🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 21 , 2023 ചൊവ്വ 1198 മീനം 7
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
💐💐💐💐💐💐💐💐💐💐💐
വാർത്തകൾ
🗞🏵 മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ വിലാപയാത്ര, ഭൗതികശരീരവും സംവഹിച്ചുകൊണ്ട് ഇന്ന് രാവിലെ 9.00 മണിക്ക് ചങ്ങനാശേരി അതിരൂപത ഭവനത്തിൽ നിന്ന് ആരംഭിക്കും. അഭിവന്ദ്യ പിതാക്കൻമാർ , 250 ഇടവകകളിൽ നിന്നും വൈദികർ, സന്യസ്തർ, കൈക്കാരന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ, ഇടവകാംഗങ്ങൾ, എന്നിവർ പങ്കെടുക്കും. എല്ലാ ഇടവകകളിൽ നിന്നും വെള്ളിക്കുരിശ്, സ്വർണക്കുരിശ് എന്നിവയും മുത്തുക്കുടകളും സംവഹിക്കപ്പെടും. സെൻട്രൽ ജംഗ്ഷൻ എത്തുമ്പോൾ പൗരാവലി ആദരവ് അർപ്പിക്കും. തുടർന്ന് മാർക്കറ്റ് വഴി മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിച്ചേരും. ഭൗതികശരീരം വൈദികർ കരങ്ങളിൽ സംവഹിച്ച് പള്ളിക്കുള്ളിൽ പ്രതിഷ്ഠിക്കും. അതിനുശേഷം ആരംഭിക്കുന്ന പൊതുദർശനം ബുധൻ രാവിലെ 9.00 മണി വരെ തുടരും. തുടർന്ന് മൃതസംസ്കാരം നടത്തപ്പെടും.
🗞🏵 ദേവികുളം എംഎൽഎ സിപിഎമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗങ്ങള്‍ക്കു സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്കു യോഗ്യതയില്ലെന്നു ഹൈക്കോടതി വിലയിരുത്തി.താന്‍ ഹിന്ദു പറയന് സമുദായാംഗമാണെന്നവകാശപ്പെട്ടാണു രാജ സംവരണമണ്ഡലമായ ദേവികുളത്തു മത്സരിച്ചത്. എന്നാല്‍, രാജ വളരെ മുമ്പുതന്നെ ക്രിസ്തുമതത്തിലേക്കു മാറിയതാണെന്നും ക്രിസ്തുമത വിശ്വാസമാണു പിന്തുടരുന്നതെന്നും വിലയിരുത്തി ജസ്റ്റീസ് പി. സോമരാജനാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.
🗞🏵 കൂടത്തായി കേസില്‍ രഹസ്യവിചാരണ നടത്തുന്നതിനെതിരെ മുഖ്യപ്രതി ജോളി ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഭര്‍ത്താവിനെയും ബന്ധുക്കളെയുമടക്കം അഞ്ച് പേരെ ജോളി വിഷം നല്കി കൊലപ്പെടുത്തിയെന്ന കേസില്‍ രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
🗞🏵 ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന് സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാജ്യത്ത് ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലുള്ളവര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ മമതാ റാണിയാണ് കോടതിയെ സമീപിച്ചത്. തികച്ചും അസംബന്ധമായ കാര്യമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
🗞🏵 ലോകമെങ്ങും ഓഹരി വിപണിയിൽ വൻ തകർച്ച. ബാങ്കിംഗ് ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഏഷ്യൻ, യൂറോപ്യൻ ഓഹരികളിൽ ബാങ്കിംഗ് മേഖലയിൽ വൻ തകർച്ചയാണ് നേരിട്ടത്. പ്രതിസന്ധിയിലായ സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്വിസിനെ യുബിഎസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരികളിൽ തിരിച്ചടി നേരിട്ടത്. ആഗോള വിപണിയിലെ പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണിയിലും നഷ്ടം വരുത്തി
🗞🏵 കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ആസാം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ. എസ്ഇ 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഏറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.
🗞🏵 മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022 മേയ് ഒൻപതിനാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയിൽ പങ്കെടുത്തിരുന്നു.
🗞🏵 നിയമസഭ പാസാക്കിയിട്ടും ഏറെ നാളായി പിടിച്ചു വച്ചിരുന്ന രണ്ടു ബില്ലുകളിൽ കൂടി ഗവർണർ ഒപ്പുവച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബിൽ, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിട്ടത് റദ്ദാക്കുന്നതിനുള്ള ബിൽ എന്നിവയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചത്.
🗞🏵 സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,840 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,200 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയായ 44,240 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
🗞🏵 വിവാദ വ്യവസായി ആയ ഫാരിസ് അബൂബക്കറിന്റെ വിവിധ ഇടങ്ങളിലുള്ള ഓഫീസുകളിലും വീടുകളിലുമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മണിക്കൂറുകൾ നീണ്ട റെയ്ഡിൽ പ്രധാനപ്പെട്ട പല രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. കൊയിലാണ്ടിക്കാരനായ ഫാരിസിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് വർഷങ്ങളായുള്ള ആരോപണമാണ്. ഫാരിസ് പിണറായി വിജയന്റെ അടുത്ത സുഹൃത്താണെന്ന പ്രചാരണവും ശക്തമാണ്.
🗞🏵 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി കെഎസ്ഇബി. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
🗞🏵 മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കും. എറണകുളം ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാൻ ആവിഷ്‌കരിച്ച കർമ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താൻ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
🗞🏵 രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വർദ്ധനവ്. ഈ മാസം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, വിദേശ നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റിയിൽ 11,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇവയിൽ അദാനി ഗ്രൂപ്പ് കമ്പനികളിൽ യുഎസ് ആസ്ഥാനമായ ജിക്യുജി പാർട്ണേഴ്സ് നടത്തിയ നിക്ഷേപമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഡെപ്പോസിറ്ററുകളിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ മാർച്ച് 17 വരെ 11,495 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.
🗞🏵 രാജ്യത്തേയ്ക്ക് കള്ളക്കടത്തുസ്വര്‍ണം ഒഴുകുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 47% വര്‍ധനയുണ്ടായെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കള്ളക്കടത്തുസ്വര്‍ണം പിടിക്കുന്നതു കേരളത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
🗞🏵 കർണാടകയിൽ പുതിയ പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് കോൺഗ്രസ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്.
🗞🏵 ലോകത്തിലെ ഏറ്റവും മനോഹരമായ സിറ്റികളിലൊന്നായി അയോദ്ധ്യ മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വര്‍ഷത്തിനുള്ളിലാണ് ഈ മാറ്റം ഉണ്ടാകുക എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോദ്ധ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. ഏറ്റവും മനോഹരമായ അയോദ്ധ്യ നഗരത്തെ ഒരു വര്‍ഷത്തിനുള്ളില്‍ കാണാനാകും.
🗞🏵 രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ ചാറ്റ്ജിപിടിയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പായ ജിപിടി 4- ന്റെ സേവനമാണ് കമ്പനി പ്രയോജനപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ എയർ ഇന്ത്യയുടെ സിഇഒ ആയ കാംബെൽ വിൽസണാണ് പങ്കുവെച്ചിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ ജിപിടി 4 അവതരിപ്പിച്ചത്. അതേസമയം, ജിപിടി 4- ന്റെ സേവനങ്ങൾ എപ്പോൾ പ്രയോജനപ്പെടുത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.
🗞🏵 5ജി സാങ്കേതികവിദ്യ രാജ്യത്തെ ജനങ്ങള്‍ പരിചയപ്പെട്ടു തുടങ്ങും മുമ്പേ 6ജിയ്ക്കായുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങി. 2029-ല്‍ ഇന്ത്യ 6ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് ഇന്ത്യ 5ജി വ്യാപനവുമായി മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനായ വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു. തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു.
🗞🏵 ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. ചിറക്കൽ സ്വദേശി അനസ് ആണ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ പിടിയിലായത്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി.
🗞🏵 കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ വെച്ച് അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് പീഡിപ്പിച്ചത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്തത് പോലെ പ്രതി പോയത് വിനോദയാത്രയ്ക്കായിരുന്നു. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
🗞🏵 ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
🗞🏵 ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍. ചില സോണുകളില്‍ പ്രാര്‍ത്ഥിക്കുകയോ, തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയോ, ജീവന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അപലപിക്കുകയാണെന്നും ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുവാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരിന്നുവെന്നും വെസ്റ്റ്‌മിന്‍സ്റ്റര്‍ സഹായ മെത്രാനും ധാര്‍മ്മിക വിഷയങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ പ്രതിനിധിയുമായ ജോണ്‍ ഷെറിംഗ്ടണ്‍ മാര്‍ച്ച് 15-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
🗞🏵 *സമീപകാലത്ത് ചേര്‍ന്ന ജര്‍മ്മന്‍ സിനഡല്‍ അസംബ്ലിയില്‍ കത്തോലിക്ക സഭാപ്രബോധനങ്ങളുടെയും മാര്‍പാപ്പയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സ്വവര്‍ഗ്ഗാനുരാഗികളുടെയും, വിവാഹമോചിതരുടെയും, പുനര്‍വിവാഹിതരുടെയും ബന്ധങ്ങള്‍ സഭാപരമായി ആശീര്‍വദിക്കണമെന്ന പ്രമേയത്തെ പിന്തുണച്ച ജര്‍മ്മന്‍ മെത്രാന്‍മാര്‍ക്കെതിരെ കടുത്തവിമര്‍ശനവുമായി ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളറും, അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കേയും. ഇക്കഴിഞ്ഞ മാര്‍ച്ച് 16-ന് ഇ.ഡബ്യു.ടി.എന്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു വിമര്‍ശനം.
🗞🏵 ഇന്തോനേഷ്യയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന ബോർണിയ ദ്വീപിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് മുസ്ലിം ഗ്രാമവാസികൾ തടയിട്ടതായി റിപ്പോർട്ട്. മുസ്ലിം തിടുങ് ഗോത്രവർഗ്ഗക്കാർ തിങ്ങിപാർക്കുന്ന സ്ഥലത്താണ് ദേവാലയം നിർമ്മിക്കാനായി മാവാർ ഷാരോൺ ക്രൈസ്തവ സമൂഹം മുന്നോട്ടുവന്നതെന്നും, ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരിന്നുവെന്നും കാലിമന്റൻ പ്രവിശ്യയിലെ സെലുമിത് ഗ്രാമത്തിലെ പ്രാദേശിക നേതാക്കൾ ആരോപിച്ചു.
🗞🏵 രാജ്യത്ത് ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റ് ശ്രമം നടത്തുന്നതിനിടയിൽ പ്രതിഷേധവുമായി പോർച്ചുഗലിലെ പ്രോലൈഫ് സമൂഹം നിരത്തിലിറങ്ങി. മാർച്ച് പതിനെട്ടാം തീയതി ജീവന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് ലിസ്ബൺ, പോർട്ടോ, ബ്രാഗ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലികളിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ് ആണ് പ്രതിഷേധ പ്രകടനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രോഗി പരിചരണത്തേക്കാൾ കൂടുതൽ ചർച്ചകൾ നടക്കുന്നത് ദയാവധത്തെപ്പറ്റിയാണെന്നും ഇത് അപലപനീയമാണെന്നും സംഘടന ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
🗞🏵 സൗധങ്ങൾക്കുള്ളിൽ അടഞ്ഞുകിടക്കുന്നതല്ല മറിച്ച്, യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന പാവങ്ങളെ കേൾക്കുന്ന ഒരു രാഷ്ട്രീയമാണ് നമുക്ക് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള “പ്രൊജേത്തൊ പോളികോറൊ” എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളടങ്ങിയ നൂറ്റമ്പതോളം പേരുടെ ഒരു സംഘത്തെ ഇക്കഴിഞ്ഞ ശനിയാഴ്‌ച (18/03/23) വത്തിക്കാനിൽ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇന്ന്, രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സൽപ്പേരില്ലെന്നും അഴിമതി, കാര്യക്ഷമതയില്ലായ്മ, ജനജീവിതത്തിൽ നിന്നുള്ള അകൽച്ച എന്നിങ്ങനെ പല കാരണങ്ങള്‍ ഉണ്ടെന്നും പാപ്പ പറഞ്ഞു.