2025 മെയ് 21 ബുധൻ 1199 ഇടവം 07
വാർത്തകൾ
🗞️👉 എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു
പാലാ രൂപത യുവജന പ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. 2025 പ്രവർത്തനവർഷത്തെ ഡയറക്ടറിയിൽ രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ വിവരങ്ങൾ, 2025 കർമ്മപദ്ധതി , വിലയിരുത്തൽ മാനദണ്ഡങ്ങൾ തുടങ്ങിയവ ഉൾച്ചേർത്തിരിക്കുന്നു. സംഘടനാപ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ പിതാവ് സംഘടന ഭാരവാഹികളുമായി സംവദിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജോയിൻ്റ് ഡയറക്ടർ സി. നവീന സി.എം.സി., ജനറൽ സെക്രട്ടറി റോബിൻ ടി. ജോസ് താന്നിമല, വൈസ് പ്രസിഡന്റ് ബിൽന സിബി, ജോസഫ് തോമസ്, സി. നിർമ്മൽ തെരേസ്, ബെനിസൺ സണ്ണി, എഡ്വിൻ ജെയ്സ് തുടങ്ങിയവർ പ്രസംഗിച്ചു.
🗞️👉 ടൂറിസ്റ്റ് ബസ് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു.
തലയ്ക്ക് പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ തവളക്കുഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഇടതുവശത്തുകൂടി കയറിവന്ന ബസ് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാൽനട യാത്രക്കാരൻ തെറിച്ചു വീഴുകയും തലയ്ക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറിലും ഇടിച്ചു. കേടുപാടുകൾ സംഭവിച്ചു. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
🗞️👉 നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല; മുഖ്യമന്ത്രി
കെയു ജനീഷ് കുമാർ എം.എൽ.എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞️👉 ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം ഇന്ന്
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടനം നാളെ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ നടക്കും. നാളെ 11 മണിക്ക് സംഘം പുറപ്പെടും. ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സന്ദർശനം. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും.
🗞️👉 വയനാട് റെഡ് അലർട്ട്
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.













