2024 മാർച്ച് 31 തിങ്കൾ 1199 മീനം 17
വാർത്തകൾ
- പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടയിലെ ആൾമാറാട്ടം; വിദ്യാർഥിക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും
കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾ മാറാട്ടം നടത്തിയ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് എതിരെ പോലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും. കുട്ടി പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ ആണ് നടപടി. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
- സൺറൈസേഴ്സ് പവര്‍ ഹിറ്റര്‍മാർ നിരാശപ്പെടുത്തി, സ്റ്റാർക്കിന് 5 വിക്കറ്റ്
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്164 റൺസ് വിജയലക്ഷ്യം. സൺറൈസേഴ്സ് ഹൈദരാബാദ് 163 റൺസിന് ഓൾ ഔട്ടായി. മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്. കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. 74 റൺസ് എടുത്ത അനികേത് വർമ്മയാണ് ഹൈദരാബാദിന്റെ ടോപ് സ്കോർ. മറുപടി ബാറ്റിംഗ് ആരംഭിച്ച 3 ഓവറിൽ ഡൽഹി വിക്കറ്റ് നഷ്ടപ്പെടാതെ 26 റൺസ് എന്ന നിലയിലാണ്. ഫ്രേസർ മേക്ഗിർക്ക് 8(8) ടു പ്ലസ്സിസ് 14(8) റൺസെടുത്ത് ക്രീസിലുണ്ട്.
- ആശാ വർക്കേഴ്‌സിന്റെ നിരാഹാര സമരം
സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സിന്റെ നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 49-ാം ദിവസത്തിലേക്കും കടന്നു. നാളെ സമരത്തിന്റെ അടുത്ത ഘട്ടമായ മുടി മുറിച്ചുള്ള പ്രതിഷേധം നടക്കും. സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കൽ പ്രതിഷേധം. ഇത്രയും ദിവസമായിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കുന്നില്ല എന്നതിനാലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള ആശാ വർക്കേഴ്സിൻ്റെ തീരുമാനം.
- ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു
ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
- പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി പദവിയിൽ എത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ഹെഡ്ഗേവാറിൻ്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആർഎസ്എസ് സർ സംഘചാലക് മേധാവി മോഹൻ ഭാഗവതിന്റെ കണ്ടു. നാഗ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് സ്വീകരിച്ചു.
- കേരളത്തിന്റെ ടൂറിസം പദ്ധതികൾക്ക് കേന്ദ്രസഹായം
സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതികൾക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. മലമ്പുഴ ഗാർഡൻ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയിൽ ആഗോള കായൽ ടൂറിസം സെന്റർ സ്ഥാപിക്കും. സുദർശൻ 2.0 എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചത്.
- കത്തോലിക്കാ കോൺഗ്രസ് മയക്കുമരുന്ന് മുക്ത കേരളത്തിനായി ഒന്നിച്ചു
പാലാ: കത്തോലിക്കാ കോൺഗ്രസ് പാലാ ളാലം പഴയപള്ളി യൂണിറ്റ് 30/3/25 ഞായറാഴ്ച രാവിലെ മയക്കുമരുന്ന് മുക്ത കേരളത്തിനായി സമ്മേളിച്ചു. പ്രതിരോധ സദസ്സ് സിൽ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു., യുണിറ്റ് പ്രസിഡൻ്റ് രാജേഷ് പാറയിൽ മുഖ്യ പ്രഭാഷണം നടത്തി ,നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സെക്രട്ടറി ജോഷി വട്ടക്കുന്നേൽ, ഫാദർ ആൻറണി നങ്ങാപറമ്പിൽ ജോമോൻവേലിക്കകത്ത്, ബാബു ഇട്ടിൽവിര. ടോം തെക്കേൽ, സജീവ് കണ്ടത്തിൽ, ജോയി പുളിക്കൽ, തങ്കച്ചൻ കാപ്പിൽ, ടെൻസൺ വലിയ കാപ്പിൽ, ജയിംസ് ചെറുവള്ളി.മാർട്ടിൻ കരിങ്ങെറ.ബേബി ചക്കാല, മാണി കുന്നംകോട്ട്.തുടങ്ങിയവർ പ്രസംഗിച്ചു.
- ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി: ഒരു മരണം
ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ ഒരു മരണം. എട്ടു പേർക്ക് ഗുരുതര പരുക്ക്.അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ ഡിവിഷണൽ മാനേജർ ദത്താത്രയ ഭൗ സാഹെബ് ഷിൻഡെ അറിയിച്ചു. മൂന്ന് ട്രയിനുകൾ വഴി തിരിച്ച് വിട്ടു. കമാഖ്യ എക്സ്പ്രസ്സിന്റെ 11ബോഗികളാണ് പാളം തെറ്റിയത്. 11 എസി കോച്ചുകൾ ആണ് പാളം തെറ്റിയത്. യാത്രക്കാർ സുരക്ഷിതർ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സി പി ആർ ഒ അശോക് കുമാർ മിശ്ര അറിയിച്ചു. എൻഡിആർഎഫും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
- നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ തയ്യാറാകണം കർഷകയൂണിയൻ ( എം )
പാലാ : മലയോരമേഖലയെ നരകഭൂമിയാക്കുന്ന നിലവിലെ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് കേരള കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നാട്ടിലേക്ക് അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാത്ത ഭേദഗതിയാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്ന് യോഗം വ്യക്തമാക്കി.
- ലഹരിക്കെതിരെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം നടത്തപ്പെട്ടു
ലഹരി വിപത്തിനെതിരേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാർച്ച് 30ന് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ മാധ്യമ- വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു.