2025 മെയ് 20 ചൊവ്വ 1199 ഇടവം 06
വാർത്തകൾ
🗞️👉 എസ്.എം.വൈ.എം. പാലാ രൂപത ഫുട്ബോൾ ടൂർണമെൻ്റിൽ കൂട്ടിക്കൽ ടീം ചാമ്പ്യന്മാരായി
പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഇലഞ്ഞി ഫൊറോനയുടെയും, വടകര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ 9’s ഫുട്ബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. വടകര സീറോ മലബാർ പള്ളി വികാരി ഫാ. ജോൺ പുതിയാമറ്റം ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. 37 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൂട്ടിക്കൽ ഫൊറോനയിലെ കൂട്ടിക്കൽ യൂണിറ്റ് ചാമ്പ്യന്മാരായി. പാലാ ഫൊറോനയിലെ കുടക്കച്ചിറ, അരുവിത്തുറ ഫോറോനയിലെ തിടനാട് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
🗞️👉 പാലാ സെൻ്റ് തോമസ് കോളേജിൽ ബി.എസ്.സി. സൈക്കോളജി, എം. എസ് സി . ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സുകൾ തുടങ്ങുന്നു.
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ 2025-2026 അക്കാദമിക് വർഷത്തിൽ ബിരുദ തലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും ഓരോ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. ബിരുദ തലത്തിൽ സൈക്കോളജി, ബിരുദാനന്തര ബിരുദ തലത്തിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നീ കോഴ്സുകളാണ് പുതിയതായി ആരംഭിക്കുന്നത്. ബി.എസ്.സി സൈക്കോളജി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ വിദ്ഗ്ദ്ധ പരിശീലനവും ഇൻ്റേൺഷിപ്പും ലഭ്യമാകത്തക്കവിധത്തിലാണ് പാഠ്യപദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്.
🗞️👉 എം.ജി. ബിരുദ പരീക്ഷ: റാങ്കുകളുടെ നിറവിൽ ദേവമാതാ കോളേജ്
കുറവിലങ്ങാട്: എം.ജി. യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ നിരവധി റാങ്കുകളുമായി കുറവിലങ്ങാട് ദേവമാതാ കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. പാഠ്യപാഠ്യേതര രംഗങ്ങളിൽ ദേവമാതാ കോളേജ് പുലർത്തിപ്പോരുന്ന അതുല്യമായ മികവിന്റെ സാക്ഷ്യ മായി ദേവമാതായിലെ കുട്ടികൾ നിരവധി റാങ്കുകൾ കരസ്ഥമാക്കി. ദേശീയ സംസ്ഥാനതല മൂല്യനിർണയങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുള്ള കോളേജിൻ്റെ പ്രവർത്തനമികവിന്റെ മറ്റൊരു ഉദാഹരണമാണ് റാങ്കുകൾ.
🗞️👉 മെഗാ വിദ്യാഭ്യാസ പ്രദർശന മേള
എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിക്കുന്നു. 2025 മെയ് 24 ശനിയാഴ്ച രാവിലെ 8.00 AM മുതൽ വൈകുന്നേരം 5.00 PM വരെ പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്’സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ചാണ് വിദ്യാഭ്യാസ പ്രദർശന മേള നടത്തപ്പെടുന്നത്. ഇന്ത്യക്ക് പുറത്തും അകത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളും കോളേജുകളും വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും.
കരിയർ ഗൈഡൻസ് സെഷൻസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങിയവയും മേളയിൽ ഉള്ളടങ്ങിയിരിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ.
🗞️👉 പിടിച്ചുവെച്ച ലാപ്ടോപ്പും ഫോണുകളും തിരിച്ചുതരണം;ജ്യോതി മൽഹോത്രയുടെ പിതാവ്
തന്റെ മകൾ പാകിസ്താൻ സന്ദർശിച്ചത് യൂട്യൂബിനായി വിഡിയോകൾ ഷൂട്ട് ചെയ്യാനെന്ന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പിതാവ് ഹാരിസ് മൽഹോത്ര. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു പിതാവിന്റെ പ്രതികരണം. പൊലീസ് പിടിച്ചെടുത്ത ഫോണുകൾ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകൾ പാകിസ്താനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു.
🗞️👉 സയൻസ് സിറ്റിയുടെ ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു
കുറവിലങ്ങാട്: നാടിനെ വികസനവിപ്ലവത്തിലേക്കും ശാസ്ത്രഗവേഷണങ്ങളിലേക്കും നയിക്കുന്ന സയൻസ് സിറ്റിയുടെ ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 501 അംഗസ്വാഗതസംഘം രൂപീകരിച്ചത്. സ്വാഗതസംഘം രൂപീകരണയോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.












