2026 മാർച്ച് 30 തിങ്കൾ 1199 മീനം 16
വാർത്തകൾ
👉📰 യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും കളത്തിൽ ഇറങ്ങും. ഏപ്രിൽ 2 ന് പ്രചാരണത്തിനായി പ്രിയങ്ക പാലക്കാട് എത്തും. കോട്ട മൈതാനത്തിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരിൽ ഒരാളായ പ്രിയങ്ക കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻതൂക്കം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
👉📰 മുഖ്യമന്ത്രി പണിറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും വെല്ലുവിളിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും സാധിക്കുമോ എന്ന് ജി സുധാകരൻ ചോദിച്ചു. കണ്ണൂരിൽ അഞ്ച് സീറ്റുകൾ സിപിഐഎം നേതാക്കൾക്ക് ജയിക്കാനായി സൃഷ്ടിച്ചുവെന്ന് അദേഹം പറഞ്ഞു.
👉📰 നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂർ ജില്ലയിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.
👉📰 എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നു. ഒന്ന് അഴിമതിക്കാർ, മറ്റൊന്ന് വർഗീയവാദികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിശ്വാസം ബിജെപിയോടും എൻഡിഎയോടുമാണ്. കേരളത്തിൽ എൻഡിഎ-ബിജെപി സർക്കാർ വികസന കേരളം സൃഷ്ടിക്കുമെന്നും ഇത് മോദി ഗ്യാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
👉📰 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി മുൻ ഡിജിപിയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖ. പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. പൊലീസിനെ കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യിപ്പിക്കുന്നത് കണ്ടതും ആ സമയത്താണെന്നും ആർ ശ്രീലേഖ പറഞ്ഞു. പ്രമുഖ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പരാമർശം.
👉📰 പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണത്തിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി.ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ മണ്ണെണ്ണ വിതരണം ചെയ്യും.പൊതുമേഖലാ എണ്ണ കമ്പനികൾ നടത്തുന്ന പെട്രോൾ പമ്പുകൾക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നൽകി.പെട്രോൾ പമ്പ് വഴി മണ്ണെണ്ണ വിതരണം ചെയ്യും. രണ്ടു മാസത്തേക്കാണ് ചട്ടങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
👉📰 ടിവികെ അധ്യക്ഷൻ വിജയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നൽകി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ന് 12 മണിയ്ക്ക് ചെന്നൈ പെരമ്പൂരിൽ വിജയ് നാമനിർദേശ പത്രിക നൽകും. രണ്ട് മുതൽ നാല് വരെയാണ് പെരമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം. അഞ്ചു മുതൽ ആറ് വരെ കൊളത്തൂർ മണ്ഡലത്തിൽ പ്രചാരണം നടത്തും. ആറ് മുതൽ ഏഴ് മണി വരെ വില്ലാവാക്കത്തും പ്രചാരണം നടത്തും.
👉📰 നിതീഷ് കുമാർ ബിഹാറിലെ MLC സ്ഥാനം നാളെ രാജി വയ്ക്കും. ജെഡിയു എംഎൽഎ അനന്ത് കുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനവും നിതീഷ് കുമാർ ഉടൻ രാജി വെക്കുമെന്ന് സൂചന. ജെഡിയു നേതാക്കളായ അനന്ത് കുമാർ, സഞ്ജയ് കുമാർ ഝാ, ലല്ലൻ സിങ്, വിജയ് കുമാർ ചൗധരി എന്നിവർ നിതീഷ് കുമാറുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജിക്കാര്യം അനന്ത് കുമാർ അറിയിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യമാണ് ചർച്ചയായത് എന്ന് ജെഡിയു നേതാക്കൾ വ്യക്തമാക്കി.
👉📰 എസ്ഡിപിഐ വോട്ട് തള്ളാതെ നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അവസരത്തിൽ എല്ലാ ജനങ്ങളോടുമാണ് വോട്ട് അഭ്യർഥിക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ എല്ലാവരുടേയും വോട്ട് ചോദിക്കാം. ഇന്നയാൾ വോട്ട് ചെയ്താൽ മതിയെന്ന് പറയാനാകില്ലെന്നും ഭരണഘടനയിലും അങ്ങനെ പറയുന്നില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.















