🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 27,2023 തിങ്കൾ 1198 മീനം 13
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
വാർത്തകൾ
🗞🏵 മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
🗞🏵 കൊച്ചിയിലെ വി പി എസ് ലേക്ഷോര് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന നടൻ ഇന്നസെന്റിന്റെ മരണ വാർത്ത സ്ഥിരീകരിച്ചത് മന്ത്രി പി രാജീവാണ്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. 75 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം.
🗞🏵 അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ഇരിങ്ങാലക്കുടയിൽ. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദർശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും.
🗞🏵 അരിക്കൊമ്പൻ കാട്ടാന വീണ്ടും പെരിയ കനാൽ എസ്റ്റേറ്റിലിറങ്ങി. ആനയിറങ്കൽ അണക്കെട്ട് ഭാഗത്തേക്കാണ് ആന പോയത്. കഴിഞ്ഞ ദിവസം പെരിയകനാലില്‍ അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തിനു റോഡിലേക്കിറങ്ങിയ അരിക്കൊമ്പന് നാലു പേർ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിച്ചിരുന്നു.
🗞🏵 തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടു പേർ ഇന്നലെ മരിച്ചു. ചെങ്കൽപ്പെട്ട് ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
🗞🏵 മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്ന വ്യവസ്ഥകളൊന്നും ഭരണഘടനയിൽ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ചട്ടങ്ങളൊന്നും നിലവിലില്ലെങ്കിലും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി കോൺഗ്രസ് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിച്ചെന്നും ഷാ പറഞ്ഞു. കർണാടകയിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തിന് മുൻ സർക്കാർ അനുവദിച്ച നാല് ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞ നടപടിയെയും ഷാ ന്യായീകരിച്ചു.
🗞🏵 കുമരകത്ത് ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചു. ജി-20 ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. മാർച്ച് 29 മുതല്‍ ഏപ്രില്‍ 10 വരെയാണ് നിരോധനം. ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് കുമരകവും പരിസരവും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് ഡ്രോണ്‍ റൂള്‍സ് 2021 പ്രകാരം കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചത്.
🗞🏵 ടുണിഷ്യയിലെ മാദിയ തീരത്തിന് സമീപം രണ്ട് അഭയാർഥി ബോട്ടുകൾ മുങ്ങി 29 പേർ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയിൽ നിന്നും മെഡിറ്റനേറിയൻ കടൽ കടന്ന് ഇറ്റലിയിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ടുണിഷ്യൻ അധികൃതർ ബോട്ടുകൾ കണ്ടെത്തിയത്. ഒരു ബോട്ടിൽ നിന്ന് 19 മൃതദേഹങ്ങളും മറ്റൊന്നിൽ നിന്ന് 10 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.
🗞🏵 മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ. അവനവന്റെ വീടുകളിലെ മാലിന്യം ചെറിയ ചെലവിൽ സംസ്കരിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിതകർമ്മസേന ഇക്കാര്യത്തിൽ വലിയ സേവനമാണ് നടത്തുന്നത്. മാലിന്യം ജലസ്രോതസുകളിൽ നിക്ഷേപിക്കുന്ന സംസ്കാരം അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
🗞🏵 ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റിന് പുറമെ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്ത് പുക വ്യാപിക്കുന്നതിനെ തുടർന്ന് പരിസരവാസികള്‍
ആശങ്കയിലാണ്.കഴിഞ്ഞ തീപിടിത്തത്തിന് ഏറ്റവും അവസാനം തീയണച്ച സെക്ടര്‍ ഏഴിലാണ് ഇപ്പോൾ തീ പടര്‍ന്നത്
🗞🏵 കേരളത്തെ ചില്ലുകൊട്ടാരം എന്ന് വിശേഷിപ്പിച്ച് മെട്രോ മാന്‍ ഇ.ശ്രീധരന്. പുറത്തുനിന്ന് നോക്കുമ്പോള്‍ കേരളം മനോഹരവും തിളക്കമുള്ളതുമാണെന്നും അകത്ത് ഒന്നുമില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. സാമൂഹിക സൂചികകളുടെ അടിസ്ഥാനത്തില്‍ കേരളം വളരെ പുരോഗമിച്ച സംസ്ഥാനമാണെന്നാണ് തോന്നുക. പശ്ചിമേഷ്യയില്‍ നിന്ന് ഒഴുകുന്ന പണം കൊണ്ട് മാത്രമാണ് കേരളം മുന്നേറുന്നത് – മെട്രോ മാന്‍ പറഞ്ഞു.
🗞🏵 മലയാളികളെ ആകമാനം കരയിപ്പിച്ച കായംകുളത്ത് ലോഡ്ജിൽ ആത്മഹത്യ ചെയ്ത ന്യൂസിലാന്റ് പ്രവാസി ബൈജു രാജുവിന്റെ ശവ സംസ്ക്കാരം കഴിഞ്ഞു. മെൻസ് റൈറ്റ്സ് ഫൗണ്ടേഷനാണ് ശവസംസ്കാര ചടങ്ങിന്റെ ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്.
🗞🏵 ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടായതില്‍ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. അത് മുന്നില്‍ക്കണ്ട് തീ കെടുത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായും എംബി രാജേഷ് കൂട്ടിച്ചേർത്തു.
🗞🏵 കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ട് ദേശീയ ഗ്രീൻ ട്രൈബൂണൽ. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാന്‍ ഗ്രീൻ ട്രൈബൂണൽ സർക്കാരിനോട് നിർദേശിച്ചു. ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാന്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ 10 കോടി രൂപ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കുകയും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
🗞🏵 യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സ്ഥാപനമായ വൺ വെബ്ബിന് വേണ്ടിയുള്ള ഐഎസ്ആർഒ രണ്ടാം ഘട്ട വിക്ഷേപണം വിജയം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം-3 ഉപയഗോയിച്ച് 36 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നാണിത്
🗞🏵 സുപ്രിം കോടതിക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഏപ്രില്‍ 24 വരെ കര്‍ശന നടപടികളൊന്നും ഉണ്ടാവരുതെന്ന് ഹൈക്കോടതി യു.പി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
🗞🏵 രാജ്യത്തിന് തന്നെ അഭിമാനമായി വിവിധ മേഖലകളില്‍ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് ‘മന് കീ ബാത്തില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖാ യാദവ്, വ്യോമസേനയില്‍ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്റെ മേധാവിസ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസര്‍ ഷാലിസ ധാമി തുടങ്ങിയവരുടെ നേട്ടങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.
🗞🏵 രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയെന്നാണ് രാഹുലിന്റെ അയോഗ്യതയോട് യെച്ചൂരിയുടെ പ്രതികരണം.2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
🗞🏵 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാദ്ധ്യമപ്രവര്‍ത്തകനെ അപമാനിച്ചതായി പരാതി. രാഹുല്‍ ശനിയാഴ്ച പാര്‍ട്ടി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍വെച്ച് ഒരു മാദ്ധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചതിന് മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ് ആവശ്യപ്പെട്ടു. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ കുറിച്ചും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ചും ചോദിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട രാഹുല്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ ആഞ്ഞടിക്കുകയായിരുന്നു
🗞🏵 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം ഉദ്ഘാടനത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ഇപ്പോള്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ഭാരത് എക്സ്പ്രസ് ഉള്‍പ്പെടെയുള്ളവ ചെനാബ് പാലത്തിലൂടെ ഓടിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ചെനാബ് നദിയ്ക്ക് മുകളിലൂടെ നിര്‍മ്മിച്ച പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്, വന്ദേ ഭാരത് മെട്രോ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം.
🗞🏵 ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പൊലീസ് പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ (21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
🗞🏵 കഞ്ചാവ് കടത്തിയ കേസിൽ ആലപ്പുഴ സ്വദേശികൾക്ക് നാലു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജംഗ്ഷൻ വെള്ളി വീട്ടിൽ തസ്ലിക്(26), വടുതല വഞ്ചിപ്പുരയ്ക്കൽ നിധിൻ(25) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൊടുപുഴ എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ആണ് ശിക്ഷി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
🗞🏵 കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി സൈഫുള്ളയെന്ന യാത്രക്കാരനിൽ നിന്നും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 52.5 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
🗞🏵 കൈക്കൂലി കേസിൽ കുടുങ്ങിയ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന വിജിലൻസ് ഡിവൈഎസ്പി പി. വേലായുധാൻ നായരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സ്പെഷൽ സെൽ ഡിവൈഎസ്പിയാണ് വേലായുധാൻ നായർ.
🗞🏵 തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കൊച്ചി കമ്മീഷണര്‍ക്ക് കമ്മീഷന്റെ നിര്‍ദേശം. ഹില്‍പാലസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇരുമ്പനം സ്വദേശി മനോഹരന് മരിച്ചത്. മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ഹില്‍ പാലസ് സ്റ്റേഷനില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
🗞🏵 കത്തോലിക്ക സഭയിലെ സൈബര്‍ അപ്പസ്തോലന് എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനോടുള്ള ആദരവിനായി വിര്‍ച്വല്‍ റിയാലിറ്റി (വിആര്‍) സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗെയിമിന്റെ ട്രെയിലര്‍ പുറത്ത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗെയിമിന്റെ നിര്‍മ്മാതാക്കള്‍ ‘ഫെയിത്ത് ഗെയിംസ് ഐഎന്‍സി’ ആണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. “അക്യൂട്ടിസ് ഗെയിംTM” എന്ന പുതിയ ഗെയിം ആദ്യ കത്തോലിക്ക മെറ്റാവേഴ്സ് ഗെയിം ആണെന്നാണ് ഫെയിത്ത് ഗെയിംസ് അവകാശപ്പെടുന്നത്. ബൈബിള്‍ സംഭവക്കഥകള്‍, വിശുദ്ധരുമായുള്ള കൂടിക്കാഴ്ചകള്‍, തുടങ്ങിയവ ഉള്‍പ്പെടുന്ന കത്തോലിക്ക ചരിത്രത്തിലേക്കാണ് ഈ ഗെയിം ഉപയോക്താക്കളെ കൊണ്ടു പോകുന്നത്.
🗞🏵 കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ 125-മത് വാര്‍ഷികം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍ ക്രൈസ്തവ സമൂഹം. 1898-ലാണ് ബുറുണ്ടിയിലെ മുയാഗയില്‍ ഒരു മിഷ്ണറി ഭവനം സ്ഥാപിക്കപ്പെടുന്നത്. മുയാഗയില്‍ ആരംഭിച്ച് ഗിടേഗയിലൂടെ ബുറുണ്ടിയില്‍ കത്തോലിക്ക വിശ്വാസം വ്യാപിക്കുകയായിരിന്നു. ഇന്ന് ഏതാണ്ട് 40 ലക്ഷത്തോളം ക്രിസ്ത്യാനികളാണ് ബുറുണ്ടിയില്‍ ഉള്ളത്. 8 രൂപതകളും, മുന്നൂറോളം ഇടവകകളുമായി കത്തോലിക്ക സഭ സേവനം തുടരുകയാണ്.