2025 മാർച്ച് 05 വ്യാഴം 1199 കുംഭം 22
വാർത്തകൾ
🗞️👉 ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സെനറ്റിൽ ഡോൺൾഡ് ട്രംപിന് പിന്തുണ. സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി.47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. യുഎസ് കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നത് തടയാനായിരുന്നു ഈ പ്രമേയം ലക്ഷ്യമിട്ടത്.
🗞️👉 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന് യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐആര്‍ഐഎസ് ദേനയില്‍ 180 പേര് ഉണ്ടായിരുന്നുവെന്നും ശ്രീലങ്ക അറിയിച്ചു.
🗞️👉 ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ജയിൽ മോചിതനായി. 105 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പത്മകുമാർ പുറത്തിറങ്ങുന്നത്. ദ്വാരപാലക ശിൽപപാളി കേസിൽ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാർ ജയിൽമോചിതനായത്.
🗞️👉 ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും മത്സരിക്കും. തലശ്ശേരിയിൽ കാരായി രാജനെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
🗞️👉 അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മാര്‍ച്ച് പത്ത് വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ മുഴുവന്‍ റീഫണ്ട് നല്‍കും. സൗജന്യമായി റീ ഷെഡ്യൂള്‍ ചെയ്യാനും സൗകര്യം. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ് സെക്ടറുകളിലേക്ക് ഉള്ള ടിക്കറ്റുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ആയിരിക്കും ഇളവ് ബാധകമാക്കുക.
🗞️👉 കോഴിക്കോട് താമരശ്ശേരി ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവത്തിനിടെ തർക്കം. സംഭവത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കാവിലെ ഉത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് കൈവിട്ടുപോയത്. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമണം നടത്തുകയായിരുന്നു. കാവിലെ ശൂലവും കോമരത്തിന്റെ വാളും ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേർക്ക് വയറിന് മുറിവേറ്റു, ഒരാളുടെ തലയിലാണ് മുറിവേറ്റത്. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു.
🗞️👉 തകര്‍പ്പന്‍ ജയത്തോടെ ന്യൂസീലന്‍ഡ് ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍. ഒന്‍പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന് അലനാണ് കിവീസിന്റെ ഫൈനല്‍ പ്രവേശം അനായാസമാക്കിയത്.
🗞️👉 മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒ.പി, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കും. ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായെന്ന് കെജിഎംസിടിഎ അറിയിച്ചു.
🗞️👉 പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാതലത്തിൽ പ്രതിസന്ധിയിലായി കയറ്റുമതി മേഖല. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചതോടെ കമ്പനികൾ കാർഗോ ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്.
കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി നടക്കുന്നുണ്ട്. എന്നാൽ സംഘർഷത്തിന് മുമ്പ് കപ്പൽ മാർഗം പോയ കണ്ടെയ്നറുകൾ പോലും മറുകരയിൽ എത്തിയിട്ടില്ല. ഏഴ് കണ്ടയ്നറുകളിലായി കെഎൻപി എക്സ്പോർട്ടേഴ്സിന്റെ 200 ടൺ പച്ചക്കറി ഉത്പാന്നങ്ങളാണ് കുടുങ്ങി കിടക്കുന്നത്. കയറ്റുമതിക്കായി ഒരുക്കിയ 30,000 കിലോഗ്രാം പഴവർഗങ്ങൾ പിൻവലിക്കേണ്ടിയും വന്നു.
🗞️👉 ഇറാനിലേക്ക് ഇതുവരെ വിക്ഷേപിച്ചത് 5000 ത്തിലധികം മിസൈലുകളും ഡ്രോണുകളുമെന്ന് ഇസ്രയേൽ വ്യോമസേനയുടെ സ്ഥിരീകരണം. ഇറാനിലുടനീളം ആക്രമണം തുടരുകയാണ് ഇസ്രയേൽ. മധ്യപൂർവ്വേഷ്യയിലേക്ക് മധ്യസ്ഥതയ്ക്കായി പ്രത്യേക ദൂതനെ അയക്കുമെന്ന് ചൈന വ്യക്തമാക്കി.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.













