2025 മെയ് 29 വ്യാഴം 1199 ഇടവം 15
വാർത്തകൾ
🗞️👉 വൈദ്യുതി പുനസ്ഥാപിക്കൽ: കെ.എസ്.ഇ.ബിക്ക് സഹായം നൽകാൻ അഗ്‌നിരക്ഷാസേനയ്ക്കും എൽ.എസ്.ജി.ഡി.ക്കും നിർദ്ദേശം
കോട്ടയം: മൺസൂൺ അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി ലൈനുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് ആവശ്യമായ അടിയന്തര സഹായം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദേശം നൽകി. പഞ്ചായത്തുതലങ്ങളിൽ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കിൽ വൈദ്യുതി ലൈനിൽ. വീണു കിടക്കുന്ന മരങ്ങളും മരച്ചില്ലകളും നീക്കുന്നതിന് പഞ്ചായത്തുതല ഏമർജൻസി റെസ്പോൺസ് ടീമുകളുടെ സഹായം കെ.എസ്.ഇ.ബി. ജീവനക്കാരുമായി ചേർന്ന് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയും അതതു വാർഡ് മെമ്പർമാരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം പ്രവർത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
🗞️👉 പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അപകടകരമായിനിൽക്കുന്ന മരങ്ങൾ നീക്കാൻ നിർദ്ദേശം
കോട്ടയം: അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വൈദ്യുതിലൈനിന് മുകളിലായി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഇത്തരം സന്ദർഭങ്ങളിൽ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന് മുമ്പായി വേണ്ടിവന്നാൽ വൈദ്യുതി വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനം ലഭ്യമാക്കണം.
🗞️👉 അന്‍വറുമായി കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാല്‍ മടങ്ങി
കെ സി വേണുഗോപാല്‍ പി വി അന്‍വറിനെ കാണില്ല. തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച ശേഷം അന്‍വറുമായി ചര്‍ച്ച വേണ്ടെന്നാണ് നിലപാട്. അന്‍വറിനെ കാണാതെ കെ സി വേണുഗോപാല്‍ മടങ്ങി. അന്‍വര്‍ വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തില്ലെന്നും കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വം ഉണ്ടെന്നും കെ സിവേണുഗോപാല്‍ പ്രതികരിച്ചു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമസൃഷ്ടി എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
🗞️👉 സംസ്ഥാന നീന്തൽ മത്സരം പാലായിൽ
കേരളാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന എഴുപത്തി രണ്ടാമത് സംസ്ഥാന നീന്തൽ മത്സരം ഈ മാസം 30, 31 തീയതികളിൽ പാലാ സെൻറ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മുന്നൂറോളം പുരുഷ, വനിതാ താരങ്ങളും എല്ലാ ,ഒഫിഷ്യൽസുംപങ്കെടുക്കും. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ ഈ മത്സരത്തിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. 30നു രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന മത്സരം 31നു വൈകിട്ടാണ് സമാപിക്കുക. കോട്ടയം ജില്ലയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തൽ മത്സരം നടക്കുന്നത്.
🗞️👉 ‘അന്‍വര്‍ തുടരും’ ; പി വി അന്‍വറിനായി നിലമ്പൂരില്‍
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍. പി വി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
🗞️👉 വടകര ദേശീയ പാതയുടെ സർവീസ് റോഡിൽ ഗർത്തം
വടകര ദേശീയ പാത സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് കുഴി രൂപപെട്ടത്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. തുടർന്ന് ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങി. റോഡിൽ കുഴി രൂപപെട്ടതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
🗞️👉 ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടാന്‍ സംസ്ഥാനം
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി.
🗞️👉 ലഖ്‌നൗവിനെ തല്ലിത്തകർത്ത് ജിതേഷ് ശർമ്മ
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ വിജയം. ലഖ്‌നൗവിനെ 6 വിക്കറ്റിന് തകർത്ത ബംഗളൂരു, 228 റൺസിന്റെ വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ മറികടന്നു. ജയത്തിൽ നിർണായക പങ്ക് വഹിച്ചത് പുറത്താകാതെ 85 റൺസ് നേടിയ ജിതേഷ് ശർമയാണ്. 54 റൺസ് നേടിയ വിരാട് കോലിയും, പുറത്താകാതെ 41 റൺസ് നേടിയ മായങ്ക് അഗർവാളും തിളങ്ങി. ജയത്തോടെ ആർസിബി ക്വാളിഫയർ വണ്ണിലേക്ക് യോഗ്യത നേടി.
🗞️👉 കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ സൂപ്രണ്ടിന് പരുക്ക്
കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭാ സൂപ്രണ്ടിന് പരുക്കേറ്റു. കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് സാരമായി പരുക്കേറ്റത്. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന കോട്ടയം നഗരസഭയുടെ സോണൽ ഓഫീസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
🗞️👉 അതിദരിദ്രർ ഇല്ലാത്ത കേരളം നവംബർ ഒന്നിന് പ്രഖ്യാപിക്കും; മുഖ്യമന്ത്രി
ഒമ്പത് വർഷം കൊണ്ട് പൊലീസിലെ മാറ്റം ശക്തിപ്പെട്ടുവെന്ന് മുഖ്യമന്ത്രി. സേനയിൽ ഉള്ളവർക്ക് ചരിത്ര ബോധം വേണം. സേനയിൽ സംഘടിക്കാനുള്ള അവകാശത്തിനായി പോരാടിയവരെ ഓർക്കണം. അതിദരിദ്രർ ഇല്ലാത്ത കേരളം.നവംബർ ഒന്നിന് അഭിമാനത്തോടെ പ്രഖ്യാപിക്കും. കേരളം വികസനത്തിന്റെ സ്വാദ് നുണയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🗞️👉 ഓപ്പറേഷൻ സിന്ദൂർ ലോഗോ രൂപകൽപ്പന ചെയ്തതും രണ്ട് സൈനികർ
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിർണായക സൈനിക പ്രതികരണത്തിന്റെ മുഖമായ ഓപ്പറേഷൻ സിന്ദൂറിന്റെ ഐക്കണിക് ലോഗോ രൂപകൽപ്പന ചെയ്തത് പരസ്യ പ്രൊഫഷണലുകളോ ബ്രാൻഡിംഗ് സ്ഥാപനങ്ങളോ അല്ല, മറിച്ച് രണ്ട് സൈനികരാണ്. ലഫ്റ്റനന്റ് ഹർഷ് ഗുപ്ത, ഹവ് സുർവിന്ദർ സിംഗ് എന്നീ രണ്ട് സൈനികരാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ലോഗോ രൂപകൽപ്പന ചെയ്തത്. സൈന്യത്തിന്റെ ‘ബാച്ചീറ്റ്’ എന്ന മാസികയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
🗞️👉 വീട്ടില്‍ രഹസ്യഅറയില്‍ സൂക്ഷിച്ചനിലയില്‍ 12 കിലോ കഞ്ചാവ്; പ്രതി പിടിയില്‍
തിരുവനന്തപുരം ചാക്കയില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. എംഡിഎംഎയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രതിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചാക്ക സ്വദേശിയായ അനീഫ് ഖാനാണ് പിടിയിലായത്.













