാതായവരിൽ ഒരാൾ. മലപ്പുറം കോട്ടക്കലില്‍ നിന്നും അമ്മക്കൊപ്പം വന്ന് കാഞ്ഞങ്ങാട് ബസിറങ്ങിയ മകളെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20കാരിയെയാണ് കാണാതായ മറ്റൊരാൾ.കീഴൂര്‍ സ്വദേശിനിയായ 22കാരിയെ കാണാതായതായിട്ടാണ് മറ്റൊരു പരാതി.
🗞🏵 രാസലഹരിമരുന്നായ എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ പിടിയിൽ. മണാർക്കാട് സ്വദേശികളായ മെൻസൺ, അബി ചെറിയാൻ എന്നിവരാണ് എറണാകുളം നെട്ടൂരിൽ വച്ച് പിടിയിലായത്. പ്രതികളിൽ നിന്നും 2.56 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
🗞🏵 കേരളത്തിലെ ക്രൈസ്തവർ വളരെയധികം പിന്നോക്കാവസ്ഥ അനുഭവിച്ചുവരികയാണെന്നും അതിനാൽ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ വിവിധ ക്രൈസ്തവ സഭകളും ആയി ചർച്ചകൾ നടത്തി അടിയന്തരമായി നടപ്പിലാക്കി സർക്കാരിന് ക്രൈസ്തവരോടുള്ള ആത്മാർത്ഥത തെളിയിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു മുഹമ്മ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വച്ചു നന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ 137 മത് അതിരൂപതാ ദിനാചരണത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 ദിവ്യകാരുണ്യ ഭക്തി വീണ്ടും ഊട്ടിയുറപ്പിക്കാന്‍ അടുത്ത വര്‍ഷം അമേരിക്കയില്‍ ഉടനീളം ‘ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനം’ (നാഷണല്‍ യൂക്കരിസ്റ്റിക് പില്‍ഗ്രിമേജ്) ഒരുങ്ങുന്നു. അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ് വിഭാഗമാണ് രണ്ടു മാസ കാലയളവില്‍ രാജ്യത്തു ദേശീയ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കുക. ആറായിരത്തിയഞ്ഞൂറു മൈല്‍ അഥവാ 10460 കിലോമീറ്റര്‍ ദൈര്‍ഖ്യമേറിയതാണ് തീര്‍ത്ഥാടനം. രാജ്യത്തിന്റെ നാല് ദിക്കുകളില്‍ നിന്നെത്തുന്ന 4 ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളും 2024 ജൂലൈ 16-ന് നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യാന പോളിസില്‍ ഒരുമിക്കും.
🗞🏵 ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള ‘ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ എന്ന തീവ്രവാദ സംഘടനയാണ് ക്രൈസ്തവ കൂട്ടക്കൊലക്ക് പിന്നില്‍. ഉത്തര കിവു പ്രവിശ്യയിലെ, ബെനി പ്രദേശത്ത് മെയ് പന്ത്രണ്ടാം തീയതിയാണ് തീവ്രവാദികള്‍ അക്രമം അഴിച്ചുവിടാൻ ആരംഭിച്ചത്. അന്നു മൂന്നു ക്രൈസ്തവരെ വധിക്കുകയും, കാറുകളും മോട്ടോർസൈക്കിളുകളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
പിറ്റേദിവസം കട്ടോൺഗോ ഗ്രാമത്തിൽ തീവ്രവാദികൾ മൂന്നു ക്രൈസ്തവരെ കൊലപ്പെടുത്തി.
🗞🏵 പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫാത്തിമ സ്ഥിതി ചെയ്യുന്ന പോർച്ചുഗലിൽ ദയാവധവും പിന്തുണയോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയതിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് ദേശീയ മെത്രാൻ സമിതി. വൈദ്യസഹായത്തോടെയുള്ള ദയാവധത്തിന് പാർലമെന്‍റ് അംഗീകാരം നൽകിയതിനെ തുടർന്ന് മെയ് പതിമൂന്നാം തിയതിയാണ് നിയമം പ്രാബല്യത്തിലായത്. വളരെ ദുഃഖമുണ്ടെന്നും പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തിൽ കൊല്ലാൻ ഒരു നിയമം നടപ്പിലാക്കിയെന്നും പോർച്ചുഗീസ് മെത്രാന്മാർ പ്രസ്താവിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision