2024 മാർച്ച് 10 തിങ്കൾ 1199 മകരം 26
വാർത്തകൾ
- തിന്‍മയെ ആസ്വദിക്കുന്ന പൊതുസമൂഹമായി മാറി കേരളം – ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
തിന്‍മയെ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നാടായി മാറി നമ്മുടെ പൊതുസമൂഹമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ് സമ്മേളന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്. തിന്‍മകളുടെ പ്രചരണത്തിന് സിനിമയും ചില പ്രചരണ മാധ്യമങ്ങളും മുന്‍ഗണന കൊടുക്കുമ്പോള്‍ അത് നമ്മുടെ തലമുറ നന്‍മയാണെന്ന് കരുതി സ്വീകരിക്കുമ്പോള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്. തിന്‍മകള്‍ക്ക് നമ്മുടെ പ്രചരണ മാധ്യമങ്ങള്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കരുത്. ലഹരി വിപത്തിനെതിരെ കണ്ണടയ്ക്കരുത്. ഒറ്റക്കെട്ടായി ജനസമൂഹവും ജനപ്രതിനിധികളും കൂട്ടായി യത്‌നിക്കേണ്ട കാലഘട്ടമാണിതെന്നും ബിഷപ് സൂചിപ്പിച്ചു.
- കോട്ടയം രാജ്യാന്തര ചലചിത്ര മേളയുടെ ഉദ്ഘാടനം 14 ന്. ആദ്യ ചിത്രം അനോറ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള” ഈ മാസം 14മുതൽ 18വരെ കോട്ടയം അനശ്വര തിയേറ്ററിൽ. ഓസ്‌കാറിൽ 5 അവാർഡുകൾ നേടിയ “അനോറ” യും 29മത് ഐ എഫ് എഫ് കെ യിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25ചിത്രങ്ങൾ ആണ് ഈ മേളയിൽ പ്രദർശിപ്പിക്കുന്നത്.
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; 35 കേസുകള്‍ അവസാനിപ്പിക്കാന്‍ പൊലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ ക്ലൈമാക്‌സിലേക്ക്. ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത 35 കേസുകള്‍ അവസാനിപ്പിക്കും. മൊഴി നല്‍കിയ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് നീക്കം. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നത്. പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിരുന്നു.
- ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസുകളിൽ ജാഗരൻ യാത്രയുമായി KSU
ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്യാമ്പസ് ജാഗരൻ യാത്രയുമായി KSU. KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ മാർച്ച് 11ന് കാസർഗോഡ് നിന്ന് തുടക്കമാകും. ദേശീയ പ്രസിഡൻ്റ് വരുൺ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും.
- ഇത്തവണയും ഓസ്കർ വേദിയിൽ മലയാള സാന്നിധ്യം
ഓസ്കർ റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച ഇന്ത്യയിൽ നിന്നുള്ള താരം അനന്യ ശാൻഭാഗിന് വസ്ത്രമൊരുക്കിയ പൂർണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള സാന്നിധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
- ഷഹബാസ് കൊലപാതകത്തിൽ കസ്റ്റഡിയിൽ ഉള്ളവർക്ക് ഊമക്കത്ത് വന്ന സംഭവത്തിൽ അന്വേഷണം
താമരശ്ശേരിയിൽ പത്താം ക്ലാസ്സുകാരനായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികളായ വിദ്യാർഥികൾക്ക് എതിരെ ഊമക്കത്ത്. സംഭവത്തിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള വിദ്യാർഥികളെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തി താമരശ്ശേരി കോരങ്ങാട് GVHSS പ്രധാന അധ്യാപകനായിരുന്നു ഊമക്കത്ത് ലഭിച്ചത്. വിദ്യാർഥികൾക്ക് ഏതാനും പരീക്ഷകൾ മാത്രമേ എഴുതാൻ കഴിയൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അപായപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.
- കാസര്‍ഗോഡ് നിന്ന് 26 ദിവസം മുന്‍പ് കാണാതായ പതിനഞ്ചുകാരിയും അയല്‍വാസിയും മരിച്ച നിലയില്‍
കാസര്‍ഗോഡ് പൈവെളിഗെയില്‍ നിന്ന് കാണാതായ 15 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടേയും അയല്‍വാസിയായ പ്രദീപിന്റേയും മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കാട്ടില്‍ നിന്ന് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കുട്ടിയുടേയും പ്രദീപിന്റേയും മൊബൈല്‍ ഫോണുകളും ഒരു കത്തിയും പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ക്ക് ഏറെ ദിവസങ്ങളുടെ പഴക്കമുണ്ട്. ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
- ഈരാറ്റുപേട്ട സ്ഫോടക വസ്തു ശേഖരം പിടികൂടി
ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സ്ഫോടക വസ്തുക്കളുമായി കട്ടപ്പനയിൽ നിന്ന് പിടികൂടിയ ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്. കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കോട്ടയം തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ ആണ് പിടിയിലായത്. കഴിഞ്ഞദിവസം പിടിയിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിക്ക് സ്പോടക വസ്‌തുക്കൾ നൽകിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു.
- കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം
എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
- സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റിയത് ശിക്ഷ നടപടി അല്ല; സൂസൻ കോടി
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ പുറത്താക്കിയതല്ല താത്കാലികമായി മാറ്റി നിർത്തുന്നുവെന്നാണ് പാർട്ടി നേതൃത്വം പറഞ്ഞിട്ടുള്ളതെന്ന് സൂസൻ കോടി. കരുനാഗപ്പള്ളിയിൽ ചില വിഷയങ്ങൾ ഉള്ളതിനാൽ അവിടെ നിന്നുള്ള ആരെയും ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തിയിരുന്നില്ല. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഇപ്പോഴും തുടരുന്ന വ്യക്തിയാണ് താൻ സംസ്ഥാന സമിതി തന്നെ അഖിലേന്ത്യ പ്രസിഡന്റും ആക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ഒരു താത്കാലികമായ നടപടി ആയി തന്നെ കണ്ടാൽ മതിയെന്ന് സൂസൻ കോടി വ്യക്തമാക്കി.
- പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് മന്ത്രി കെ രാജന്‍
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതി നടത്തിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
- മുംബൈയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. മരിച്ചവരിൽ 4 പേരും കരാർ തൊഴിലാളികളാണ്. ഹസിപാൽ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയുള്ള ഷെയ്ഖ് (36), ഇമാണ്ടു ഷെയ്ഖ് (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
- എറണാകുളം ജനറൽ ആശുപത്രിയിൽ സുരക്ഷാവീഴ്ച; ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് ജനൽപാളി അടർന്ന് വീണു
എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളി തകർന്നത്. എട്ട് രോഗികളായിരുന്നു സംഭവ സമയത്ത് വാർഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോൺക്രീറ്റ് കഷ്ണങ്ങൾ പതിച്ചത്.
- ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല; ആരോപണവുമായി കുടുംബം
കയര്‍ ബോര്‍ഡ് ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കുടുംബം. എംഎസ്എംഇ മന്ത്രാലയത്തിന്റെ അന്വേഷണം തെറ്റായ ദിശയിലാണ്. കയര്‍ ബോര്‍ഡ് ഓഫിസില്‍ വിളിച്ച് വരുത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ല. ആരെ സംരക്ഷിക്കാനാണ് കയര്‍ ബോര്‍ഡ് നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ജോളി മധുവിന്റെ സഹോദരന്‍ എബ്രഹാം പറഞ്ഞു.
- കണക്ക് തീര്‍ത്ത് കപ്പടിച്ചു, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. അപരാജിതരായി ഇന്ത്യ കിരീടത്തിലേത്ത്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീടനേട്ടമാണിത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.